സിറിയന്‍ ഭരണകൂടം സ്ത്രീ തടവുകാരോട് കാട്ടിയ കൊടുക്രൂരത, റിപ്പോര്‍ട്ട് പുറത്ത്, ഐസിസിനെക്കാള്‍ ഭീകരം
ദമാസ്‌ക്കസ്: ഐസിസിന്റെ സിറിയയിലേയും ഇറാഖിലേയും ക്രൂരതകള്‍ ലോകം ഞെട്ടലോടെയാണ് കാണുന്നത്. എന്നാല്‍ ആഭ്യന്തര യുദ്ധം രൂക്ഷമായിരുന്ന കാലത്ത് ഐസിസിനെക്കാള്‍ കിരാതര്‍ സിറിയന്‍ ഭരണകൂടമായിരുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ഐസിസ് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനും ലൈഗിക അടിമകളാക്കുന്നതും കൊല്ലുന്നതുമൊക്കെ വാര്‍ത്തയായിരുന്നു. യുദ്ധത്തടവുകാരായും മറ്റും ജയിലിലെത്തിച്ച സ്ത്രീകളെ ജയിലധികൃതരും ഉന്നത ഉദ്യോഗസ്ഥരും പീഡിപ്പിച്ചിരുന്നത് ഐസിസിനെക്കാള്‍ ഭീകരമായി.
യൂറോ-മെഡിറ്ററേനിയന്‍ ഹ്യൂമന്‍ റൈറ്റ്‌സ് നെറ്റ് വര്‍ക്ക് പുറത്ത് വിട്ട കണക്കുകളിലാണ് വിമതരപ്പോലെ തന്നെ സര്‍ക്കാരും കൊടുംക്രൂരതയ്ക്ക് സ്ത്രീകളെ ഇരയാക്കിയിരുന്നതായി പറയുന്നത്. 'സിറിയയിലെ വനിത തടവുകാര്‍: യുദ്ധത്തിന്റെയും പീഡനത്തിന്റെയും ഉപകരണം' എന്ന 42പേജുകള്‍ വരുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിയ്ക്കുന്നത്.

യുഎന്‍ റൈറ്റ് കൗണ്‍സിലാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. യുദ്ധ വിരാമത്തിനും ജാമ്യവസ്തുവായും സ്ത്രീകളെ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗിക പീഡനം, ശാരീരിക പീഡനം, തടവില്‍ പാര്‍പ്പിയ്ക്കല്‍ എന്നിങ്ങനെ കൊടുക്രൂരതകളാണ് സിറിയന്‍ ഭരണകൂടം സ്ത്രീകളോട് കാട്ടിയത്.
ഗര്‍ഭിണികള്‍, 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികളും മാതാക്കളും എന്നിവരെല്ലാം ഭരണകൂടത്തിന്റെ ക്രൂരതയ്ക്ക് ഇരയായവരില്‍ ഉള്‍പ്പെടുന്നു. ആര്‍ത്തവ സമയത്ത് തണുപ്പ് നിറഞ്ഞ മുറിയില്‍ നഗ്നയായി എലികള്‍ക്കൊപ്പം പൂട്ടിയിട്ടുവെന്ന് 38കാരിയായ ലൈല എന്ന സ്ത്രീ പറയുന്നു. സുരക്ഷ ഉദ്യോഗസ്ഥരിലെ 10പേര്‍ തന്നെ മാറി മാറി ബലാത്സംഗം ചെയ്‌തെന്ന് സൂസന്‍ എന്ന തടവുകാരിയും പറയുന്നു. 16 വയസുള്ള മകന്റെ മുന്നില്‍ വച്ചാണ് തന്നെ ആദ്യം ബലാത്സംഗം ചെയ്തതെന്നും സൂസന്‍ പറയുന്നു.
വിമതരാകട്ടേ ജിഹാദ് സെക്‌സ് എന്ന പേരിലാണ് സ്ത്രീകളെ ഉപയോഗിച്ചിരുന്നത്. ലൈംഗിക ചൂഷണങ്ങള്‍ക്ക് പുറമെ ഒറ്റയ്ക്ക് പൂട്ടിയിടല്‍, പട്ടിണിയ്ക്കിടല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി പല പീഡനങ്ങളും സര്‍ക്കാര്‍ ജയിലുകളില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്നു.












Click it and Unblock the Notifications