'കശ്മീരിലെ മുസ്ലിങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തും' നിലപാട് മാറ്റി, പരസ്യപ്രസ്താവനയുമായി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ അധികാരമേറ്റതിന് പിന്നാലെ കശ്മീർ വിഷയത്തിൽ പരാമർശവുമായി താലിബാൻ. ജമ്മു കശ്മീരിലെ മുസ്ലീങ്ങളെ പിന്തുണയ്ക്കാൻ താലിബാന് വകാശമുണ്ടെന്ന പ്രസ്താവനയുമായി താലിബാൻ വക്താവാണ് രംഗത്തെത്തിയിട്ടുള്ളത്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും അതിനാൽ കശ്മീരിൽ താലിബാൻ ഇടപെടില്ലെന്ന മുതിർന്ന താലിബാൻ നേതാവ് അനസ് ഹഖാനിയുടെ വാദത്തെ എതിർക്കുന്ന പ്രസ്താവനകളാണ് പുറത്തുവന്നിട്ടുള്ളത്. ഇന്ത്യയുമായി വാണിജ്യ സാംസ്കാരിക രാഷ്ട്രീയ ബന്ധം താലിബാൻ ആഗ്രഹിക്കുന്നുവെന്നാണ് ഓഗസ്റ്റ് 15ന് കാബൂള്‍ പിടിച്ചെടുത്ത ശേഷം താലിബാന്‍ പ്രതിനിധികള്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് കശ്മീർ വിഷയത്തിൽ നിലപാട് മാറ്റിയിട്ടുള്ളത്.

താലിബാൻ വക്താവ് സുഹൈൽ ഷഹീനെ ഉദ്ധരിച്ച് ബിബിസി ഉർദുവാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വ്യാഴാഴ്ച ഓൺലൈനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, ഒരു രാജ്യത്തിനെതിരെയും ആയുധമെടുക്കുന്ന നയമല്ല താലിബാന് ഉള്ളതെന്നും പറഞ്ഞു. ഈ പശ്ചാത്തലത്തിൽ, 2020 ഫെബ്രുവരിയിൽ താലിബാനും യുഎസും ഒപ്പിട്ട കരാറിലെ വ്യവസ്ഥകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചിരുന്നു.

കശ്മീരിലോ ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യങ്ങളിലോ മുസ്ലീങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ മുസ്ലീങ്ങളെന്ന നിലയിൽ താലിബാന് അവകാശമുണ്ടെന്നാണ് ഷഹീൻ പറഞ്ഞത്. "ഞങ്ങൾ ശബ്ദം ഉയർത്തുകയും മുസ്ലീങ്ങൾ നിങ്ങളുടെ സ്വന്തം ജനതയാണെന്നും നിങ്ങളുടെ പൗരന്മാരാണെന്നും പറയും. നിങ്ങളുടെ നിയമപ്രകാരം അവർക്ക് തുല്യ അവകാശങ്ങൾക്ക് അർഹതയുണ്ട്, "അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ന്യൂസ് 18 ചാനൽ സംപ്രേഷണം ചെയ്ത താലിബാന്റെ 14 അംഗ ചർച്ചാ സംഘത്തിലെ അംഗമായ ഹഖാനി നെറ്റ്‌വർക്ക് നേതാവ് അനസ് ഹഖാനി സ്വീകരിച്ച നിലപാടിന് തികച്ചും വിരുദ്ധമാണ് ഷഹീന്റെ ഇപ്പോഴത്തെ പരാമർശങ്ങൾ.

കശ്മീർ അഫ്ഗാനിസ്ഥാന്റെ പ്രശ്നമല്ലെന്നാണ് ഹഖാനി അഭിമുഖത്തിൽ പറഞ്ഞിരുന്നത്"നമ്മുടെ രാജ്യത്തിന്റെ എന്തെങ്കിലും പ്രശ്നമല്ലെങ്കിൽ, മറ്റൊരു രാജ്യത്ത് ഇടപെടാൻ കഴിയില്ലെന്ന വ്യക്തമായ നയമാണ് ഞങ്ങൾക്ക് ഉള്ളത്," അദ്ദേഹം ഉർദുവിൽ പറഞ്ഞു.
കശ്മീരിൽ സജീവമായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) തുടങ്ങിയ പാകിസ്താൻ ആസ്ഥാനമായുള്ള ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന ഹഖാനി നെറ്റ്‌വർക്കിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും അദ്ദേഹം പരാമർശിച്ചു. അതേ സമയം ഷഹീന്റെ പരാമർശങ്ങളോട് ഇന്ത്യൻ ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല.

ഇന്ത്യൻ അംബാഡറുമായി ദോഹയിൽ വെച്ച് ചർച്ച നടത്തിയ താലിബാൻ നേതാവ് ഷെർ മുഹമ്മദ് അബ്ബാസ് സ്റ്റാനക്സായിയ്ക്ക് താലിബാൻ രൂപീകരിക്കാൻ പോകുന്ന ഗവൺമെന്റിൽ ഒരു മുതിർന്ന പദവി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താലിബാന്റെ അഭ്യർത്ഥന അനുസരിച്ച് ദോഹയിലെ ഇന്ത്യൻ എംബസിയിൽ വെച്ചാണ് ചൊവ്വാഴ്ച, ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തലും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. താലിബാന്റെ രാഷ്ട്രീയ ഓഫീസ് മേധാവിയുമായിരുന്നു കൂടിക്കാഴ്ച. താബിലാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പല രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിരുന്നു.

