സിംഗപ്പൂര്‍ സ്‌ക്വിഡ് ഗെയിം അതിജീവിച്ച് തമിഴ്‌നാട് സ്വദേശി; ലഭിച്ചത് ലക്ഷങ്ങള്‍
സ്‌ക്വിഡ് ഗെയിം എന്താണ് എന്ന് അറിയാത്തവര്‍ ഇന്നത്തെ കാലത്ത് വിരളമായിരിക്കും. സൗത്ത് കൊറിയന്‍ സീരീസായ സ്‌ക്വിഡ് ഗെയിം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ആയതിന് ശേഷം വലിയ വിജയമാണ് നേടിയത്. സാമ്പത്തികമായി പ്രതിസന്ധിയിലായവരെ കേന്ദ്രീകരിച്ച് നടത്തുന്ന ഗെയിമില്‍ തോറ്റാല്‍ മരണമാണ് ശിക്ഷ. ജയിച്ചാലോ കോടികള്‍ സമ്മാനമായി ലഭിക്കുകയും ചെയ്യും.
2021 സെപ്റ്റംബര്‍ 17-ന് ആണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്‌ക്വിഡ് ഗെയിം റിലീസ് ചെയ്തത്. ഈ വെബ്‌സീരീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിരവധിയിടങ്ങളില്‍ സ്‌ക്വിഡ് ഗെയിം ആരംഭിച്ചിരുന്നു. തോറ്റാല്‍ മരണം എന്ന ശിക്ഷ ഒഴിവാക്കി കൊണ്ടാണ് പലയിടത്തും സ്‌ക്വിഡ് ഗെയിം അരങ്ങേറിയത്. ഇത്തരത്തില്‍ സിംഗപ്പൂരില്‍ നടന്ന സ്‌ക്വിഡ് ഗെയിം അതിജീവിച്ചതിലൂടെ തമിഴ്‌നാട്ടുകാരാനായ ഒരാള്‍ക്ക് ലക്ഷങ്ങളാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്.

സ്‌ക്വിഡ് ഗെയിമില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഒരു കമ്പനി സിംഗപ്പൂരില്‍ ഇതേ മാതൃകയില്‍ ഒരു ഗെയിം സംഘടിപ്പിക്കുകയായിരുന്നു. 42 കാരനായ സെല്‍വം അറുമുഖനാണ് ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. 18888 സിംഗപ്പൂര്‍ ഡോളറാണ് സെല്‍വം അറുമുഖന് ലഭിച്ചിരിക്കുന്നത്. അതായത് ഏകദേശം 11.5 ലക്ഷം ഇന്ത്യന്‍ രൂപ. 2007-ലാണ് അറുമുഖന്‍ ആദ്യമായി സിംഗപ്പൂരിലെത്തുന്നത്.
നിലവില്‍ ഹെവി വെഹിക്കിള്‍ ലീസിംഗ് സ്ഥാപനമായ പോളിസം എഞ്ചിനീയറിംഗില്‍ ആണ് ജോലി ചെയ്യുന്നത്. തന്റെ ഒന്നര വര്‍ഷത്തെ ശമ്പളത്തിന് തുല്യമായിരുന്നു സമ്മാനത്തുക എന്നാണ് സെല്‍വം അറുമുഖം പറയുുന്നത്. സ്‌ക്വിഡ് ഗെയിമിന്റെ നിയമങ്ങള്‍ കൃത്യമായി അറിയില്ലായിരുന്നെങ്കിലും പരമാവധി പരിശ്രമിച്ചാണ് ഓരോ റൗണ്ടും പൂര്‍ത്തിയാക്കിയത് എന്ന് സെല്‍വം അറുമുഖന്‍ പറയുന്നു.
വിജയിച്ചു എന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. ഉടന്‍ തന്നെ താന്‍ ഈ സന്തോഷവാര്‍ത്ത അറിയിക്കാന്‍ കുടുംബത്തെ വിളിച്ചു. കാര്യം പറഞ്ഞപ്പോള്‍ ഭാര്യക്കും ഇക്കാര്യം വിശ്വസിക്കാന്‍ സാധിച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ ജീവിതകാലം മുഴുവന്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷമായിരിക്കും ഇത് എന്നും സെല്‍വം പറഞ്ഞു. 15 പേരടങ്ങുന്ന കുടുംബമാണ് സെല്‍വം അറുമുഖത്തിന്റേത്.
സമ്മാനത്തുക പുതിയ വീട് നിര്‍മ്മിക്കാനാണ് ഉപയോഗിക്കുക എന്ന് സെല്‍വം അറുമുഖം പറഞ്ഞു. മാതാപിതാക്കളും രണ്ട് സഹോദരന്മാരും മരിച്ചതിനാല്‍ സഹോദരങ്ങളുടെ മക്കളുടെ പഠനച്ചെലവ് വഹിക്കാനും തുക ഉപയോഗിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ക്വിഡ് ഗെയിമുകളിലെ കഥാപാത്രങ്ങളെപ്പോലെ, സെല്‍വവും മത്സരാര്‍ത്ഥികളും നമ്പര്‍ ടാഗുകളുള്ള ചുവന്ന ട്രാക്ക് സ്യൂട്ട് ജാക്കറ്റുകള്‍ ധരിച്ചാണ് മത്സരത്തില്‍ പങ്കെടുത്തത്.












Click it and Unblock the Notifications