താലിബാൻ അന്ന് സ്ത്രീകളോട് ചെയ്തത്... അത് തന്നെ വീണ്ടും; ജോലിയിൽ നിന്ന് പുറത്താക്കി തുടക്കം

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം നിലനിന്നിരുന്ന കാലം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അങ്ങേയറ്റമായിരുന്നു. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനോ വിദ്യാഭ്യാസത്തിനോ തൊഴിലെടുത്ത് ജീവിക്കുന്നതിനോ അനുമതിയുണ്ടായിരുന്നില്ല. വിലക്ക് ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷകളായിരുന്നു നല്‍കിയിരുന്നു.

ഇപ്പോള്‍ താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ്. അതിന് മുമ്പ് തന്നെ സ്ത്രീകളോടുള്ള പഴയ നിലപാട് അവര്‍ ആവര്‍ത്തിക്കാന്‍ തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കുകളില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളെ വീട്ടിലെത്തിക്കുകയാണ് പലയിടത്തും താലിബാന്‍ ചെയ്യുന്നത്.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

1

ജൂലായ് മാസത്തിന്റെ തുടക്കത്തിലായിരുന്നു അഫ്ഗാന്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള യുദ്ധം താലിബാന്‍ ശക്തമാക്കാന്‍ തുടങ്ങിയത്. ആ സമയം മുതലേ സ്ത്രീകളോടുള്ള നിലപാട് വ്യക്തമായിരുന്നു. കാണ്ഡഹാറിലെ അസീസി ബാങ്കിലേക്ക് ഇരച്ചുകയറിയ താലിബാന്‍ തീവ്രവാദികള്‍, അവിടെ ജോലി ചെയ്തിരുന്ന ഒമ്പത് സ്ത്രീകളോട് പുറത്ത് പോകാന്‍ ആക്രോശിക്കുകയായിരുന്നു ചെയ്തത്.

2

തോക്കേന്തിയ തീവ്രവാദികള്‍ തന്നെ അവരെ വീടുകളില്‍ എത്തിച്ചു. ഇനി ജോലിക്ക് വന്നുപോകരുത് എന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കി. അതുകൊണ്ട് തീരുന്നില്ല കാര്യങ്ങള്‍. ഈ സ്ത്രീകള്‍ക്ക് പകരം ഇവരുടെ ബന്ധുക്കളായ പുരുഷന്‍മാരെ ബാങ്കിലെ ജോലിയ്ക്കായി അയക്കുകയും ചെയ്തിട്ടുണ്ട്. ഒരിടത്ത് മാത്രമാണ് ഇത് സംഭവിച്ചത് എന്ന് കരുതരുത്. ഹെറാത്തിലെ ഒരു ബാങ്കിലും താലിബാന്‍ ഇത് തന്നെ ആവര്‍ത്തിച്ചു. മുഖം മറയ്ക്കാത്തതിന്റെ പേരില്‍ ഇവിടെയുണ്ടായിരുന്ന മൂന്ന് സ്ത്രീകളെ ആണ് വീട്ടിലേക്കയച്ചത്.

3

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ മുഖം പ്രദര്‍ശിപ്പിക്കരുത് എന്നതാണ് താലിബാന്റെ നിലപാട്. അതുപോലെ പൊതുഇടങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്യുകയും അരുത്. സമ്പൂര്‍ണ അധികാരം പിടിച്ചെടുക്കും മുമ്പ് തന്നെ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സ്ത്രീകളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുതുടങ്ങിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സ്ത്രീകള്‍ക്ക് നേരെയുള്ള മറ്റ് അക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

4

താലിബാന്‍ കീഴ്‌പ്പെടുത്തിയ സ്ഥലങ്ങളില്‍ സ്ത്രീകളെ ലൈംഗിക അതിക്രമങ്ങള്‍ക്കും വിധേയരാക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. അവിവാഹിതരായ യുവതികളെ നിര്‍ബന്ധിച്ച് താലിബാന്‍ അംഗങ്ങളുടെ ഭാര്യമാരാക്കുന്നു എന്നാണ് വിവരം. ഈ മേഖലകളില്‍ ഒന്നും തന്നെ താലിബാനെ എതിര്‍ത്ത് എന്തെങ്കിലും ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ലാത്ത സ്ഥിതിയാണുള്ളത്. ഇറാഖിലും സിറിയയിലും ഐസിസ് സ്ത്രീകളോട് കാണിച്ചിരുന്ന ക്രൂരതകള്‍ക്ക് സമാനമാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ചെയ്യുന്നത്.

5

ഇപ്പോള്‍ നടന്ന സംഭവങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് തയ്യാറായില്ല എന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മറ്റൊരു കാര്യത്തില്‍ പ്രതികരിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക സംവിധാനങ്ങള്‍ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞാല്‍, സ്ത്രീകള്‍ ബാങ്കുകളില്‍ ഉള്‍പ്പെടെ ജോലി ചെയ്യണോ എന്ന കാര്യം നിയമപരമായി തീരുമാനിക്കും എന്നായിരുന്നു പ്രതികരണം. ചരിത്രം പരിശോധിച്ചാല്‍, മറിച്ചൊരു തീരുമാനം താലിബാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ ഇടയില്ല.

6

താലിബാന്‍ അധികാരത്തിലിരുന്ന അഞ്ച് വര്‍ഷങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ എന്തെല്ലാം ക്രൂരതകളാണ് അരങ്ങേറിയത് എന്നത് ഇന്ന് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലുള്ള വസ്തുതയാണ്. ഭര്‍ത്താവോ, രക്തബന്ധുവായ പുരുഷനോ കൂടെയില്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങരുത് എന്നതായിരുന്നു അന്ന് താലിബാന്‍ കൊണ്ടുവന്ന ഒരു നിയമം. സ്ത്രീകള്‍ ഉയര്‍ന്ന ഹീലുള്ള ചെരിപ്പുകള്‍ ധരിക്കരുത് എന്നൊരു നിയമവും ഉണ്ടായിരുന്നു. സ്ത്രീകളുടെ കാലടി ശബ്ദം ഒരുപുരുഷനേയും ചഞ്ചലനാക്കാതിരിക്കാന്‍ വേണ്ടിയായിരുന്നത്രെ അങ്ങനെ ഒരു നിയമം.

7

സ്ത്രീകളുടെ ശബ്ദം അന്യ പുരുഷന്‍മാര്‍ കേള്‍ക്കരുത് എന്നായിരുന്നു മറ്റൊന്ന്. അതുകൊണ്ട് പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് ഉച്ചത്തില്‍ സംസാരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. വീടുകളുടെ ബാല്‍ക്കണിയില്‍ വന്ന് നില്‍ക്കുന്നതില്‍ നിന്ന് പോലും സ്ത്രീകളെ വിലക്കി. തെരുവില്‍ നിന്ന് നോക്കിയാല്‍ വീടുകള്‍ക്കുള്ളിലെ സ്ത്രീകളെ കാണാതിരിക്കാന്‍ വേണ്ടി ജനാലകള്‍ മറയ്ക്കുകയോ ചായം പൂശുകയോ വേണമെന്നും അന്ന് താലിബാന്‍ ഉത്തരവിറക്കിയിരുന്നു. പൊതുപരിപാടികളിലോ റേഡിയോയിലോ ടിവിയിലോ സ്ത്രീകളുടെ സാന്നിധ്യം തന്നെ വിലക്കപ്പെട്ടു. സ്ത്രീകളുടെ പേരുമായി ബന്ധപ്പെട്ട സ്ഥലപ്പേരുകള്‍ പോലും അന്ന് താലിബാന്‍ മാറ്റിക്കളഞ്ഞിരുന്നു.

