സുഡാനിൽ സൈനിക വിമാനം ജനവാസമേഖലയിൽ തകർന്നുവീണു; 46 മരണം
ഖാർത്തും: സുഡാനിൽ സൈനിക വിമാനം തകർന്ന് നിരവധിപേർ മരിച്ചു. 46 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. സൈനിക ഗതാഗത വിമാനം ചൊവ്വാഴ്ച രാത്രി വാദി സെയ്ഡന വ്യോമതാവളത്തിന് സമീപമുള്ള ജനവാസമേഖലയിലേക്ക് തകർന്നുവീണതായാണ് റിപ്പോർട്ട്. തലസ്ഥാനമായ ഖാർത്തൂമിന്റെ വടക്ക് പടിഞ്ഞാറുള്ള ഒംദുർമാനിലെ സൈന്യത്തിന്റെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളിലൊന്നാണ് ഈ താവളം.
" ഒരു അന്തിമ കണക്കിന് ശേഷം മരണപ്പെട്ടവരുടെ എണ്ണം 46 ആണ് എന്നും പത്ത് പേർക്ക് പരിക്കേറ്റതായും ഖാർത്തൂം റീജിയണൽ ഗവൺമെൻ്റിൻ്റെ മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. അടിയന്തര രക്ഷാപ്രവർകർ കുട്ടികളുൾപ്പെടെ പരിക്കേറ്റ സാധാരണക്കാരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചതായി സൈന്യവുമായി വിന്യസിച്ചിരിക്കുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സാങ്കേതിക തകരാർ സൈനിക ഗതാഗത വിമാനം തകരാൻ കാരണമായിരിക്കാം എന്ന് പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിൽ ഒരു സൈനിക വൃത്തങ്ങൾ എഎഫ്‌പിയോട് പറഞ്ഞു. അതേ സമയം വലിയ സ്ഫോടന ശബ്ദം കേട്ടതായും അപകടത്തെ തുടർന്ന് കനത്ത പുക ഉയരുന്നത് കണ്ടതായും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും പരിസരവാസികൾ പറഞ്ഞു.
സൈനിക പിന്തുണയുള്ള ഗവൺമെൻ്റിൻ്റെ ആസ്ഥാനമായ പോർട്ട് സുഡാനിലെ ചെങ്കടൽ നഗരത്തിലേക്കാണ് വിമാനം പോയതെന്ന് എ പിയെ ഉദ്ധരിച്ച് പ്രദേശിക മാധ്യമങ്ങൾ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന റിപ്പോർട്ടുകൾ സൈന്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.












Click it and Unblock the Notifications