'ശത്രുവിൻ്റെ ഭീഷണിക്കെതിരെ കനത്ത തിരിച്ചടി'; സൈന്യത്തോട് തയ്യാറെടുക്കാൻ മൊജ്താബ ഖമനേയി
ഇറാനെതിരെ കടുത്ത ആക്രമണങ്ങൾ യുഎസ് പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകൾക്കിടെ കനത്ത തിരിച്ചടിക്ക് തയ്യാറെടുത്ത് ഇറാനും. ശത്രുക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏത് നീക്കത്തേയും പ്രതിരോധിക്കാൻ തയ്യാറായിരിക്കണമെന്നാണ് ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനേയി സൈന്യത്തിന് നിർദേശം നൽകിയത്. ഭൂമിശാസ്ത്രപരമായ പരിധി നിശ്ചയിക്കേണ്ടതില്ലെന്നും അദ്ദേഹം സൈന്യത്തിന് നിർദേശം നൽകി.
സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഖമനേയിയുടെ നിർദേശം. ആക്രമണങ്ങൾ ഉണ്ടായാൽ ധ്രുതഗതിയിലുള്ള പ്രതികരണം ഉണ്ടാകണമെന്നാണ് അദ്ദേഹം സൈനിക ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. ടെലഗ്രാമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ ആയിരുന്നു മൊജ്താബയുടെ പ്രതികരണം . ഇറാന്റെ തിരിച്ചടിക്ക് ഭൂമിശാസ്ത്രപരമായ അതിർത്തികളുണ്ടാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക പുതുക്കാനും അദ്ദേഹം സൈന്യത്തിന് നിർദേശം നൽകി. യുഎസിൻ്റേയും ഇസ്രായേലിൻ്റേയും ഭൌതികവും അഭൌതികവുമായ എല്ലാ സ്വത്തുക്കളും പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വെടിക്കോപ്പുകളും ആയുധങ്ങളും കൂടുതലായി ഉത്പാദിപ്പിക്കണമെന്നും സായുധസൈന്യത്തെ ശക്തിപ്പെടുത്തണമെന്നും സൈനിക രഹസ്യാന്വേഷണ വിഭാഗത്തെ കൂടുതൽ കരുത്തുറ്റതാക്കണമെന്നും അദ്ദേഹം നിർദേശം നൽകി.

ഇറാനെതിരെ യു.എസും ഇസ്രായേലും കടുത്ത ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ട്രംപ് ദീർഘകാല യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ലക്ഷ്യത്തിലെത്തുന്നത് വരെ പിന്നോട്ടില്ലെന്നുമാണ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് ഇന്ന് വ്യക്തമാക്കിയത്. അതിനിടെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൌദിയിൽ ശക്തമായ ആക്രമണമാണ് നടത്തുന്നത്. സൌദിയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഹൂതികൾ കടുപ്പിക്കുകയാണ്.
സൗദി അറേബ്യയുടെ എണ്ണ, വാതക ശേഖരത്തിന്റെ ആസ്ഥാനം ഇവിടെയാണ്. മാത്രമല്ല സൌദി അരാംകോയുടെ ആസ്ഥാനവും അവിടെയാണ്. ഒരുമാസത്തിനിടെ ഇവിടെ വിവിധ ഇടങ്ങളിൽ ആക്രമണം ഉണ്ടായിട്ടുണ്ട്.
അതിനിടെ സമാധാന നീക്കത്തിനുള്ള ശ്രമങ്ങൾ ഖത്തറിൻ്റ നേതൃത്വത്തിൽ നടക്കുന്നുണ്ട്. മധ്യസ്ഥ ചർച്ചയ്ക്കായി ഖത്തറിൽ നിന്നുള്ള സംഘം വെള്ളിയാഴ്ച ടെഹ്റാനിൽ എത്തി. എന്നാൽ ആണവ ചർച്ചകളാണോ അതോ ഉപരോധം സംബന്ധിച്ചാണോ, എണ്ണ ഉപരോധം സംബന്ധിച്ചാണോ ചർച്ച നടത്തേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തത ഉണ്ടായിട്ടില്ല. അതേസമയം സംഘർഷം കൂടുതൽ വ്യാപിക്കാതിരിക്കാനും സമാധാനകരാറിലെത്താനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ബഹ്‌റൈനിൽ നടന്ന സുരക്ഷാ ഉച്ചകോടിയിൽ സംസാരിക്കവെ സൗദി വിദേശകാര്യ സഹമന്ത്രി വലീദ് അൽ ഖുറൈജി വ്യക്തമാക്കി. ഇനിയും യുദ്ധമുണ്ടാകുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദലാത്തി മുന്നറിയിപ്പ് നൽകി. രണ്ടാം ഘട്ട യുദ്ധം കൂടുതൽ അപകടകരവും സർവ്വനാശം വിതയ്ക്കുന്നതുമായിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.


Click it and Unblock the Notifications
