ഓസ്‌ട്രേലിയ തീവ്രവാദി ആക്രമം; ആവശ്യങ്ങള്‍ അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റ്
സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ കോഫി ഷോപ്പില്‍ തോക്കും ആയുധങ്ങളുമായി അതിക്രമിച്ചകയറിയശേഷം ജനങ്ങളെ ബന്ദികളാക്കിയ തീവ്രവാദി തന്റെ ആവശ്യം സര്‍ക്കാരിനെ അറിയിച്ചു. ബന്ദികളിലൊരാളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അക്രമി ആവശ്യങ്ങളുടെ പട്ടിക ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെ അറിയിച്ചത്. ആയുധധാരി ഇസ്‌ലാമിക് സ്‌റ്റേറ്റി(ഐസിസ്)നുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് സംശയിക്കുന്നു.
ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പതാകവേണമെന്നാണ് അക്രമിയുടെ പ്രധാന ആവശ്യം. പതാക നല്‍കിയാല്‍ ഒരു ബന്ദിയെ വിട്ടയക്കാമെന്ന് വാഗ്ദാനമുണ്ട്. ഐസിസ് ഓസ്‌ട്രേലിയയെ ആക്രമിച്ചെന്ന കാര്യം ലോകത്തെ അറിയിക്കണമെന്നാണ് മറ്റൊരു ആവശ്യം. മാത്രമല്ല, പ്രധാനമന്ത്രി ടോണി ആബട്ടുമായി സംസാരിച്ചാല്‍ അഞ്ചുപേരെ വിട്ടയക്കാമെന്നും അക്രമി വാഗ്ദാനം ചെയ്തു. ബന്ദിയാക്കപ്പെട്ട മാര്‍സിയ മിഖായേല്‍ എന്നയാളുടെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പുറംലോകത്തെത്തിയത്.

അതിനിടെ അക്രമിയെ തിരിച്ചറിഞ്ഞതായി ഓസ്‌ട്രേലിയ അറിയിച്ചു. എന്നാല്‍ പ്രതിയുടെ പേരുവിവരങ്ങള്‍ ഒരു കാരണവശാലും പുറത്തുവിടരുതെന്ന് മാധ്യമങ്ങളോട് നിര്‍ദ്ദേശിച്ചു. 40ഉം അമ്പതിനും മദ്ധ്യേ പ്രായമുള്ളയാളാണ് അക്രമി. ഇയാളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട അഞ്ചുപേരില്‍ നിന്നും വിശദമായ വിവരങ്ങള്‍ സുരക്ഷാസേന ശേഖരിക്കുകയാണ്. ബന്ദികളുടെ ജീവന് അപകടം പറ്റാത്തവിധം കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബന്ദിയാക്കപ്പെട്ടവരില്‍ ഇന്‍ഫോസിസ് ജീവനക്കാനും ഉള്ളതായി ഇന്‍ഫോസിസ് സ്ഥിരീകരിച്ചു. എന്നാല്‍ ഇയാളുടെ പേരോ മറ്റുകാര്യങ്ങളോ വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 9.30ഓടെയാണ് തോക്കുധാരിയായ ഭീകരന്‍ കഫെയില്‍ അതിക്രമിച്ചുകയറി ജനങ്ങളെ ബന്ദിയാക്കിയത്. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറെടുത്ത് സുരക്ഷാസേന കഫെയ്ക്ക് പുറത്ത് കാവല്‍ നില്‍ക്കുകയാണ്.












Click it and Unblock the Notifications