ഹോർമുസ് കടലിടുക്ക് ജൂൺ 20 മുതൽ പൂർണമായും തുറക്കും; വ്യക്തമാക്കി ട്രംപ്
ഹോർമുസ് കടലിടുക്ക് ജൂൺ 20 മുതൽ പൂർണമായും തുറക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്ക് മുന്നോടിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
കടലിടുക്കിന്റെ സുരക്ഷയ്ക്കായി ബ്രിട്ടനും ഫ്രാൻസും ചേർന്ന് സംയുക്ത നാവിക ദൗത്യം നിർദ്ദേശിച്ചിരുന്നെങ്കിലും ഇനി അതിന്റെ ആവശ്യമില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് നിലവിൽ ഭാഗികമായി തുറന്നിട്ടുണ്ടെന്നും, യുദ്ധകാലത്ത് കടലിൽ സ്ഥാപിച്ച മൈനുകൾ കണ്ടെത്തി നീക്കം ചെയ്യാനുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഇനി ആണവായുധം കൈവശം വെക്കില്ല എന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന കരാറിന്റെ പ്രധാന നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ യുദ്ധത്തിന്റെ ആദ്യദിനം തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ടെഹ്‌റാനിൽ അധികാരമേറ്റ പുതിയ നേതൃത്വവുമായി വാഷിംഗ്ടൺ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ മുൻനിര നേതാക്കൾ മാറിയെന്നും ഇപ്പോൾ വന്നിരിക്കുന്ന പുതിയ നേതൃത്വം വളരെ ബുദ്ധിപൂർവ്വമാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നും അവരുമായാണ് തങ്ങൾ കരാറിലെത്തിയതെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഏതൊക്കെ നേതാക്കളെയാണ് താൻ ഉദ്ദേശിച്ചതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.
മിഡിൽ ഈസ്റ്റിൽ വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നതെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. വെള്ളിയാഴ്ച നടക്കുന്ന ഔദ്യോഗിക കരാർ ഒപ്പിടൽ ചടങ്ങിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പങ്കെടുക്കും. എന്നാൽ ചടങ്ങ് എവിടെ വെച്ചാണ് നടക്കുക എന്ന കാര്യം യുഎസ് വൃത്തങ്ങൾ പുറത്തുവിട്ടിട്ടില്ല. ആഗോള എണ്ണവ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും പഴയപടി തുറക്കുന്നതോടെ അന്താരാഷ്ട്ര വിപണിയിലെ എണ്ണവില സാധാരണ നിലയിലാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.
സംഘർഷം അവാസനിപ്പിക്കാനുള്ള ധാരണാപത്രത്തിൽ ഇറാനും യുഎസും ഇന്ന് ഒപ്പുവെച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെഡി വാൻസ്, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് എന്നിവരാണ് ഡിജിറ്റലായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച അന്തിമ കരാറിൽ ഒപ്പുവെയ്ക്കുക.












Click it and Unblock the Notifications