പ്രതിഷേധം ആളിക്കത്തി; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു, ഉത്തരവിറക്കി പ്രസിഡന്റ്
കൊളംബോ: ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിച്ച് ശ്രീലങ്ക. പ്രസിഡന്റ് ഗോതബായ രജപക്‌സെ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കി. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് പ്രസിഡന്റ് ഗോതബായ രജപക്‌സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഭരണകൂടത്തിനെതിരെ ജനങ്ങള്‍ തെരുവിലങ്ങിയതോടെ, പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിന് വേണ്ടിയാണ് ശ്രീലങ്ക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

പ്രതിഷേധം ശക്തമായതോടെ മന്ത്രിമാര്‍ കൂട്ടത്തോടെ രാജിവച്ചിരുന്നു, ഇത് പ്രസിഡന്റ് ഗോതബയ രാജപക്സെയെയും അദ്ദേഹത്തിന്റെ സഹോദരന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയെയും ആശങ്കയിലാക്കിയിരുന്നു. കൂടാതെ ഇന്ന് പാര്‍ലമെന്റില്‍ ഭരണകക്ഷിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ, പൗരന്മാരുടെ തുടര്‍ച്ചയായ പ്രതിഷേധത്തെ തുടര്‍ന്ന് രാഷ്ട്രപതി അടിയന്തര ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിച്ചുള്ള ഉത്തരവ് 2022 ഏപ്രില്‍ 5 അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി പാര്‍ലമെന്റ് വീണ്ടും ചേര്‍ന്നപ്പോള്‍, 41 സഭാംഗങ്ങള്‍ സഖ്യത്തില്‍ നിന്ന് ഇറങ്ങിപ്പോയപ്പോയിരുന്നു. ഇതോടെ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ സഖ്യ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. കൂടാതെ വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് എല്ലാ കാബിനറ്റ് മന്ത്രിമാരും രാജിവച്ചതിനെത്തുടര്‍ന്ന് ഐക്യ സര്‍ക്കാരില്‍ ചേരാനുള്ള പ്രസിഡന്റ് രാജപക്സെയുടെ ക്ഷണം തിങ്കളാഴ്ച ശ്രീലങ്കയിലെ പ്രതിപക്ഷം നിരസിച്ചിരുന്നു.

ശ്രീലങ്കയില്‍ പുതുതായി നിയമിതനായ ധനമന്ത്രി അലി സബ്രി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷം ഇന്നലെ രാജിവെച്ചിരുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയ്ക്കെതിരായ ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ കാബിനറ്റും രാജിവയ്ക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രസിഡന്റിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത നാല് പുതിയ മന്ത്രിമാരില്‍ സാബ്രിയും ഉള്‍പ്പെട്ടിരുന്നു.

പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നതിനാല്‍, ഒരു കൂട്ടം ഭരണകക്ഷി അംഗങ്ങള്‍ ഒരു ഇടക്കാല സര്‍ക്കാരിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷം നിയമസഭാംഗങ്ങളുടെയും പിന്തുണയോടെ ഒരു ഇടക്കാല പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ചകള്‍ നടത്തണമെന്ന് നിയമസഭാംഗങ്ങള്‍ സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഒരു ഇടക്കാല സര്‍ക്കാരിനെയും പിന്തുണക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷം പ്രസിഡന്റ് എത്രയും പെട്ടെന്ന് രാജിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിനിടെ, ഭക്ഷ്യ-ഇന്ധനക്ഷാമത്തെച്ചൊല്ലി വര്‍ദ്ധിച്ചുവരുന്ന പ്രതിഷേധങ്ങള്‍ക്കിടെ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി (എസ് എല്‍ എഫ് പി) സര്‍ക്കാര്‍ രാജിവച്ചതിന് പിന്നാലെ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ രഞ്ജിത്ത് സിയമ്പലപിറ്റിയ രാജിവച്ചു.

അതേസമയം, നോര്‍വേയിലെയും ഇറാഖിലെയും രണ്ട് വിദേശ എംബസികളും ഓസ്ട്രേലിയയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസും ഏപ്രില്‍ 30 മുതല്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നതായി ശ്രീലങ്ക അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സൂക്ഷ്മമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയുടെ വിദേശ നയതന്ത്ര പ്രാതിനിധ്യത്തിന്റെ പൊതുവായ പുനഃക്രമീകരണത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, രാജ്യത്ത് മരുന്ന് ക്ഷാമം രൂക്ഷമായതിനാല്‍ സര്‍ക്കാര്‍ അധികൃതര്‍ അടിയന്തര ആരോഗ്യ സാഹചര്യവും പ്രഖ്യാപിച്ചു. സ്വാതന്ത്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. ഫെബ്രുവരിയില്‍ ശ്രീലങ്കയുടെ വിദേശ കറന്‍സി ശേഖരം 2.31 ബില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു. ഇത് അതിന്റെ ഇറക്കുമതി സ്തംഭിപ്പിച്ചു, ഇത് നിരവധി അവശ്യ വസ്തുക്കളുടെ രൂക്ഷമായ ക്ഷാമത്തിലേക്ക് നയിച്ചു. കുമാര സംഗക്കാരയും സനത് ജയസൂര്യയും ഉള്‍പ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിരുന്നു.












Click it and Unblock the Notifications