ബനാന ബോട്ടില്‍ ജെറ്റ് സ്‌കി ഇടിച്ച് 18കാരന്‍ മുങ്ങിമരിച്ചു
ഖോര്‍ ഫക്കാന്‍: ഖോര്‍ ഫക്കാന്‍ ബീച്ചിനു സമീപം അതിവേഗതയില്‍ വന്ന ജെറ്റ് സ്‌കി, ബനാന ബോട്ടിലിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് 18 കാരന്‍ മുങ്ങി മരിച്ചു. യു.എ.ഇ സ്വദേശിയായ 18കാരനും സുഹൃത്തുക്കളും ചേര്‍ന്ന് വാടകയ്‌ക്കെടുത്തതായിരുന്നു ബനാന ബോട്ട്. കടലില്‍ സഞ്ചരിക്കവെ എതിര്‍ വശത്തുനിന്ന് വന്ന ജെറ്റ് സ്‌കി അബദ്ധത്തില്‍ ബോട്ടില്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആറു പേരും കടലില്‍ വീണു. സംഭവത്തില്‍ മറ്റൊരു 17കാരന് പരിക്കേറ്റതായി ഷാര്‍ജ പോലിസ് അറിയിച്ചു. ഇയാളെയും ബോട്ടിലുണ്ടായിരുന്ന മറ്റ് നാലുപേരെയും ഷാര്‍ജ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.
ബനാന ബോട്ടില്‍ യാത്ര ചെയ്തവരെല്ലാം യു.എ.ഇ സ്വദേശികളാണ്. വ്യാഴാഴ്ച വൈകിട്ട് 6.15ഓടെയാണ് ഖോര്‍ ഫക്കാന്‍ ബീച്ചില്‍ നിന്ന് അല്‍പം അകലെയായി അപകടം സംഭവിച്ചത്. വെള്ളത്തില്‍ വീണ ആറു പേരെയും ബോട്ടുടമയും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് കരയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഒരാള്‍ മരിച്ചിരുന്നു.

ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഇവര്‍ ധരിച്ചിരുന്നില്ലെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ മേജര്‍ മുഹമ്മദ് അലി നഖ്ബി അറിയിച്ചു. ലൈഫ് ജാക്കറ്റില്ലാതെ കുട്ടികള്‍ ബനാന ബോട്ടില്‍ യാത്ര ചെയ്യാനിടയായതുമായി ബന്ധപ്പെട്ട് ഷാര്‍ജ പോലിസ് കേസെടുത്തിട്ടുണ്ട്. വെള്ളത്തിലിറങ്ങുമ്പോള്‍, പ്രത്യേകിച്ച് ബനാന ബോട്ട് പോലുള്ള എളുപ്പത്തില്‍ മറിയാന്‍ സാധ്യതയേറെയുള്ള ഉപകരണങ്ങളില്‍ സഞ്ചരിക്കുന്നവരെ നിര്‍ബന്ധമായും ലൈഫ് ജാക്കറ്റ് ധരിപ്പിക്കണമെന്ന് കര്‍ശനമായ നിര്‍ദേശമുണ്ടെങ്കിലും ബോട്ടുടമ അത് അവഗണിച്ചതായി പോലീസ് പറഞ്ഞു. കുട്ടികളുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നെങ്കിലും അതുണ്ടായില്ലെന്നും പോലിസ് കണ്ടെത്തി. സുരക്ഷാനിയമങ്ങള്‍ പാലിക്കാത്തത്തിന് ബോട്ടുടമയ്‌ക്കെതിരേ കേസെടുക്കുമെന്നും പോലിസ് അറിയിച്ചു. പോലിസ് നിഷ്‌ക്കര്‍ഷിക്കുന്ന സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് കുട്ടികള്‍ ബനാന ബോട്ട് ഉപയോഗിച്ചിരുന്നെങ്കില്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമായിരുന്നില്ലെന്നും ഇക്കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.












Click it and Unblock the Notifications