നീലയല്ല, ഓറഞ്ച്..!! സൂപ്പര്‍ ബ്ലൂ മൂണിനായി കാത്തിരിക്കാം; എപ്പോള്‍, എവിടെ? അറിയേണ്ടതെല്ലാം
ലോകത്തിലെ എല്ലാ വാനനിരീക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ ബ്ലൂ മൂണ്‍ നാളെ. അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന് വിശേഷിപ്പിക്കാവുന്ന ചാന്ദ്രപ്രതിഭാസമാണ് നാളെ നടക്കാനിരിക്കുന്നത്. ഇനി നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമെ ഈ ചാന്ദ്രസംഭവം ആവര്‍ത്തിക്കൂ. അതിനാല്‍ തന്നെ വണ്‍സ് ഇന്‍ എ ബ്ലൂ മൂണ്‍ എന്ന പ്രയോഗത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന പ്രതിഭാസത്തിനാണ് വാനനിരീക്ഷകര്‍ കാത്തിരിക്കുന്നത്.
ബ്ലൂ മൂണ്‍ എന്നാണ് ഇതിനെ വിളിക്കുന്നതെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ ഇത് നീല ചന്ദ്രനല്ല. വാസ്തവത്തില്‍ ചന്ദ്രന്‍ ഈ സമയത്ത് ഓറഞ്ച് നിറത്തില്‍ ആണ് ദൃശ്യമാകുക. ഒരു മാസത്തില്‍ ഉണ്ടാകുന്ന രണ്ടാമത്തെ പൂര്‍ണ ചന്ദ്രനാണ് ബ്ലൂ മൂണ്‍ എന്ന് അറിയപ്പെടുന്നത്. പൂര്‍ണ്ണ ചന്ദ്രന്‍ സാധാരണയായി മാസത്തിലൊരിക്കലാണ് ദൃശ്യമാകുക. എന്നാല്‍ ബ്ലൂ മൂണ്‍ ഉള്ളപ്പോള്‍ ഇത് രണ്ട് തവണയുണ്ടാകും.

വടക്കന്‍ അര്‍ദ്ധഗോളത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ പൂര്‍ണ്ണ ചന്ദ്രന്‍ ഒരു സൂപ്പര്‍ ബ്ലൂ മൂണ്‍ ആയിരിക്കും. കാരണം ഇത് ഒരു കലണ്ടര്‍ മാസത്തിലെ രണ്ടാമത്തെ പൂര്‍ണ്ണ ചന്ദ്രനായിരിക്കും. ഈ വര്‍ഷം ദൃശ്യമാകുന്ന മൂന്നാമത്തെ വലിയ ചന്ദ്രനായിരിക്കും ഈ സൂപ്പര്‍ ബ്ലൂ മൂണ്‍. ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്തെ പൂര്‍ണ്ണ ചന്ദ്രനെയാണ് സൂപ്പര്‍ ബ്ലൂ മൂണ്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഈ ചന്ദ്രന്‍ താരമ്യേന വലുതായിരിക്കും. സൂപ്പര്‍ മൂണുകള്‍ 40% അധികം വലിപ്പത്തിലും 30% കൂടുതല്‍ പ്രകാശമുള്ളതുമായി ഈ സമയത്ത് കാണപ്പെടുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആഗസ്റ്റ് 30-ന് രാത്രി 8:37-ന് സൂപ്പര്‍ ബ്ലൂ മൂണ്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന തെളിച്ചത്തില്‍ എത്തും. ഇതാണ് സൂപ്പര്‍ ബ്ലൂ മൂണ്‍ കാണുവാനുള്ള ഏറ്റവും അനുയോജ്യമായ സമയം എന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്.
ബ്ലൂ സൂപ്പര്‍മൂണുകള്‍ വളരെ അപൂര്‍വമായ ഒരു പ്രതിഭാസമാണ് എന്നാണ് നാസയുടെ അഭിപ്രായപ്പെടുന്നത്. ജ്യോതിശാസ്ത്രപരമായ സാഹചര്യങ്ങള്‍ കാരണം ഈ ഉപഗ്രഹങ്ങള്‍ പലപ്പോഴും പത്ത് വര്‍ഷത്തിലൊരിക്കല്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂ.
ചിലപ്പോള്‍ ബ്ലൂ മൂണുകള്‍ തമ്മിലുള്ള ഇടവേള ഇരുപത് വര്‍ഷത്തോളം നീണ്ടുനില്‍ക്കാറുണ്ട്. പൂര്‍ണ്ണചന്ദ്രനില്‍ 3% മാത്രമേ ബ്ലൂ മൂണുകള്‍ക്കുള്ളൂവെങ്കിലും എല്ലാ പൂര്‍ണ്ണചന്ദ്രനുകളുടെയും 25% സൂപ്പര്‍മൂണുകളാണ്. അടുത്ത സൂപ്പര്‍ ബ്ലൂ മൂണ്‍് 2037 ജനുവരി, മാര്‍ച്ച് മാസങ്ങളില്‍ സംഭവിക്കും എന്നാണ് കരുതുന്നത്












Click it and Unblock the Notifications