ബന്ധുക്കൾ തമ്മിലുള്ള വിവാഹം ഇനി നടക്കില്ല! ചരിത്രപരമായ നിയമവുമായി ഈ പ്രമുഖ രാജ്യം
യൂറോപ്യൻ രാജ്യമായ സ്വീഡനിൽ കസിൻസും മറ്റ് രക്തബന്ധമുള്ളവരും തമ്മിലുള്ള വിവാഹങ്ങൾ പൂർണ്ണമായും നിരോധിച്ചു. സ്വീഡിഷ് പാർലമെന്റായ റിക്സ്ദാഗ്, ഗവൺമെന്റിന്റെ ഈ ചരിത്രപരമായ നിയമഭേദഗതി നിർദ്ദേശം ഏകകണ്ഠമായാണ് പാസാക്കിയത്. കുടുംബങ്ങളിലും സമൂഹങ്ങളിലും നിലനിൽക്കുന്ന ദുരഭിമാനത്തിന്റെ പേരിലുള്ള പീഡനങ്ങൾ, നിർബന്ധിത വിവാഹങ്ങൾ, സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്തവർക്കും നേരെയുള്ള അതിക്രമങ്ങൾ എന്നിവ തടയുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യം നിയമം ശക്തമാക്കിയിരിക്കുന്നത്.
പുതിയ നിയമപ്രകാരം അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് രാജ്യത്ത് കർശനമായ വിലക്കുണ്ടാകും. ഇതിനുപുറമെ, വിദേശരാജ്യങ്ങളിൽ വച്ച് നടത്തുന്ന ഇത്തരം വിവാഹങ്ങൾക്ക് പൊതുവായ നിയമങ്ങൾ അനുസരിച്ച് സ്വീഡനിൽ ഇനിമുതൽ യാതൊരുവിധ നിയമസാധുതയും ഉണ്ടായിരിക്കില്ലെന്നും ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിലെ ലൂപ്പ്ഹോളുകൾ ഉപയോഗിച്ച് ആളുകൾ വിദേശത്തുപോയി വിവാഹം കഴിഞ്ഞ് വരുന്നത് തടയാനാണ് ഈ മുൻകരുതൽ.
ആരെയൊക്കെയാണ് ഈ വിലക്ക് ബാധിക്കുക?
സ്വീഡനിലെ പുതിയ നിയമ ഭേദഗതി പ്രകാരം താഴെ പറയുന്ന വിഭാഗങ്ങൾ തമ്മിലുള്ള വിവാഹങ്ങൾക്കാണ് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഫസ്റ്റ് കസിൻസ്: സ്വന്തം അമ്മാവന്റെയോ, അമ്മായിയുടെയോ, വലിയമ്മയുടെയോ, ചെറിയമ്മയുടെയോ മക്കൾ തമ്മിലുള്ള വിവാഹം.

സഹോദരങ്ങളുടെ നേരിട്ടുള്ള തലമുറ: ഒരാൾക്ക് തന്റെ സ്വന്തം സഹോദരങ്ങളുട മക്കളെയോ അവരുടെ അടുത്ത തലമുറയെയോ വിവാഹം കഴിക്കാൻ സാധിക്കില്ല.
ഹാഫ് ബ്രദേഴ്സ് & സിസ്റ്റേഴ്സ്: ഒരു അമ്മയുടെയോ അല്ലെങ്കിൽ ഒരു അച്ഛന്റെയോ മാത്രം മക്കളായവർ (സഹോദരങ്ങൾ) തമ്മിലുള്ള വിവാഹം. ഇവർക്ക് മുൻപ് ചില പ്രത്യേക സാഹചര്യങ്ങളിൽ അനുമതി നൽകിയിരുന്നുവെങ്കിലും ഇനി മുതൽ അത് സാധ്യമാകില്ല.
ദത്തെടുത്ത സഹോദരങ്ങൾ: ദത്തെടുക്കൽ വഴി നിയമപരമായി സഹോദരങ്ങളായവർ തമ്മിലുള്ള വിവാഹങ്ങൾക്കും ഇനി അനുമതി ഉണ്ടായിരിക്കില്ല.
നിയമത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ
ആഫ്രിക്കൻ, ഏഷ്യൻ, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്നും സ്വീഡനിലേക്ക് കുടിയേറിയ ചില കമ്മ്യൂണിറ്റികൾക്കിടയിൽ രക്ത ബന്ധങ്ങളിൽ ഉള്ളവർ തമ്മിലുള്ള വിവാഹം വളരെ കൂടുതലായി കാണപ്പെടുന്നുണ്ട്. പലപ്പോഴും ഇത്തരം വിവാഹങ്ങൾ കുടുംബങ്ങളുടെ താല്പര്യപ്രകാരം ഉറപ്പിക്കുന്നവയോ അല്ലെങ്കിൽ നിർബന്ധിതമായി നടത്തുന്നവയോ ആണ്. ഇത് പെൺകുട്ടികളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും ഹനിക്കുന്നുവെന്ന് സ്വീഡിഷ് ഗവൺമെന്റ് നിയോഗിച്ച പ്രത്യേക കമ്മീഷൻ കണ്ടെത്തിയിരുന്നു.
കുടുംബ സ്വാധീനം വർദ്ധിപ്പിക്കാനും, കുടുംബത്തിന് പുറത്തുള്ളവരുമായി ഇടപഴകുന്നത് തടയാനും ഇത്തരം വിവാഹങ്ങൾ കാരണമാകുന്നുണ്ട്. ഇത് കുടിയേറ്റക്കാരായ ആളുകൾ സ്വീഡിഷ് സമൂഹവുമായി ഒത്തുപോകുന്നതിനും തടസ്സമാകുന്നു. കൂടാതെ, അടുത്ത ബന്ധുക്കൾ തമ്മിൽ വിവാഹം കഴിക്കുന്നത് വഴി ജനിക്കുന്ന കുട്ടികളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഗുരുതരമായ ജനിതക വൈകല്യങ്ങളും ആരോഗ്യപ്രശ്നങ്ങളും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
സ്കാൻഡിനേവിയൻ മേഖലയിൽ നോർവെയ്ക്ക് ശേഷം കസിൻസ് വിവാഹം നിരോധിക്കുന്ന രണ്ടാമത്തെ പ്രധാന രാജ്യമായി ഇതോടെ സ്വീഡൻ മാറി. ദുരഭിമാന പീഡനങ്ങളിൽ നിന്നും സ്ത്രീകളെയും യുവാക്കളെയും സംരക്ഷിക്കാൻ ഈ നിയമം അത്യന്താപേക്ഷിതമാണെന്നാണ് സ്വീഡിഷ് അധികൃതരുടെ നിലപാട്. പുതിയ നിയമഭേദഗതികൾ വരും മാസത്തിൽ, അതായത് ജൂലൈ 1 മുതൽ രാജ്യത്ത് ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.












Click it and Unblock the Notifications