8

1996 ല്‍ അധികാരത്തിലേറി അധികം കഴിയും മുമ്പ് തന്നെ സ്ത്രീകളെ പൊതു സ്ഥലങ്ങളിലെ ജോലികളില്‍ നിന്ന് വിലക്കിക്കൊണ്ട് താലിബാന്‍ ഉത്തരവ് പുറത്തിറക്കി. പതിനായിരക്കണക്കിന് സ്ത്രീകള്‍ക്കാണ് ഇതോടെ തൊഴില്‍ നഷ്ടപ്പെട്ടത്. സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ 25 ശതമാനം സ്ത്രീകളെ നിയമിക്കാന്‍ നിയമമുണ്ടായിരുന്ന ഒരു നാട്ടിലാണ് താലിബാന്‍ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ വിലക്ക് പ്രഖ്യാപിച്ചത്. സ്ത്രീകളെ ജോലികളില്‍ നിന്ന് പിരിച്ചുവിട്ടത് ഏറ്റവും അധികം ബാധിച്ചത് വിദ്യാഭ്യാസ മേഖലയെ ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം സ്ത്രീകളായിരുന്നു അധ്യാപകര്‍. ഇവരെയെല്ലാം പിരിച്ചുവിട്ടതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ ഇല്ലാത്ത സ്ഥിതിവിശേഷം ആയിരുന്നു അഫ്ഗാനിസ്ഥാനില്‍ സംജാതമായത്.

9

ഉദാരമായ നടപടി എന്ന മട്ടില്‍ മറ്റൊന്ന് കൂടി താലിബാന്‍ പരമോന്നത നേതാവ് മുല്ല ഒമര്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ജോലികളിലുണ്ടായിരുന്ന സ്ത്രീകള്‍ക്ക് എല്ലാ മാസവും 5 ഡോളര്‍ ശമ്പളമായി നല്‍കും എന്നതായിരുന്നു അത്. അഫ്ഗാന് പുറത്തുളള ഇസ്ലാമിക സമൂഹങ്ങളില്‍ എല്ലാം ഇത് വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. താലിബാന്‍ സ്ത്രീവിരുദ്ധരാണെന്നതിനുള്ള മറുപടി എന്ന മട്ടിലായിരുന്നു ഇത് പ്രചരിപ്പിക്കപ്പെട്ടത്.

Recommended Video

cmsvideo
    അതിഭീകരം അഫ്ഗാനിലെ ഈ കാഴ്ചകള്‍..ഒന്നും ചെയ്യാനാകാതെ അഫ്ഗാന്‍ സൈന്യം
    10

    താലിബാന്റെ വിലക്കുകള്‍ ലംഘിക്കുന്ന സ്ത്രീകള്‍ക്കുള്ള ശിക്ഷകള്‍ അതിലും ക്രൂരമായിരുന്നു. നെയില്‍ പോളിഷ് ധരിച്ച ഒരു സ്ത്രീയുടെ തള്ളവിരല്‍ മുറിച്ചുകളഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തത് 1996 ഒക്ടോബറില്‍ ആയിരുന്നു. വസ്ത്രധാരണത്തില്‍ വിലക്ക് ലംഘിച്ചു എന്നതിന്റെ പേരില്‍ അതേ വര്‍ഷം തന്നെ കാബൂളിലെ 225 സ്ത്രീകള്‍ക്ക് വിധിച്ചത് അതി ക്രൂരമായ മര്‍ദ്ദനമായിരുന്നു. വീട്ടില്‍ അനൗപചാരികമായി സ്‌കൂള്‍ നടത്തിയ സ്ത്രീയെ താലിബാന്‍ ചവിട്ടുപടിയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും സ്ത്രീകളോടുള്ള ക്രൂരതയില്‍ കുറവൊന്നും വ്ന്നിരുന്നില്ല. ജോലി രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ട് അനുസരിക്കാതിരുന്ന ഹൊസ്സായി എന്ന 20 വയസ്സുകാരിയെ താലിബാന്‍ വെടിവച്ചു കൊന്നത് 2010 ല്‍ ആയിരുന്നു. അഫ്ഗാന്‍ സ്വദേശിയെ വിവാഹം കഴിച്ച ഇന്ത്യന്‍ എഴുത്തുകാരി സുസ്മിത ബാനര്‍ജിയെ താലിബാന്‍ വെടിവച്ച് കൊന്നത് 2013 ല്‍ ആയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+