ആണ്‍കുട്ടികള്‍ക്കൊപ്പം നീന്തിയില്ല; മുസ്ലീം പെണ്‍കുട്ടികള്‍ക്ക് പൗരത്വം നിഷേധിച്ചു
ജനീവ: സ്‌കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുന്ന നീന്തല്‍ പാഠങ്ങള്‍ പരിശീലിക്കാന്‍ വിമുഖത കാട്ടിയ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്വിറ്റസര്‍ലന്‍ഡ് സര്‍ക്കാര്‍ പൗരത്വം നിഷേധിച്ചു. കഴിഞ്ഞവര്‍ഷം നടന്ന സംഭവം രണ്ടുദിവസം മുന്‍പാണ് പുറത്തുവരുന്ത്. സ്വിറ്റസര്‍ലന്‍ഡിലെ ബാസല്‍ സ്വദേശിനികളായ 12, 14 വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് പൗരത്വം നിഷേധിച്ചത്.
സ്‌കൂള്‍ കരിക്കുലം പൂര്‍ണമാക്കാത്തവരെ പൗരത്വത്തിന് പരിഗണിക്കില്ലെന്നത് സര്‍ക്കാര്‍ നിയമമാണെന്നും അത് പാലിക്കാത്തവര്‍ക്ക് പൗരത്വം നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ സമയത്താണ് നീന്തല്‍ ക്ലാസെന്നും തങ്ങളുടെ മതം അതിന് അനുവദിക്കുന്നില്ലെന്നുമാണ് പെണ്‍കുട്ടികളുടെ വിശദീകരണം.

ഇത്തരം വിശദീകരണം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അധികൃതരും വ്യക്തമാക്കി. സ്വിറ്റ്‌സര്‍ലന്‍ഡ് പൗരത്വം ലഭിക്കാന്‍ രാജ്യത്തിന്റെ നിയമം പാലിക്കുകയും ഇവിടുത്തെ ജീവിതരീതിയുമായി ഇഴുകിച്ചേരുകയും വേണം. അങ്ങിനെയല്ലാത്തവരെ പൗരത്വത്തിനായി പരിഗണിക്കാനാകില്ല. ഇത് ഏതെങ്കിലും മതത്തിനെതിരല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
രണ്ട് മുസ്ലീം പെണ്‍കുട്ടികളെ സ്‌കൂളില്‍ നീന്തല്‍ പരിശീലനത്തിന് അയക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു രക്ഷിതാവിന് വന്‍ തുക പിഴ വിധിച്ചിരുന്നു. വേറൊരു സംഭവത്തില്‍ സ്‌കൂള്‍ അധ്യാപികയ്ക്ക് കൈ കൊടുക്കാന്‍ വിസമ്മതിച്ച മുസ്ലീം വിദ്യാര്‍ഥികളുടെ പൗരത്വ അപേക്ഷ സര്‍ക്കാര്‍ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. രാജ്യത്തെ നിയമത്തില്‍ മതങ്ങള്‍ക്കുവേണ്ടി യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കാത്ത രാജ്യമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്.












Click it and Unblock the Notifications