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന നയമാണ് താലിബാന് ഉള്ളതെന്ന് നേരത്തെ ഹഖാനി അഭിമുഖത്തിൽ പറഞ്ഞിരുന്നു. "ആന്തരിക പ്രശ്നങ്ങളിൽ ഞങ്ങൾ പ്രതികൂലമായി ഇടപെടരുത് എന്നതാണ് ഞങ്ങളുടെ ആഗ്രഹം. "രാഷ്ട്രീയ ബന്ധങ്ങൾക്കും മാനുഷിക സഹായങ്ങൾക്കുമായി ലോകമെമ്പാടും ഞങ്ങളുടെ വാതിലുകൾ തുറന്നിരിക്കുന്നു, എല്ലാ രാജ്യങ്ങളുമായി നല്ല ബന്ധം ഞങ്ങൾ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ താലിബാന്റെ എതിരാളികളായിരുന്ന യുഎസ് സൈന്യത്തെ 20 വർഷമായി ഇന്ത്യൻ സർക്കാർ പിന്തുണച്ചിരുന്നുവെന്നാണ് അദ്ദേഹം വാദിച്ചത്. "എന്നാൽ ഞങ്ങൾക്ക് ഭൂതകാലം ഓർമ്മിക്കാൻ ആഗ്രഹമില്ല, ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു." ഷഹീൻ, അനസ് ഹഖാനി തുടങ്ങിയ താലിബാൻ നേതാക്കൾ അവതരിപ്പിക്കുന്ന ആഖ്യാനം പാക്കിസ്താനുമായുള്ള താലിബാൻറെ ദീർഘകാല ബന്ധത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യയും താലിബാനും തമ്മിലുള്ള ആശയവിനിമയത്തിന്റെ സാധ്യതകൾ കണ്ടെത്തേണ്ടതുണ്ടെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

അഫ്ഗാനിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് താവളമൊരുക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. നേരത്തെ ദോഹയിൽ താലിബാൻ ഉപമേധാവിയെ കണ്ട് ഖത്തറിലെ ഇന്ത്യൻ അംബാസഡര്‍ ചർച്ച നടത്തിയതോടെ ഇന്ത്യ മുന്നോട്ടുവെച്ച എല്ലാക്കാര്യങ്ങളിലും താലിബാൻ ഇന്ത്യയ്ക്ക് ഉറപ്പുനൽകിയിരുന്നു. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അവരെ ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ഇന്ത്യ ചർച്ചയിൽ താലിബാനോട് ഉന്നയിച്ചത്. അഫ്ഗാൻ മണ്ണ് ഭീകരവാദികൾക്ക് താവളമാകരുത് എന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കശ്മീര്‍ അടക്കമുള്ള ഇടങ്ങളേക്കുറിച്ച് താലിബാന്‍റെ പുതിയ പ്രതികരണവുമായി രംഗത്തെത്തുന്നത്.

അഫ്ഗാനിസ്ഥാനിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ വരാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു. അതേസമയം തന്നെ താലിബാനോടുള്ള നയം രൂപീകരിക്കുന്നതിന് വേണ്ടി ഇന്ത്യ സൌഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ഇപ്പോഴത്തെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി വീണ്ടും യോഗം ചേരും. ദോഹയിലെ ഇന്ത്യ- താലിബാൻ ചർച്ചയ്ക്ക് പിന്നാലെയാണ് താലിബാൻ നിലപാട് മാറ്റുന്നത്. കശ്മീരിൽ ഭീഷണിയുയർത്താൻ പാക് ചാരസംഘടനയായ ഐഎസ്ഐ പാകിസ്താന് മേൽ സമ്മർദ്ദം ചെലുത്താനുള്ള സാധ്യത കേന്ദ്രസർക്കാർ നേരത്തെ വിലയിരുത്തിയിരുന്നു. ഇതോടെ കശ്മീരിൽ ജാഗ്രത വർധിപ്പിക്കുയും ചെയ്തിരുന്നു. കശ്മീരിന്റെ മോചനത്തിന് വേണ്ടി അൽഖ്വയ്ദ ആഗോള ജിഹാദിന് വേണ്ടി ആഹ്വാനം ചെയ്തതിന് പിന്നിലും പാകിസ്താന്റെ ഇടപെടൽ ഉണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ.

യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തോടെ രക്ഷാദൌത്യം താൽക്കാലികമായി അവസാനിച്ചെങ്കിലും അഫ്ഗാനിലെ ഹിന്ദു, സിഖ് സമൂഹങ്ങളുമായി ഇന്ത്യ ആശയവിനിമയം നടത്തി വരികയാണ്. കാബൂൾ വിമാനത്താവളം പ്രവർത്തനസജ്ജമായാൽ ഉടൻ രക്ഷാ ദൌത്യം പുനരാരംഭിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് അവശേഷിക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ഇന്ത്യയെ സഹായിക്കാമെന്ന് ഖത്തർ ഉറപ്പ് നൽകിയിട്ടുണ്ട്. കാബൂൾ എംബസിയും കോൺസുലേറ്റുകളും തുറക്കുന്നതിൽ തിടുക്കമില്ലെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്.












Click it and Unblock the Notifications