ചിരിച്ച് കൈവീശി പുറത്തിറങ്ങി സുനിതയും ബുച്ചും; കൈയ്യടിയോടെ സ്വീകരണം, പിന്നാലെ വൈദ്യപരിശോധനക്ക് മാറ്റി
ആകാംക്ഷ നിറഞ്ഞ മണിക്കൂറുകൾക്കൊടുവിൽ സുനിത വില്യംസും സംഘം ഭൂമിയിലെത്തി. ഇന്ത്യൻ സമയം പുലർച്ചെ 3.30 ഓടെയായിരുന്നു പേടകം മെക്സിക്കൻ ഉൾക്കടലിൽ പതിച്ചത്. തുടർന്ന് ഒരു മണിക്കൂറോളം കഴിഞ്ഞ് 4.25 ഓടെയാണ് നാല് പേരേയും പേടകത്തിൽ നിന്നും പുറത്തെത്തിച്ചത്. നിറഞ്ഞ കൈയ്യടികളോടെയാണ് സുനിത അടക്കമുള്ള ബഹിരാകാശ യാത്രികരെ ചുറ്റം കൂടിയവർ സ്വീകരിച്ചത്.
നിശ്ചയിച്ചത് പ്രകാരമായിരുന്നു സ്പേസ് എക്സ് ഡ്രാഗൺ ക്രൂ 9 പേടകം ഭൂമിയെ തൊട്ടത്. നാല് പേരേയും വഹിച്ചുള്ള പേടകം ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു ബഹിരാകാശനിലയവുമായി ബന്ധം വേർപ്പെടുത്തി ഭൂമിയിലേക്ക് തിരിച്ചത്.
ഭൂമിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് പേടകത്തിൽ നിന്നുള്ള ട്രങ്ക് ഭാഗം വിട്ടുമാറി. പിന്നീട് അതിവേഗത്തിൽ ഭൂമിയിലേക്ക് കുതിച്ച പേടകത്തിന്റെ വേഗം നിയന്ത്രിച്ച് വളരെ സുരക്ഷിതമായി ഡീബേൺ ഓർബിറ്റിങ് പൂർത്തിയാക്കി. ഇന്ത്യൻ സമയം 2.57 ഓടെയായിരുന്നു ഇത്. തുടർന്ന് കൃത്യം 3.30 ഓടെ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡ തീരത്തിനോട് അടുത്ത് പതിച്ചു.

ഉടൻ തന്നെ സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്തു. ഏറെ സുരക്ഷിതമായിട്ടായിരുന്നു നടപടികൾ. കപ്പലിലേക്ക് മാറ്റിയ പേടകം പിന്നേയും തുടർ പരിശോധനകൾക്ക് വിധേയമാക്കിയതിന് ശേഷമായിരുന്നു തുറന്നത്. ആദ്യം നടുവിലിരിക്കുന്ന നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവരെയാണ് പുറത്തിറക്കിയത്. ഇതിന് ശേഷമാണ് സുനിത വില്യംസിനെ പുറത്തെത്തിച്ചത്. നാലാമതായിരുന്നു ബുച്ച് വിൽമറിനെ പുറത്തേക്ക് മാറ്റിയത്.
പുറത്തെത്തിയ ഉടൻ വളരെ സന്തോഷത്തോടെ ഇരുവരും ക്യാമറകൾക്ക് മുൻപിൽ കൈവീശി. പിന്നാലെ സ്ട്രെച്ചറുകളിൽ ഇവരെ കപ്പലിനുള്ളിലേക്ക് മാറ്റി.ഇനി നാല് പേരേയും ടെക്സസിലെ ഹൂസ്റ്റണിലുളള നാസയുടെ ജോൺസൺ സ്പേസ് സെന്ററിലേക്കാണ് കൊണ്ടുപോകുക. ഇവിടെ വൈദ്യപരിശോധന പൂർത്തിയാക്കും. എങ്കിലും ഇപ്പോൾ ഇവർക്ക് വീട്ടിലേക്ക് മടങ്ങാൻ സാധിക്കല്ല. ഏറെ ദിവസം നീണ്ട ആരോഗ്യപരിശോധനങ്ങളും പരിചരണവും പൂർത്തീകരിച്ചതിന് ശേഷം മാത്രമായിരിക്കും ഇവർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ കഴിയുക.
287 ദിവസമാണ് സുനിത വില്യംസ് ബുച്ച് വിൽമറും ബഹിരാകാശത്ത് കഴിഞ്ഞത്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു സുനിതയും ബുച്ചും ബഹിരാകാശത്തേക്ക് തിരിച്ചത്. 8 ദിവസത്തേക്കായിരുന്നു യാത്ര. എന്നാൽ ഇവർ സഞ്ചരിച്ച പേടകത്തിൽ ഹീലിയം ചോർച്ച സംഭവിക്കുകയായിരുന്നു. ഇതോടെയാണ് മടക്കയാത്ര മുടങ്ങിയത്. ചരിത്രം കുറിച്ചാണ് സുനിതയും സംഘവും മടങ്ങിയതെങ്കിലും ഇത്രയും കാലം ബഹിരാകാശത്ത് തുടർന്നതിനാൽ ഇവർ നേരിടാനിടയുള്ള ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണ് പ്രധാന ആശങ്ക. കുറച്ച് നാളുകളോളം ഭൂമിയിലെ ഇവരുടെ ജീവിതം അത്ര എളുപ്പമായിരിക്കില്ല. ഇവർക്ക് ഹൃദയസംബന്ധമായ പ്രശ്നം അടക്കം പലവിധ ശാരീരിക മാനസിക പ്രയാസങ്ങൾ ഉണ്ടായേക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications