ശ്രീലങ്ക തകരുന്നു; പ്രക്ഷോഭകര്‍ വളഞ്ഞതോടെ പ്രസിഡന്റ് ആംബുലന്‍സില്‍ രക്ഷപ്പെട്ടു
കൊളംബോ: ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയില്‍ അവശ്യ വസ്തുക്കള്‍ക്കെല്ലാം തീവിലയാണ്. ഇന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ കൂറ്റന്‍ റാലി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പ്രസിഡന്റ് ഗോതാബായ രാജപക്‌സെ വീട് വിട്ട് രക്ഷപ്പെട്ടത്. പ്രക്ഷോഭകര്‍ വീട് വളഞ്ഞതോടെ ആംബുലന്‍സില്‍ പ്രസിഡന്റ് രക്ഷപ്പെടുകയായിരുന്നുവെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പട്ടാളക്കാരുടെ അകമ്പടിയോടെ അതിവേഗം പ്രസിഡന്റ് കൊട്ടാരം വിട്ടുപോകുകയായിരുന്നുവത്രെ. സമരക്കാര്‍ കൊട്ടാരത്തിലേക്ക് ഇരച്ചുകയറുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ പട്ടാളത്തെ വിന്യസിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭകര്‍ സമരം ചെയ്യുന്നത്. പ്രക്ഷോഭകരെ നേരിടാന്‍ പട്ടാളം നിരവധി തവണ ആകാശത്തേക്ക് വെടിവച്ചു. അതേസമയം, ബാരിക്കേഡുകള്‍ മറികടന്ന് സമരക്കാര്‍ ഒരുവേള പ്രസിഡന്റിന്റെ വസതിയിലേക്ക് കടന്നുവെന്ന് പ്രാദേശിക മാധ്യമമായ സിരസ ടിവി റിപ്പോര്‍ട്ട് ചെയ്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്ക. ഭക്ഷ്യവസ്തുക്കള്‍ കിട്ടാകനിയായിരിക്കുന്നു. ഇന്ധനം ലഭ്യമല്ല. പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. എല്ലാ വസ്തുക്കള്‍ക്കും തീവിലയാണ്. ഇന്ധനമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഗതാഗത സര്‍വീസുകള്‍ ഏകദേശം നിലച്ച മട്ടാണ്. പല രാജ്യങ്ങളുടെയും സഹായത്തോടെയായിരുന്നു ശ്രീലങ്ക മുന്നോട്ട് പോയിരുന്നത്. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമെല്ലാം സാമ്പത്തിക-മാനുഷിക സഹായം ശ്രീലങ്കയില്‍ എത്തിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണ് സമരക്കാര്‍ പറയുന്നത്. അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണ് രാജ്യത്തെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ശനിയാഴ്ച വന്‍ റാലി സമരക്കാര്‍ പദ്ധതിയിട്ടിരുന്നു. ഇത് നേരിടാന്‍ വെള്ളിയാഴ്ച പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇതിനെതിരെ പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നതോടെ കര്‍ഫ്യൂ പിന്‍വലിച്ചു. ഇതോടെ ആയിരങ്ങളാണ് ഇന്ന് കൊളംബോയിലേക്ക് സമരത്തിന് എത്തിയത്. സമരക്കാര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതെല്ലാം അവഗണിച്ചാണ് ഇന്ന് റാലി നടന്നതും പ്രസിഡന്റ് കൊട്ടാരം വിട്ട് രക്ഷപ്പെട്ടതും.












Click it and Unblock the Notifications