ഖത്തര്‍ അമീര്‍ ശൈഖ് തമീം വന്നുപോയി; സിറയന്‍ പ്രസിഡന്റ് സൗദി അറേബ്യയില്‍, വെട്ടിലായത് ഇറാന്‍
റിയാദ്: സിറിയയുടെ പ്രസിഡന്റ് അഹമ്മദ് അല്‍ ശര്‍ആ സൗദി അറേബ്യയില്‍. ബശ്ശാറുല്‍ അസദിനെ പുറത്താക്കിയ ശേഷം സിറിയയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റെടുത്ത അഹമ്മദിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. വിദേശകാര്യ മന്ത്രി അസാദ് ഹസന്‍ അല്‍ ഷിബാനിയും അദ്ദേഹത്തോടൊപ്പമുണ്ട്. 13 വര്‍ഷത്തോളം നീണ്ട ആഭ്യന്തര യുദ്ധം സിറിയയെ പൂര്‍ണമായി തകര്‍ത്തിരിക്കുകയാണ്.
രാജ്യത്തിന്റെ പുനര്‍ നിര്‍മാണത്തിനാണ് മുഖ്യ പരിഗണന എന്ന് അധികാരമേറ്റ ഉടനെ അഹമ്മദ് വ്യക്തമാക്കിയിരുന്നു. സഹായം അഭ്യര്‍ഥിച്ച് ഷിബാനി നേരത്തെ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പ്രസിഡന്റിന്റെ വരവ്. വന്‍ രാഷ്ട്രീയമാറ്റമാണ് ഇതിലൂടെ പശ്ചിമേഷ്യയില്‍ സംഭവിക്കുന്നത്...

റിയാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ അഹമ്മദിന് മികച്ച സ്വീകരണമാണ് സൗദി അറേബ്യ നല്‍കിയത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അഹമ്മദ് ചര്‍ച്ച നടത്തും. സിറിയയും സൗദി അറേബ്യയും തമ്മില്‍ നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. എന്നാല്‍ ഷിയാ വിഭാഗക്കാരനായ അസദിന്റെ ഭരണകാലത്താണ് ഇരുരാജ്യങ്ങളും അകന്നത്.
സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അടുത്തിടെ സിറിയ സന്ദര്‍ശിച്ചിരുന്നു. സൗദിയുടെ എംബസി വീണ്ടും ദമസ്‌കസില്‍ തുറക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി സിറിയയിലെത്തിയിരുന്നു. സിറിയയുടെ പുനര്‍ നിര്‍മാണത്തിന് സഹായിക്കുമെന്ന് ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്.
തൊട്ടുപിന്നാലെയാണ് സിറിയയുടെ പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനം. അസദിന്റെ ഭരണകാലത്ത് സിറിയക്ക് ഇറാനുമായിട്ടായിരുന്നു കൂടുതല്‍ അടുപ്പം. എന്നാല്‍ പുതിയ ഭരണകൂടം ഇറാനുമായി അത്ര മികച്ച ബന്ധം പുലര്‍ത്തുന്നില്ല. ആഭ്യന്തര യുദ്ധകാലത്ത് വിമതരെ സഹായിക്കാനും സൗദിയും ഖത്തറും മുന്നിലുണ്ടായിരുന്നു. ആ ബന്ധമാണ് സിറിയയുടെ പുതിയ നയംമാറ്റത്തിന് കാരണം. ആഭ്യന്തര യുദ്ധകാലത്ത് ഇറാന്‍ സിറിയന്‍ ഭരണകൂടത്തിന് ഒപ്പമായിരുന്നു.
പശ്ചിമേഷ്യയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇറാന്‍. മേഖലയിലെ സായുധ സംഘങ്ങളെ ഉപയോഗിച്ച് ഇറാന്‍ നടത്തിവന്നിരുന്ന നീക്കങ്ങള്‍ ഇപ്പോള്‍ നിലച്ച മട്ടാണ്. ഇസ്രായേലിന്റെ ശക്തമായ ആക്രമണം, അമേരിക്കയിലെ ഭരണമാറ്റം, ലബനാനിലെ ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ കൊലപാതകം, ബശ്ശാറുല്‍ അസദിന്റെ പലായനം എന്നിവയെല്ലാം ഇറാന്‍ തളരാന്‍ കാരണമായിട്ടുണ്ട്.
അതിനിടെ, ബശ്ശാറുല്‍ അസദിന്റെ ബന്ധു ആതിഫ് നജീബിനെ പോലീസ് അറസ്റ്റ് ചെയ്തു. ശിയാക്കള്‍ക്ക് സ്വാധീനമുള്ള ലകാതിയ മേഖലയില്‍ വച്ചാണ് പിടികൂടിയത്. ആഭ്യന്തര യുദ്ധകാലത്ത് വിമതര്‍ക്കെതിരായ ക്രൂരതയ്ക്ക് നേതൃത്വം നല്‍കിയവരില്‍ ഒരാളാണ് നജീബ്. സിറിയയിലെ ജനങ്ങളെ ദ്രോഹിച്ചവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ് അഹമ്മദ് വ്യക്തമക്കിയിരുന്നു. അസദും കുടുംബവും നിലവില്‍ റഷ്യയില്‍ അഭയം തേടിയിരിക്കുകയാണ്.












Click it and Unblock the Notifications