വാനുവാട്ടുവിന് സമീപം ശക്തമായ ഭൂചലനം: ന്യൂസിലാന്‍ഡില്‍ ഉള്‍പ്പടെ സുനാമി മുന്നറിയിപ്പ്
പസഫിക് രാഷ്ട്രമായ വാനുവാട്ടുവിന് സമീപം ശക്തമായ ഭൂചലനം. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഓസ്‌ട്രേലിയയുടെ വടക്ക് കിഴക്കുമായും ന്യൂസിലാന്റിന് വടക്കുമായിട്ട് സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ടമാണ് വാനുവാട്ടു. ലോയൽറ്റി ദ്വീപുകളുടെ തെക്കുകിഴക്കായി ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുമ്പായിട്ടാണ് ഭൂചലനം ഉണ്ടായത്.
10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിക്കുന്നത്. ന്യൂ കാലിഡോണിയ, ഫിജി, വാനുവാട്ടു എന്നീ പ്രദേശങ്ങളിൽ ഇത് സുനാമിക്ക് ഇടയാക്കിയേക്കാമെന്ന് മുന്നറിയിപ്പ് നൽകിയതായും യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി.

'ഇന്ന് ഉച്ചകഴിഞ്ഞ് ന്യൂസിലൻഡിന് വടക്ക് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം വരും മണിക്കൂറിൽ ന്യൂസിലൻഡിൽ സുനാമി ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ട്'- അധികൃതർ വ്യക്തമാക്കുന്നു. ന്യൂസിലൻഡിലെ ചില തീരങ്ങളിൽ വേലിയേറ്റനിരപ്പിൽ നിന്ന് 30 സെന്റീമീറ്റർ മുതൽ 1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിക്കുന്നത്.
ചില തീരങ്ങളിൽ വേലിയേറ്റനിരപ്പിൽ നിന്ന് 1 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വനുവാട്ടുവിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുനാമി ഉണ്ടായിട്ടുണ്ടോയെന്നും അത് ന്യൂസിലൻഡിന് അപകടമുണ്ടാക്കുമോയെന്നും വിലയിരുത്തുകയാണെന്ന് നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു. സുനാമി ഉണ്ടായാൽ ഒരു മണിക്കൂറിനിടയില്‍ ന്യൂസിലൻഡിൽ എത്താൻ സാധ്യതയില്ലെന്നും നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു.
ന്യൂസിലന്‍ഡിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള കെര്‍മാഡെക് ദ്വീപ് മേഖലയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 24 ന് ഭൂകമ്പം ഉണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അന്ന് ഉണ്ടായത്. അന്നും അധികൃതർ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications