ശ്രീലങ്കയെ ആര് നയിക്കും: തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി ഫലത്തിലേക്ക് കണ്ണുംനട്ട്
കൊളംബോ: ശ്രീലങ്കയിലെ നിർണ്ണായക പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് സമാധാനപൂർണ്ണമായ പര്യവസാനം. തിരഞ്ഞെടുപ്പിൽ 22 ഇലക്‌ട്രൽ ഡിസ്ട്രിക്ടുകളിൽ എവിടെയും അക്രമങ്ങളോ സുരക്ഷാ വീഴ്ചയോ റിപ്പോർട്ട് ചെയ്തിട്ടില്ല. 2022 ലെ ഏറ്റവും മോശമായ സാമ്പത്തിക തകർച്ചയ്ക്കും കലാപത്തിനും ശേഷമാണ് ശ്രീലങ്ക പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
വൈകിട്ട് നാലോടെ പോളിങ് സ്റ്റേഷനിൽ പ്രവേശിച്ച എല്ലാവർക്കും സമയപരിധിക്കപ്പുറം വോട്ട് ചെയ്യാൻ അനുവദിച്ചതായും ഇതിനായി പ്രത്യേക സ്ലിപ്പ് നല്‍കിയതായും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അന്തിമ വോട്ടിംഗ് ശതമാനം ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഉച്ചയ്ക്ക് 2 മണി ആയപ്പോഴേക്കും യോഗ്യരായ 17 ദശലക്ഷം ആളുകളിൽ 60 ശതമാനത്തിലധികം പേർ വോട്ട് ചെയ്തു. ഈ കണക്ക് വെച്ച് നോക്കുമ്പോള്‍ ആകെ വോട്ടിങ് ശതമാനം മികച്ച നിരക്കിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

ജാഫ്നയിലെ വടക്കൻ ജില്ലയിൽ ഉച്ചയോടെ വോട്ടെടുപ്പ് മന്ദഗതിയിലായെന്ന് നിരീക്ഷകർ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രദേശത്തെ ഒരു തമിഴ് ന്യൂനപക്ഷ ഗ്രൂപ്പ് വോട്ടെടുപ്പ് ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്ത് വന്നിരുന്നു.
രാജ്യത്തെ സാമ്പത്തിക വീണ്ടെടുക്കലിൻ്റെ പാതയിൽ എത്തിച്ചതിൻ്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന നിലവിലെ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയാണ് പ്രധാന മത്സരാർത്ഥി. വിക്രമസിംഗെയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തി നാഷണൽ പീപ്പിൾസ് പവറിൻ്റെ (എൻ പി പി) അനുര കുമാര ദിസനായകെ (56), സമാഗി ജന ബലവേഗയ (എസ്‌ജെബി) യുടെ സജിത് പ്രേമദാസ (57) എന്നിവരാണ് രംഗത്തുള്ളത്.
അതേസമയം, വൈകിട്ട് നാലിന് വോട്ടെടുപ്പ് അവസാനിച്ച ഉടൻ തന്നെ തപാൽ വോട്ടുകളുടെ എണ്ണൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സർക്കാർ ജീവനക്കാരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സൈന്യവും പോലീസുമാണ് തപാൽ വോട്ട് രേഖപ്പെടുത്തിയത്. നാല് ദിവസം മുമ്പ് തപാൽ വോട്ടെടുപ്പ് നടന്നു
തപാൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞാൽ, "വൈകിട്ട് 6 മണിക്ക്, ഞങ്ങൾ സാധാരണ വോട്ടെണ്ണൽ ആരംഭിക്കാൻ ആഗ്രഹിക്കുന്നു," കൊളംബോ സിറ്റി ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. തദ്ദേശീയരും വിദേശികളുമായ എണ്ണായിരത്തോളം പോളിങ് നിരീക്ഷകരെയാണ് തെരഞ്ഞെടുപ്പിൽ വിന്യസിച്ചത്. ഇ.യു, കോമൺവെൽത്ത്, ഏഷ്യൻ തിരഞ്ഞെടുപ്പ് നെറ്റ്വർക്ക് എന്നിവയിൽ നിന്നുള്ള 116 അന്താരാഷ്ട്ര നിരീക്ഷകരും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് പേരും ഇതിൽ ഉൾപ്പെടുന്നു. പ്രമുഖ പ്രാദേശിക ഗ്രൂപ്പായ പീപ്പിൾസ് ആക്ഷൻ ഫോർ ഫ്രീ ആൻഡ് ഫെയർ ഇലക്ഷൻസ് (പാഫ്രൽ) 4,000 പ്രാദേശിക നിരീക്ഷകരേയും വിന്യസിച്ചു.


Click it and Unblock the Notifications