ശ്രീലങ്കയില്‍ റനില്‍ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റ്; പിന്നില്‍ ഗോതാബായ രജപക്‌സെയുടെ ചരടുവലി?
കൊളംബോ: രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. വിക്രമസിംഗെയെ ഇടക്കാല പ്രസിഡന്റാക്കിയെന്ന് മാലദ്വീപിലേക്ക് പോയ ഗോതാബയ രാജപക്‌സെ സ്പീക്കറെ അറിയിക്കുകയായിരുന്നു. ജൂലൈ 20ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. ജൂലൈ 19 വരെ പ്രസിഡന്റ് സ്ഥാനാർഥികൾക്ക് നാമനിർദേശപത്രിക സമർപ്പിക്കാൻ സാധിക്കും.
രാജിവയ്ക്കാതെ പ്രസിഡന്റ് ഗോതാബയ രാജ്പക്‌സെ രാജ്യം വിട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. അതേസമയം, റെനിൽ വിക്രമസിംഗെയുടെ രാജിയാവശ്യമുന്നയിച്ചുള്ള പ്രക്ഷോഭവും നടക്കുന്നുണ്ട്. ജൂലൈ 13ന് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച ഗോതാബയ രാജ്പക്‌സെ രാജി വെക്കാതെ മാലിദ്വീപിലേക്ക് കടക്കുകയായിരുന്നു.

പ്രസിഡന്റ് രാജ്യം വിട്ടതിനു പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കൊളംബോ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ നഗരങ്ങളിൽ കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിക്കു സമീപം പ്രക്ഷോഭം തുടരുകയാണ്. പ്രധാനമന്ത്രിയുടെ വസതിയിലേക്കും പ്രതിഷേധക്കാർ കടക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
പാർലമെന്റിലേക്ക് വൻ മാർച്ച് സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് സ്ഥാനമൊഴിയുന്നത് വരെ സമരം തുടരുമെന്നുമാണ് സമരക്കാർ പറഞ്ഞിരിക്കുന്നത്. തെരുവുകൾ മിക്കതും പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് പ്രസിഡന്റ് ഗോതബായ രാജപക്സെയും ഭാര്യയും രണ്ട് അംഗരക്ഷകരും ഇന്നലെ രാത്രിയാണ് കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സൈനിക വിമാനം വഴി മാലിദ്വീപിലേക്ക് കടന്നത്.
അദ്ദേഹത്തിന്റെ ഇളയ സഹോദരനും മുൻ ധനമന്ത്രിയുമായ ബേസിൽ രാജപക്സെയും രാജ്യം വിട്ടതായി റിപ്പോർട്ടുകളുണ്ട്. ഇന്നലെ രാത്രിയോടെ രാജപക്സെ തങ്ങളോട് ഒരു വിമാനം ആവശ്യപ്പെട്ടതായും അദ്ദേഹത്തിന് വിമാനം നൽകാൻ തങ്ങൾ ബാധ്യസ്ഥരാണ് എന്നുമാണ് ശ്രീലങ്കൻ പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. പ്രസിഡന്റ് എന്ന നിലയിൽ ഇപ്പോഴും പ്രതിരോധ സേനയുടെ പരമോന്നത കമാൻഡറായി രാജപക്സെ തുടരുകയാണ്. ആ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആവശ്യത്തെ മറികടക്കാനാവുമായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications