ജനങ്ങളെ പേടിച്ച് നാടുവിട്ട പ്രസിഡന്റ്; 7 ആഴ്ച പ്രവാസ ജീവിതം, രാജപക്‌സ ശ്രീലങ്കയില്‍ തിരിച്ചെത്തി
കൊളംബോ: സര്‍ക്കാര്‍ വിരുദ്ധ സമരം ശക്തമായ വേളയില്‍ രാജ്യം വിട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സ കൊളംബോയില്‍ തിരിച്ചെത്തി. ഏഴ് ആഴ്ചകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. മന്ത്രിമാരും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രാജപക്‌സയുടെ നയങ്ങളാണ് ശ്രീലങ്കയെ തകര്‍ത്തതെന്ന് വിമര്‍ശകര്‍ പറയുന്ന വേളയില്‍ തന്നെയാണ് തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നല്‍കിയിരിക്കുന്നത്. രാജപക്‌സയുടെ സ്വാധീനം ഇപ്പോഴും ശ്രീലങ്കയിലുണ്ടെന്ന് ഇക്കാര്യം വ്യക്തമാക്കുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്ക. ലോകരാജ്യങ്ങളുടെ സഹായത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഇതിനെല്ലാം ഉത്തരവാദി ഭരണകര്‍ത്താക്കളാണ് എന്ന് ആരോപിച്ചാണ് ജനങ്ങള്‍ ഇളകിയത്. പ്രതിപക്ഷം സമരത്തിന് ആവേശം പകരുകയും ചെയ്തു. ജൂലൈ പകുതിയില്‍ സമരം ശക്തിപ്പെടുകയും പ്രസിഡന്റിന്റെ കൊട്ടാരം ജനങ്ങള്‍ കൈയ്യേറുകയും ചെയ്തു. ഈ വേളയിലാണ് പ്രസിഡന്റ് രാജപക്‌സ സൈന്യത്തിന്റെ സഹായത്തോടെ രാജ്യം വിട്ടത്.
ആദ്യം മാലദ്വീപിലേക്ക് കടന്ന അദ്ദേഹം പിന്നീട് സിംഗപ്പൂര്‍ വഴി തായ്‌ലാന്റിലേക്ക് കടന്നു. സിംഗപ്പൂരില്‍ വച്ചാണ് പ്രസിഡന്റ് പദവി രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. തിരിച്ചുവരുന്നതിന് ആഗ്രമുണ്ടെന്ന് അറിയിച്ച രാജപക്‌സ പുതിയ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങള്‍ തായ്‌ലാന്റ് തലസ്ഥാനമായ ബാങ്കോക്കിലായിരുന്നു രാജപക്‌സ. അദ്ദേഹം സൗദി അറേബ്യയിലേക്ക് പോകുമെന്നും ഇതിനിടെ വാര്‍ത്തകള്‍ വന്നിരുന്നു.
സിംഗപ്പൂരില്‍ തങ്ങാനായിരുന്നു രാജപക്‌സയുടെ മറ്റൊരു പദ്ധതി. ഹൃസ്വകാല വിസയ്ക്ക് അപേക്ഷിക്കാന്‍ ആലോചിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ വിസ അനുവദിച്ചില്ല. തുടര്‍ന്നാണ് തായ്‌ലാന്റിലേക്ക് കടന്നത്. തായ്‌ലാന്റിലെ ബാങ്കോക്കില്‍ ഹോട്ടലില്‍ കഴിയുകയായിരുന്നു പിന്നീട്. ഹോട്ടലിന് പുറത്തിറങ്ങരുതെന്ന് തായ് ഭരണകൂടം അദ്ദേഹത്തിന് പ്രത്യേക നിര്‍ദേശം നല്‍കി. സുരക്ഷ കണക്കിലെടുത്താണ് ഈ നിര്‍ദേശം നല്‍കിയതെന്ന് തായ് ഭരണകൂടം വിശദീകരിച്ചിരുന്നു.
ശ്രീലങ്കയില്‍ തിരിച്ചെത്തിയ രാജപക്‌സെക്ക് പ്രത്യേക സുരക്ഷ ഒരുക്കിയിരിക്കുകയാണ് സര്‍ക്കാര്‍. സുരക്ഷയ്ക്ക് വേണ്ടി സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചു. ഇതില്‍ സൈനികരും പോലീസുകാരും ഉള്‍പ്പെടും. ഒരുകാലത്ത് ശ്രീലങ്കന്‍ രാഷ്ട്രീയം അടക്കി വാണിരുന്നവരാണ് രാജപക്‌സ കുടുംബം. അവരെ സംരക്ഷിക്കാനാണ് പുതിയ സര്‍ക്കാരിന്റെയും ശ്രമം എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
അതേസമയം, രാജപക്‌സയെ അറസ്റ്റ് ചെയ്യണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണെന്നും വിചാരണ നേരിടണമെന്നും അവര്‍ പറയുന്നു. ആഭ്യന്തര യുദ്ധകാലത്ത് തമിഴ് വംശജരമായ തടവുകാരെ പീഡിപ്പിച്ചു, ലസന്ത വിക്രമതുംഗെ എന്ന എഡിറ്റര്‍ കൊല്ലപ്പെട്ട കേസ് എന്നിവയിലെല്ലാം ആരോപണവിധേയനാണ് രാജപക്‌സ.












Click it and Unblock the Notifications