ഗുജറാത്ത് മുതല്‍ ഫുജൈറ വരെ കടലിനടിയിലൂടെ കേബിള്‍; വമ്പന്‍ പദ്ധതിക്കൊരുങ്ങി ഇന്ത്യയും സൗദിയും
റിയാദ്/ ന്യൂദല്‍ഹി: ഊര്‍ജ നയതന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയും സൗദി അറേബ്യയും വമ്പന്‍ പദ്ധതിക്കായി കൈകോര്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയ സൗദി അറേബ്യന്‍ ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായാണ് വിവരം.
ഗുജറാത്ത് തീരത്ത് നിന്ന് മിഡില്‍ ഈസ്റ്റിലേക്ക് ആഴക്കടല്‍ കേബിളുകള്‍ ഉപയോഗിച്ച് ബന്ധിപ്പിച്ച് ഗ്രീന്‍ എനര്‍ജി ഗ്രിഡ് സൃഷ്ടിക്കുന്നതാണ് പദ്ധതി എന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കടലിനടിയിലെ കേബിളുകള്‍ വഴി മിഡില്‍ ഈസ്റ്റുമായി ബന്ധിപ്പിക്കുന്ന പദ്ധതി ഇന്ത്യയിലെ അദ്ദേഹത്തിന്റെ അജണ്ടയുടെ ഭാഗമായിരിക്കും എന്നാണ് വിവരം.

അടുത്ത മാസം സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ദക്ഷിണേഷ്യയും ഗള്‍ഫ് രാജ്യങ്ങളും ഉള്‍പ്പെടുന്ന ഒരു ഇലക്ട്രിക്കല്‍ ഗ്രിഡിനായാണ് ഇന്ത്യയും സൗദി അറേബ്യയും കൈകോര്‍ക്കുന്നത് എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പദ്ധതി സാധ്യമായാല്‍ എണ്ണ കയറ്റുമതിക്ക് അപ്പുറത്തേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിപുലീകരിക്കും. പദ്ധതിയുടെ ബിസിനസ് സാധ്യതകളെക്കുറിച്ച് ഇരു രാജ്യങ്ങളും സജീവമായി തന്നെ അന്വേഷിക്കുന്നുണ്ട്. 15 ബില്യണ്‍ മുതല്‍ 18 ബില്യണ്‍ ഡോളര്‍ വരെ മൂലധനച്ചെലവുള്ള പദ്ധതിയില്‍ അബുദാബി സര്‍ക്കാരും ചേരും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ടാറ്റ ഗ്രൂപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ജെഎസ്ഡബ്ല്യു, അദാനി തുടങ്ങിയ മുന്‍നിര വ്യവസായികളില്‍ നിന്ന് അഭിപ്രായം തേടി ഇന്ത്യയിലെ സൗദി പ്രതിനിധിയില്‍ നിന്ന് ഇതിനകം ക്ഷണം ലഭിച്ചിട്ടുണ്ട്. ഗുജറാത്ത് തീരത്തില്‍ നിന്ന് ഫുജൈറ എമിറേറ്റ് വരെ 1,600 കിലോമീറ്റര്‍ ദൂരത്തില്‍ ആണ് അറബിക്കടല്‍ ഉള്ളത്.

കടലിനടിയിലെ കേബിള്‍ ഒമാനിലൂടെ 1,200 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. മൂന്ന് വര്‍ഷം മുമ്പ് പെട്രോളിയം, പ്രകൃതി വാതക ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തിയിരുന്നതാണ്. ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് മുമ്പാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്.












Click it and Unblock the Notifications