സോഷ്യല്‍ മീഡിയ ബ്ലോക് ചെയ്തു, 36 മണിക്കൂര്‍ കര്‍ഫ്യൂ, ശ്രീലങ്കയില്‍ പ്രതിഷേധം കത്തുന്നു
കൊളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനരോഷം ശക്തമാകുന്നു. ജനങ്ങള്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെക്കെതിരെ തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. പ്രതിഷേധം രാജ്യത്താകെ പടരാതിരിക്കാന്‍ സോഷ്യല്‍ മീഡിയ സൈറ്റുകളെല്ലാം ബ്ലോക് ചെയ്തിരിക്കുകയാണ് ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, യുട്യൂബ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളൊന്നും തല്‍ക്കാലത്തേക്ക് രാജ്യത്ത് ലഭ്യമാവില്ല. വ്യാജ പ്രചാരണങ്ങള്‍ തടയാനാണ് ഈ നീക്കമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ പറയുന്നു. ശ്രീലങ്കയില്‍ 36 മണിക്കൂര്‍ കര്‍ഫ്യൂ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച്ച വൈകീട്ട് ആറ് മുതല്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ ആറ് വരെയാണ് കര്‍ഫ്യൂ.

ഈ സമയത്ത് കടുത്ത പ്രക്ഷോഭങ്ങള്‍ നടക്കാനിരിക്കുകയായിരുന്നു. ഇതിനെ മറികടക്കാനാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. രാജ്യത്ത് ഇന്ധനമോ, ഭക്ഷണമോ, മരുന്നുകളോ കിട്ടാനില്ലാത്ത അവസ്ഥയാണ്. ദീര്‍ഘനേരമുള്ള പവര്‍കട്ടുകള്‍ ലങ്കയെ ഇരുട്ടിലാഴ്ത്തിയിരിക്കുകയാണ്. ഇന്ന് പ്രതിഷേധത്തിന് സോഷ്യല്‍ മീഡിയ വഴി ആഹ്വാനമുണ്ടായിരുന്നു. കണ്ണീര്‍ വാതകം കണ്ട് പിന്നോട്ട് ഓടരുതെന്നും, വൈകാതെ തന്നെ അവരുടെ കൈയ്യില്‍ ആയുധങ്ങളൊന്നും ഇല്ലാത്ത സാഹചര്യം വരുമെന്നും സോഷ്യല്‍ മീഡിയയിലെ പ്രതിഷേധക്കാര്‍ പറയുന്നു. അതേസമയം പുതിയ നിയമങ്ങളും ഒപ്പം കര്‍ഫ്യൂ പ്രഖ്യാപിച്ചതും സൈന്യത്തിന് കൂടുതല്‍ കരുത്ത് നല്‍കുന്നതാണ്.
സംശയം തോന്നുന്നവരെ മുഴുവന്‍ കസ്റ്റഡിയിലെടുക്കാന്‍ സൈന്യത്തിന് സാധിക്കും. അറസ്റ്റ് ചെയ്യുകയോ, വിചാരണയില്ലാതെ ദീര്‍ഘകാലം കസ്റ്റഡിയില്‍ വെക്കാനോ സാധിക്കും. അടിയന്തര സാഹചര്യം രാജ്യത്തുണ്ടെന്നും, ജനങ്ങള്‍ നിയമത്തെ അനുസരിക്കേണ്ടതുണ്ടെന്നും രജപക്‌സെ പറയുന്നു. അതിലൂടെ മാത്രമേ രാജ്യത്ത് ആവശ്യസാധനങ്ങളും സേവനങ്ങളും നിലനിര്‍ത്താന്‍ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ കറന്‍സിയുടെ വന്‍ക്ഷാമമാണ് ശ്രീലങ്ക നേരിടുന്നത്. ഇത് അവശ്യ സാധനങ്ങളുടെ വലിയ ദൗര്‍ലഭ്യത്തിന് കാരണമായിരിക്കുകയാണ്. ഇതിനോടകം തന്നെ കര്‍ഫ്യൂ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍ ഇറങ്ങി കഴിഞ്ഞു. സുപ്രധാന തെരുവുകളിലെല്ലാം പ്രക്ഷോഭം അലയടിക്കുകയാണ്.
ഗോഹോംരജപക്‌സ, ഗോടാഗോഹോം എന്നീ ഹാഷ്ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ദിവസങ്ങളായി ട്രെന്‍ഡിംഗാണ്. വിലക്കയറ്റം കാരണം ജനങ്ങള്‍ക്ക് ഒന്നും വാങ്ങാനാവാത്ത അവസ്ഥയാണ്. 1948ന് ശേഷം ഏറ്റവും ശക്തമായ പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. മുമ്പുള്ള സര്‍ക്കാരുകളുടെയും, ഇപ്പോഴുള്ളതിന്റെയും സാമ്പത്തിക വീഴ്ച്ചകളാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ കാരണം. ഒപ്പം കൊവിഡ് പ്രതിസന്ധി കൂടി വന്നതോടെ ശ്രീലങ്ക തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു. രജപക്‌സെയ്ക്കുള്ള രാഷ്ട്രീയ പിന്തുണയില്‍ വരെ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയോടും ചൈനയോടും ഐഎംഎഫിനോടും വരെ സഹായം ചോദിച്ചിട്ടുണ്ട് ശ്രീലങ്ക. ശ്രീലങ്കയ്ക്ക് 40000 മെട്രിക് ടണ്‍ ഡീസല്‍ നേരത്തെ ഇന്ത്യ നല്‍കിയിരുന്നു.












Click it and Unblock the Notifications