ഭൂമിയിലേക്ക്; സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് മടങ്ങും, ബുധനാഴ്ച ഭൂമിയിലെത്തും..
ന്യൂയോർത്ത്: സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർനോവ് എന്നിവരുടെ ക്രൂ 9 സംഘം ഇന്ന് ഭൂമിയിലേക്ക് പുറപ്പെടും. രാവിലെ എട്ടേ കാലോടെ നാല് യാത്രികരും യാത്ര ചെയ്യുന്ന സ്പേസ് എക്സിന്റെ ഡ്രാഗൺ ഫ്രീഡം പേടകത്തിന്റെ വാതിലുകൾ അടയും.
10. 35 ഓടെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടും. തുടർന്ന് 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്ക് ശേഷം ബുധനാഴ്ച പുലർച്ചെ 3. 27 ഓടെയാകും ( യു എസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5. 57 ഓടെ) ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിലാണ് ഡ്രാഗൺ പേടകം ഇറങ്ങുക.

ഒൻപത് മാസമായി ബഹിരാകാശ യാത്രികരായ സുനിതാ വില്യംസിനെയും ബുച്ച് വിൽമോറിനെയും മടക്കിക്കൊണ്ടുവരാനായി നാസയും സ്പെയ്സ് എക്സും ചേർന്ന് വിക്ഷേപിച്ച ക്രൂ 10 ദൗത്യം ഞായറാഴ്ച ആണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ( ഐ എസ് എസ് ) എത്തിയത്.
നാസയുടെ ആമി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാൻ ഏജൻസിയായ ജാക്സയുടെ തകുയ ഒനിഷി, റഷ്യ ഏജൻസിയായ റോസ്കോസ്മോസിന്റെ കിറിൽ പെസ്കോവ് എന്നിവരാണ് ക്രൂ 10 സംഘത്തിലുള്ളത്. ശനിയാഴ്ച പുലർച്ചെയാണ് ഫ്ലോറിഡയിലെ സ്പെയ്സ് എക്സിന്റെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഡ്രാഗൺ പേടകത്തിൽ ക്രൂ 10 ദൗത്യ നിലയത്തിലേക്ക് പോയത്. മാർച്ച് 19 നാണ് സുനിതയും വിൽമോറും ഇതേ പേടകത്തിൽ മടങ്ങുക.
വെറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് സുനിതാ വില്യംസും ബുച്ച് വിൽമോറും ബോയിംഗിന്റെ പരീക്ഷണ സ്റ്റാർലൈൻ പേടകത്തിൽ 2024 ജൂണിൽ ഭൂമിയിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. എന്നാൽ 9 മാസത്തിൽ അധികമായി ബഹിരാകശത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു.
സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക പ്രശ്നം കാരണമാണ് രണ്ട് പേർക്കും നിശ്ചിയിച്ച സമയത്ത് ഭൂമിയേക്ക് തിരികെ എത്താൻ സാധിച്ചില്ല.
പലതവണ ഇരുവരേയും മടക്കിക്കൊണ്ടുവരാൻ നാസ ശ്രമിച്ചെങ്കിലും ഹീലിയം ചോർച്ചയും ത്രസ്റ്ററുകൾക്ക് തകരാറുമുള്ള സ്റ്റാർലൈനറിന്റെ അപകട സാധ്യത മുന്നിൽക്കണ്ട് മടക്ക യാത്ര നീട്ടിവെയ്ക്കുകയായിരുന്നു. ഇതിന് ശേഷം ആളില്ലാത്ത സ്റ്റാർലൈനർ ലാൻഡ് ചെയ്യിപ്പിക്കുകയാണ് നാസ ചെയ്തത്.












Click it and Unblock the Notifications