മ്യാന്മറില് കനത്ത വെള്ളപ്പൊക്കം; ഒന്നര ലക്ഷത്തോളം പേര് അഭയാര്‍ഥികളായി, മൂന്നു സൈനികരുള്‍പ്പെടെ 12 മരണം
യാങ്കോണ്‍: കനത്ത മഴ തുടരുന്ന മ്യാന്‍മറിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ 12 പേര് മരിച്ചു. ഇവരില്‍ മൂന്നു പേര് സൈനികരാണ്. വടക്കുകിഴക്കന്‍ പ്രദേശമായ മോനില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സൈനികരാണ് മരിച്ചത്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. രാജ്യത്തൊട്ടാകെ 327 താല്‍ക്കാലിക ക്യാംപുകളിലായി 1,48,386 പേര് അഭയാര്‍ഥികളായി കഴിയുകയാണെന്ന് സാമൂഹ്യക്ഷേമ മന്ത്രാലയം ഡയരക്ടര്‍ പ്യൂ ലീ ലീ പറഞ്ഞു.
28,000ത്തോളം പേര് ഇപ്പോഴും വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ വീടുകളിലാണ്. ചിലര്‍ക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ കഴിയാതെയും ചിലര്‍ വെള്ളം താഴുമെന്ന പ്രതീക്ഷയിലുമാണ് വീടുകളില്‍ തന്നെയുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പല ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്. നാല് പ്രവിശ്യകളിലെ കൃഷി ഭൂമി മുഴുവന്‍ പ്രളയത്തില്‍ നശിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 30,000 ഏക്കറിലേറെ കൃഷിയാണ് നശിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്ന് കൈയില്‍ കിട്ടിയതെല്ലാം പെറുക്കിക്കൂട്ടിയാണ് പതിനായിരങ്ങള്‍ വീടുവിട്ടിറങ്ങിയത്. ശക്തമായ മഴയെ തുടര്‍ന്ന് നദികളിലെ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നിരിക്കുകയാണ്. 36 അണക്കെട്ടുകളില്‍ വെള്ളം നിറഞ്ഞൊഴുകുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
2000 ത്തിലാണ് ഇതിനു മുന്‍പ് ഇത്രയും വലിയ വെള്ളപ്പൊക്കമുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി മ്യാന്മാറിലെ ഏഴു പ്രവിശ്യകളിലും ശക്തമായ മഴ തുടരുകയാണ്. 2015 ലും മ്യാന്മറില് കടുത്ത വെള്ളപ്പൊക്കം അനുഭവപ്പെട്ടിരുന്നു. അന്ന് 100 പേര് മരിക്കുകയും 3.3 ലക്ഷത്തിലധികം പേര്‍ക്ക് വീടു നഷ്ടപ്പെടുകയും ചെയ്തു.