സുനിതയുടെ മടക്കം; ട്രംപ് കൊടുത്ത വാഗ്ദാനം നടപ്പിലാക്കി; നന്ദി പറഞ്ഞും അഭിനന്ദിച്ചും എലോണ്‍ മസ്ക്
സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും 9 മാസങ്ങള്‍ക്ക് ശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തിയത് ആഘോഷിക്കുകയാണ് ലോകം. സുനിത വില്യംസിനേയും സംഘത്തേയും വഹിച്ചുകൊണ്ടുള്ള നാസയുടെ ക്രൂ-9 സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം പുലർച്ചെ 3:27 ന് ഫ്ലോറിഡയില്‍ വിജയകരമായി കടലില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. നാല് യാത്രക്കാരേയും വഹിച്ചുള്ള പേടകം ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു ബഹിരാകാശനിലയവുമായി ബന്ധം വേർപ്പെടുത്തി ഭൂമിയിലേക്ക് തിരിച്ചത്.
ആദ്യം നടുവിലിരിക്കുന്ന കമാന്‍ഡർ നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവരെയാണ് പുറത്തിറക്കിയത്. ഇതിന് ശേഷം മൂന്നാമതായാണ് സുനിത വില്യംസിനെ പുറത്തെത്തിച്ചത്. നാലാമതായി ബുച്ച് വിൽമറിനേയും പുറത്തേക്ക് മാറ്റി. പുറത്തെത്തിയ ഉടൻ വളരെ സന്തോഷത്തോടെ ഇരുവരും ക്യാമറകൾക്ക് മുൻപിൽ കൈവീശി സന്തോഷം പ്രകടിപ്പിച്ചു.

ബഹിരാകാശ യാത്രികർ സുരക്ഷിതമായി ഭൂമിയില്‍ എത്തിയതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ച് സ്പേസ് എക്സ് സിഇഒ എലോൺ മസ്കും രംഗത്ത് വന്നു. സ്പേസ് എക്സ്, നാസ ടീം അംഗങ്ങളെ അഭിനന്ദിച്ച അദ്ദേഹം ദൗത്യത്തിന് വലിയ മുന്‍ഗണന നൽകിയ തന്റെ സുഹൃത്തും യുഎസ് പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം എക്സില്‍ കുറിക്കുകയായിരുന്നു.
"മറ്റൊരു സുരക്ഷിത ബഹിരാകാശ സഞ്ചാരിയുടെ തിരിച്ചുവരവിന് @SpaceX, @NASA ടീമുകൾക്ക് അഭിനന്ദനങ്ങൾ! ഈ ദൗത്യത്തിന് മുൻഗണന നൽകിയതിന് @POTUS-ന് നന്ദി!" എലോണ്‍ മസ്ക് ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ക്രൂ- 9 ലാൻഡിംഗിന് ശേഷം പേടകത്തില്‍ നിന്നും പുറത്ത് ഇറങ്ങിയ യാത്രികരെ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റി. മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് ലാന്‍ഡ് ചെയ്ത ക്രൂ- 9 ഡ്രാഗൺ പേടകത്തെ സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പലിലാണ് തീരത്തേക്ക് എത്തിച്ചത്.
കഴിഞ്ഞ വർഷം ജൂൺ 5 ന് നാസയുടെ ബോയിംഗ് ക്രൂ ഫ്ലൈറ്റിലാണ് ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്തേക്ക് എത്തിയത്. മുന്‍നിശ്ചയപ്രകാരം ഭ്രമണപഥത്തിലെ ലബോറട്ടറിയില്‍ അവര്‍ക്ക് എട്ട് ദിവസം മാത്രമേ ചെലവഴിക്കേണ്ടിയിരുന്നുള്ളൂ. എന്നാല്‍ സ്റ്റാർലൈനറിലെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം മടങ്ങി വരവ് നിരവധി തവണ മുടങ്ങി.


Click it and Unblock the Notifications