സ്വീഡനില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെയ്പ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
സ്‌റ്റോക്ക്‌ഹോം: സ്വീഡനിലെ ഒരു ഹെയര്‍ സലൂണില്‍ നടന്ന കൂട്ട വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സ്വീഡന്‍ നഗരമായ ഉപ്‌സാലയില്‍ ആണ് വെടിവെയ്പ്പുണ്ടായത്. പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമായ യു എന്‍ ടി ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. നഗരമധ്യത്തിലെ വക്സല സ്‌ക്വയറിനടുത്താണ് കൂട്ട വെടിവയ്പ്പ് നടന്നത്.
അഞ്ച് തവണ വെടിയൊച്ചകള്‍ കേട്ടതായും ആളുകള്‍ പ്രാണരക്ഷാര്‍ത്ഥം ഓടുന്നതായി കണ്ടു എന്നും ദൃക്സാക്ഷികള്‍ ബ്രോഡ്കാസ്റ്റര്‍ എസ്വിടിയോട് പറഞ്ഞു. അക്രമിയെ പിടികൂടാന്‍ പൊലീസ് പരിശോധന പുരോഗമിക്കുകയാണ്. വാള്‍പുര്‍ഗിസ് വസന്തോത്സവത്തിന്റെ തലേന്ന് തെരുവുകളിലേക്ക് വലിയ ജനക്കൂട്ടം എത്തിപ്പെടുന്ന സമയത്താണ് വെടിവയ്പ്പ് നടന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരവധി ആളുകളെ വെടിയേറ്റുള്ള പരിക്കുകളോടെ കണ്ടെത്തിയിട്ടുണ്ട് എന്ന് ന്യൂസ് വീക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തിന്റെ വലിയൊരു ഭാഗം പൊലീസ് വളഞ്ഞിരിക്കുകയാണ് എന്നാണ് വിവരം. ഈ വര്‍ഷം ഫെബ്രുവരിയില്‍, സ്വീഡന്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ കൂട്ട വെടിവയ്പ്പിന് സാക്ഷ്യം വഹിച്ചിരുന്നു.
ഒറെബ്രോ നഗരത്തിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തില്‍ 35 കാരന്‍ നടത്തിയ വെടിവെയ്പ്പില്‍ പത്ത് വിദ്യാര്‍ത്ഥികളും അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി, രാജ്യത്തെ വലതുപക്ഷ സര്‍ക്കാര്‍ തോക്ക് നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications