പതിനഞ്ചുകാരിയുമായി സെക്‌സ്; ഫുട്‌ബോളര്‍ ജോണ്‍സണ്‍ കുറ്റം നിഷേധിച്ചു
ലണ്ടന്‍: പതിനഞ്ചുവയസുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന കുറ്റത്തിന് ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ആദം ജോണ്‍സണ്‍ കോടതിയില്‍ ഹാജരായി. ജോണ്‍സണ്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടന്ന പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ താരത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കോടതിയില്‍ ഹാജരായ ജോണ്‍സണ്‍ മജിസ്‌ട്രേറ്റ് പീറ്റര്‍ ലീക്കിന് മുന്‍പില്‍ കുറ്റം നിഷേധിച്ചു. തനിക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത് തീര്‍ത്തും തെറ്റായ കുറ്റങ്ങളാണെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. ജൂണ്‍ മുന്നിന് ദുറം ക്രൗണ്‍ കോടതിക്ക് മുമ്പാകെ വീണ്ടും ഹാജരാകാന്‍ ജോണ്‍സണോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ കാമുകിക്കൊപ്പമായിരുന്നു ജോണ്‍സണ്‍ കോടതിയിലെത്തിയത്.

ജോണ്‍സണെതിരെ ആരോപണം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞ മാര്‍ച്ചില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീടിദ്ദേഹം ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കടുത്ത കുറ്റമായാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ശിക്ഷ ലഭിക്കുകയായണെങ്കില്‍ ജോണ്‍സന്റെ ഫുട്‌ബോള്‍ ജീവിതം ഇല്ലാതായേക്കാം.
വേഗതയും ഡ്രിബ്ലിങ് മികവുമായി തിളങ്ങുന്ന ജോണ്‍സണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച കളിക്കാരിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. മിഡ്‌സ്‌ബ്രോയിലൂടെ പ്രീമിയര്‍ ലീഗ് കരിയറിന് തുടക്കം കുറിച്ച ഈ ഇരുപത്തിയേഴുകാരന്‍ പിന്നീട് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മികച്ച വിങ്ങര്‍മാരിലൊരാളായി. നിലവില്‍ ജന്മനാട്ടിലെ ടീമായ സണ്ടര്‍ലന്‍ഡിന്റെ കളിക്കാരനാണ് ജോണ്‍സണ്‍.












Click it and Unblock the Notifications