പണമില്ലാതെ നട്ടംതിരിഞ്ഞ് ശ്രീലങ്ക; സഹായിക്കാമോ എന്ന് വീണ്ടും... ഇന്ത്യ പരിഗണിച്ചേക്കും
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്ക. പലതവണ ഇന്ത്യ സഹായിച്ചുകഴിഞ്ഞു. ഇപ്പോള്‍ വീണ്ടും ഇന്ത്യയോട് സഹായം അഭ്യര്‍ഥിച്ചിരിക്കുന്നു. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെ ഫണ്ട് ലഭിക്കുന്നത് വരെ സഹായിക്കാമോ എന്നാണ് ഇന്ത്യയോട് ചോദിച്ചിരിക്കുന്നത്. ഐഎംഎഫിന്റെ ഫണ്ട് ലഭിക്കാന്‍ ഇനിയും നാല് മാസത്തോളമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കന്‍ ധനമന്ത്രിയും ഹൈക്കമ്മീഷണറും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി ചര്‍ച്ച നടത്തിയ വേളയിലാണ് ഈ അഭ്യര്‍ഥന നടത്തിയത് എന്നാണ് വിവരം. ജപ്പാന്‍ പോലുള്ള സൗഹൃദ രാജ്യങ്ങളോട് ഞങ്ങളെ സഹായിക്കാന്‍ ഇന്ത്യ ആവശ്യപ്പെടണമെന്നും ശ്രീലങ്കന്‍ പ്രതിനിധികള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

വായ്പ ലഭിക്കാനുള്ള സാധ്യതയും ശ്രീലങ്ക ആരായുന്നുണ്ട്. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ധനനഷ്ടം ഭയന്ന് മടിച്ചുനില്‍ക്കുകയാണ്. അതേസമയം, ശ്രീലങ്കയുടെ ആവശ്യത്തോട് നിര്‍മല സീതാരാമന്‍ അനുഭാവപൂര്‍വമായ പ്രതികരണമാണ് നടത്തിയത് എന്നാണ് വിവരം. അടുത്താഴ്ച വാഷിങ്ടണില്‍ വച്ച് ശ്രീലങ്കന്‍ ധനമന്ത്രി അലി സബ്രി വീണ്ടും നിര്‍മല സീതാരാമനെ കാണും. 2400 കോടി ഡോളറിന്റെ സഹായം ഇന്ത്യ ശ്രീലങ്കയ്ക്ക് ഇതുവരെ നല്‍കികഴിഞ്ഞു. ഇനിയും സഹായിക്കണമെന്നാണ് ശ്രീലങ്കയുടെ അഭ്യര്‍ഥന. ഐഎംഎഫിന്റെ സഹായം ലഭിക്കാന്‍ ഇനിയും നാല് മാസമെടുത്തേക്കും.
അതിനിടെ, സര്‍ക്കാര്‍ ഗ്യാസ് കമ്പനിയായ ലിട്രോ ഗ്യാസ് ചെയര്‍മാന്‍ തെഷാര ജയസിംഗ രാജിവച്ചു. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഗ്യാസ് മാഫിയ അഴിമതിക്ക് കുട പിടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാചകവാതകം ഇറക്കുമതി ചെയ്യുന്നതിന് ഒരിക്കലൂടെ ശ്രീലങ്ക ഇന്ത്യയുടെ സഹായം തേടിയതിന് പിന്നാലെയാണ് ജയസിംഗയുടെ രാജി.
അതേസമയം, മുന്‍ ക്രിക്കറ്റ് താരങ്ങളായ അര്‍ജുന രണതുംഗെയും സഹതാരവും മുന്‍നായകനുമായ സനത് ജയസൂര്യയും സര്‍ക്കാരിനെതിരേ തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഓഫിസിന് മുമ്പില്‍ നടന്ന പ്രക്ഷോഭത്തിലാണ് ഇരുവരും പങ്കെടുത്തത്. ദിവസങ്ങളായി നൂറുകണക്കിന് പ്രക്ഷോഭകര്‍ സംഗമിക്കുന്ന കേന്ദ്രമാണിത്.
എല്ലാ കായികതാരങ്ങളും പ്രക്ഷോഭങ്ങളില്‍ പങ്കാളികളാവണമെന്ന് രണതുംഗെ ആവശ്യപ്പെട്ടു. ഡമോക്രാറ്റിക് നാഷനല്‍ മൂവ്മെന്റ് നേതാവായ രണതുംഗെ, ലങ്കയിലെ മുന്‍ മന്ത്രിയും പ്രധാന രാഷ്ട്രീയനേതാവുമാണ്. രാജപക്സെയുടെ ഓഫിസിന് മുന്നിലുള്ള ബാരിക്കേഡുകള്‍ ചാടിക്കടന്നാണ് ജയസൂര്യ പ്രക്ഷോഭകരുടെ അടുത്തെത്തിയത്. അധികൃതര്‍ ഈ മുദ്രാവാക്യം വിളികള്‍ കേള്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് ജയസൂര്യ പറഞ്ഞു. മഹേല ജയവര്‍ധനെ, റോഷന്‍ മഹാനമ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങളും പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications