ബാറ്റില്‍ തൊപ്പിവെച്ച് ഹ്യൂഗ്‌സിന് ക്രിക്കറ്റ് ലോകത്തിന്റെ അന്ത്യാഞ്ജലി
സിഡ്‌നി: പന്തിന്റെ രൂപത്തില്‍ അപ്രതീക്ഷിതമായി കടന്നുവന്ന മരണത്തിനൊപ്പം നടന്നുമറഞ്ഞ പ്രിയപ്പെട്ട കളിക്കാരന്‍ ഫിലിപ്പ് ഹ്യൂഗ്‌സിന് ക്രിക്കറ്റ് ലോകം നല്‍കിയ അന്ത്യാഞ്ജലി വൈറലായി. ട്വിറ്ററിലൂടെ ലോകത്തിലെ ക്രിക്കറ്റ് താരങ്ങള്‍ നല്‍കി ആദരമാണ് ശ്രദ്ധനേടുന്നത്. പുട്ട് ഔട്ട് യുവര്‍ ബാറ്റ് (PutoutYourBats) എന്ന ഹാഷ് ടാഗില്‍ ഓരോരുത്തരും തങ്ങളുടെ ബാറ്റിനു മുകളില്‍ തൊപ്പിവെച്ച് എടുത്ത ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്താണ് ഹ്യൂഗ്‌സിന് ആദരമര്‍പ്പിച്ചത്.
താരങ്ങളുടെ ആരാധകരെല്ലാം പോസ്റ്റില്‍ വികാരനിര്‍ഭരമായ വാക്കുകളാല്‍ ഹ്യൂഗ്‌സിന് ആദരാഞജ്‌ലികള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും വിദേശത്തുമുള്ള ഒട്ടേറ താരങ്ങള്‍ ഈ രീതിയില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ 25ാം വയസില്‍ ഉപയോഗിച്ച ബാറ്റിന്റെ ചിത്രമാണ് 25ാം വയസില്‍ അന്തരിച്ച ഫില്‍ ഹ്യൂഗ്‌സിന്റെ ഓര്‍മയ്ക്കായി പോസ്റ്റ് ചെയ്തത്. വി.വി.എസ്.ലക്ഷ്മണ്‍, ഹര്‍ഭജന്‍ സിങ് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും സമാനരീതിയില്‍ ഹ്യൂഗ്‌സിന് അന്ത്യാഞ്ജലി അര്‍പ്പിച്ചുകഴിഞ്ഞു.
വിദേശതാരങ്ങളായ ജേസണ്‍ ഗില്ലസ്പി, ഡേവിഡ് വാര്‍ണര്‍, ആദം ഗില്‍ക്രിസ്റ്റ്, മൈക്കല്‍ വോണ്‍, ജൊനാതന്‍ ട്രോട്ട്, ഗ്രെയിം സ്വാന്‍, ടോം മൂഡി തുടങ്ങിയവരും സിഡ്‌നിയില്‍ നിന്നുള്ള ക്രിക്കറ്റ് ആരാധകനായ പോള്‍ ഡി.ടെയ്‌ലര്‍ അവതരിപ്പിച്ച ഹാഷ് ടാഗ് രൂപത്തില്‍ ഹ്യൂഗ്‌സിന് കണ്ണീരോടെ വിടനില്‍കി. ക്രിക്കറ്റ് താരങ്ങളെ കൂടാതെ ഫുട്‌ബോള്‍, റഗ്ബി, ഗോള്‍ഫ്, തുടങ്ങി വിവിധ സ്‌പോര്‍ട് സംഘടനകളും കളിക്കാരുമെല്ലാം ഹ്യൂഗ്‌സിന് അന്തിമോപചാരം അര്‍പ്പിച്ചു.












Click it and Unblock the Notifications