ജപ്പാനിൽ ശക്തമായ ഭൂചലനം; നാല് പേര് മരിച്ചു, 97 പേർക്ക് പരിക്ക്
ടോക്കിയോ: ജപ്പാനിൽ ശക്തമായ ഭൂചലനത്തിൽ നാല് പേർ മരിച്ചു. 97 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വടക്കൻ ജപ്പാനിലെ ഫുകുഷിമ തീരത്ത് ബുധനാഴ്ച രാത്രിയോടെയാണ് റിക്ടർ സ്കെയ്ലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചതിന് പിന്നാലെ സുമാനി മുന്നറിയിപ്പും ജപ്പാൻ തീരത്ത് പുറപ്പെടുവിച്ചു. എന്നാൽ അപകടസാധ്യത കുറഞ്ഞതോടെ മുന്നറിയിപ്പ് പിൻവലിക്കുകയായിരുന്നു.
ഭൂചലനത്തിനിടെ സോമ നഗരത്തിൽ 60 വയസ്സുള്ള ഒരാൾ വീടൊഴിയാൻ ശ്രമിക്കുന്നതിനിടെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് മരിച്ചു, 70 വയസ്സുള്ള ഒരാൾ പരിഭ്രാന്തരാകുകയും ഹൃദയാഘാതം സംഭവിക്കുകയും ചെയ്തുവെന്ന് ക്യോഡോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഫുകുഷിമ, മിയാഗി പ്രിഫെക്‌ചർ തീരങ്ങളിൽ ആയിരുന്നു ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയത്. എന്നാൽ സുനാമി തീരം തൊട്ടില്ല എങ്കിലും ടോക്കിയോയിൽ നിന്ന് ഏകദേശം 390 കിലോമീറ്റർ വടക്കുകിഴക്കായി ഇഷിനോമാക്കി തീരത്തെത്ത് 30 സെന്റീമീറ്റർ ഉയരമുള്ള തിരമാലകൾ രൂപം കൊണ്ടതായി റിപ്പോർട്ട് ഉണ്ട്.

പ്രദേശത്തെ കെട്ടിടങ്ങൾ തകരുകയും റോഡുകൾ വിണ്ടു കീറുകയും ചെയ്തു. ടോക്കിയോയ്ക്ക് സമീപമുള്ള യോകോഹാമയിൽ വൈദ്യുത തൂണുകൾ പലതും തകർന്ന് വീണു. സ്ഥലത്ത് പൂർണമായും വൈദ്യുതി നിലച്ചിരുന്നു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ഫുകുഷിമ, മിയാഗി പ്രിഫെക്ചറുകളിലെ 37,000 വീടുകൾ ഒഴികെ മിക്ക സ്ഥലങ്ങളിലും രാവിലെയോടെ വൈദ്യുതി പുനഃസ്ഥാപിച്ചു. അതേ സമയം ഫുകുഷിമ ഡെയ്‌ച്ചി ആണവനിലയത്തിന് തകരാറുകൾ പറ്റാതെ ഇരുന്നത് വലിയ ആശ്വാസമായി. റിയാക്ടറുകളുടെ ടർബൈൻ കെട്ടിടത്തിൽ തീ അലാറം മുഴങ്ങിയിരുന്നെങ്കിലും തീപിടിത്തമുണ്ടായില്ല. നിരന്തരം അപകടഭീഷണികൾ നേരിടുന്നത് മൂലം ഇവ ഡീകമ്മീഷൻ ചെയ്യാൻ ഒരുങ്ങുകയാണ് ഗവൺമെന്റ്.
ഇതേ സ്ഥലത്ത് പതിനൊന്ന് വർഷം മുമ്പ് 9.0 തീവ്രതയിൽ മറ്റൊരു ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ശേഷം സുനാമിയും വന്നിരുന്നു വൻ നാശനഷ്ടം സംഭവിച്ച അന്ന് ആണവ റിയാക്ടർ ചെറിയ തോതിൽ തകർന്നിരുന്നു. ഇതിൽ നിന്ന് വൻതോതിൽ വികിരണം പുറപ്പെട്ടതിനെ തുടർന്ന് ഇന്നും ഇവിടുത്തെ ചില ഭാഗങ്ങൾ വാസയോഗ്യമല്ല.
Recommended Video
തങ്ങളുടെ മിക്ക ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചതായി ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി അറിയിച്ചു. ഭൂകമ്പത്തെത്തുടർന്ന് ഫുകുഷിമയ്ക്കും മിയാഗിക്കും ഇടയിൽ തോഹോകു ഷിൻകാൻസെൻ എക്സ്പ്രസ് ട്രെയിൻ ഭാഗികമായി പാളം തെറ്റി. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു. നാശനഷ്ടങ്ങളുടെ വ്യാപ്തി സർക്കാർ വിലയിരുത്തുന്നുണ്ടെന്നും രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി പരമാവധി ചെയ്യുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരാഴ്ചയോളം വലിയ തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ബാധിത പ്രദേശങ്ങളിലെ താമസക്കാരോട് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.












Click it and Unblock the Notifications