മനുഷ്യക്കടത്തെന്ന് സംശയം; 303 ഇന്ത്യക്കാരുമായി യാത്ര ചെയ്ത വിമാനം തടഞ്ഞ് ഫ്രഞ്ച് പൊലീസ്, 2 പേര്‍ കസ്റ്റഡിയില്‍
ന്യൂദല്‍ഹി: 300-ലധികം ഇന്ത്യന്‍ യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പോയ വിമാനത്തില്‍ നിന്നുള്ള രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്ത് ഫ്രഞ്ച് പൊലീസ്. മനുഷ്യക്കടത്ത് സംശയത്തിന്റെ പേരിലാണ് ഫ്രഞ്ച് പൊലീസിന്റെ നടപടി. യു എ ഇയില്‍ നിന്ന് നിക്കരാഗ്വയിലേക്ക് പുറപ്പെട്ട വിമാനമാണ് ഫ്രഞ്ച് പൊലീസ് ഫ്രാന്‍സില്‍ നിലത്തിറക്കി പരിശോധിച്ചത്. ഇന്ത്യന്‍ അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചുവരികയാണ്.
ജുഡീഷ്യല്‍ അന്വേഷണത്തിനായാണ് നടപടി എന്നും ചാര്‍ട്ടര്‍ വിമാനമാണ് നിലത്തിറക്കിയത് എന്നും ഫ്രാന്‍സ് അറിയിച്ചു. റൊമാനിയന്‍ ചാര്‍ട്ടര്‍ കമ്പനിയായ ലെജന്‍ഡ് എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 340 എന്ന വിമാനത്തിലായിരുന്നു പരിശോധന. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ചിലര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് അധികൃതര്‍ ഇടപെട്ട് വിമാനം നിലത്തിറക്കിയത് എന്ന് പാരീസ് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ഫ്രഞ്ച് പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. അതേസമയം ലെജന്‍ഡ് എയര്‍ലൈന്‍സിന്റെ ഭാഗത്ത് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ല എന്ന് എയര്‍ലൈന്‍സ് അഭിഭാഷക ലിലിയാന ബകയോക്കോ എ എഫ് പിയോട് പറഞ്ഞു. എന്നാല്‍ പാരീസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയാല്‍ എയര്‍ലൈന്‍ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് കോണ്‍സുലാര്‍ പ്രവേശനം ഇന്ത്യക്ക് അനുവദിച്ചിട്ടുണ്ട്. കൂടാതെ യാത്രക്കാരുടെ ക്ഷേമം അന്വേഷിക്കാനും ഉറപ്പാക്കാനും ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട് എന്ന് ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി എക്സില്‍ അറിയിച്ചു. അമേരിക്കയിലേക്കോ കാനഡയിലേക്കോ അനധികൃത പ്രവേശനം നടത്താന്‍ യാത്രക്കാര്‍ മധ്യ അമേരിക്കയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരിക്കം എന്നാണ് ഉദ്യോഗസ്ഥരുടെ സംശയം.
ഫ്രാന്‍സില്‍ ഇറങ്ങിയ ശേഷം യാത്രക്കാരെ ആദ്യം വിമാനത്തില്‍ തന്നെ തടഞ്ഞുവെച്ചു. പിന്നീട് പുറത്തേക്ക് വിടുകയും ടെര്‍മിനല്‍ കെട്ടിടത്തില്‍ താമസസ്ഥലം ഒരുക്കുകയും ചെയ്തു. ഇന്നലെ രാത്രി മുഴുവന്‍ 303 ഇന്ത്യക്കാരും വിമാനത്താവളത്തില്‍ ആണ് ചെലവഴിച്ചത്. അതേസമയം ഇവരെ എപ്പോള്‍ പുറപ്പെടാന്‍ അനുവദിക്കുമെന്ന് അധികൃതര്‍ ഇതുവരെ അറിയിപ്പൊന്നും നല്‍കിയിട്ടില്ല.
ബോര്‍ഡര്‍ പൊലീസ് തുടക്കത്തില്‍ ഒരു വിദേശ പൗരനെ അവര്‍ ഉദ്ദേശിച്ച ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നത് തടഞ്ഞാല്‍ നാല് ദിവസം വരെ തടവിലാക്കാം. ജഡ്ജി അത് അംഗീകരിച്ചാല്‍ ആ കാലയളവ് എട്ട് ദിവസമായി നീട്ടാന്‍ ഫ്രഞ്ച് നിയമം അനുവദിക്കുന്നു. അസാധാരണമായ സാഹചര്യങ്ങളില്‍ പരമാവധി 26 ദിവസം വരെ ഇങ്ങനെ കസ്റ്റഡിയില്‍ വെക്കാം.












Click it and Unblock the Notifications