തുർക്കി തലസ്ഥാനമായ അങ്കാറയില്‍ ഭീകരാക്രമണം: ആറുപേർ കൊല്ലപ്പെട്ടു, 14 പേർക്ക് പരിക്ക്
അങ്കാറ: തുർക്കിയെ ഭീതിയിലാഴ്ത്തി ഭീകരാക്രമണം. തലസ്ഥാനമായ അങ്കാറയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തില്‍ 4 പേർ കൊല്ലപ്പെടുകയും 14 പേർക്കോളം പരിക്കേറ്റിട്ടുണ്ടെന്നുമാണ് സി എന്‍ എന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. തുർക്കി സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന എയ്‌റോസ്‌പേസ് കമ്പനിക്ക് നേരെ ആയുധധാരികളായ അക്രമികൾ വലിയ തോതിലുള്ള ആക്രമണം നടത്തുകയായിരുന്നു.
ഭീകരാക്രമണത്തിന്റെ ഏതാനും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. തോക്ക് ധാരികളായ ഭീകരെ ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. നിരന്തരം വെടിയൊച്ച കേള്‍ക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. 'ടർക്കിഷ് എയറോസ്‌പേസ് ഇൻഡസ്ട്രീസിൻ്റെ (തുസാസ്) ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു.' സി എന്‍ എന്‍ റിപ്പോർട്ട് ചെയ്യുന്നു.

"ഈ ഹീനമായ ആക്രമണത്തെ ഞാൻ അപലപിക്കുന്നു. അവസാനത്തെ ഭീകരനെ നിർവീര്യമാക്കുന്നത് വരെ നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസത്തോടേയും ഞങ്ങളുടെ പോരാട്ടം തുടരും. ദൈവം നമ്മുടെ രക്തസാക്ഷികളോട് കരുണ കാണിക്കട്ടെ. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു." എന്നും യെർലികായ കൂട്ടിച്ചേർത്തു.
തുസാസിന് നേരേയുണ്ടായ ആക്രമണത്തില്‍ ദുഃഖമുണ്ടെന്ന് അങ്കാറ മേയർ മൻസൂർ യാവാസും വ്യക്തമാക്കയപ്പോള്‍ ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി തുർക്കി നീതിന്യായ മന്ത്രി യിൽമാസ് ടുങ്കും അറിയിച്ചു. ആക്രമണത്തെത്തുടർന്ന്, എയ്‌റോസ്‌പേസ് കമ്പനിയുടെ ജനറൽ മാനേജർ മെഹ്‌മെത് ഡെമിറോഗ്ലു, അങ്കാറയിലേക്ക് മടങ്ങിയതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി അനഡോലുവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ ബ്രിക്സ് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ നഗരമായ കസാനിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമർ പുടിൻ അടക്കമുള്ള ലോക നേതാക്കളും അനുശോചനം രേഖപ്പെടുത്തി. ഇത്തരത്തിലുള്ള എല്ലാ അക്രമണങ്ങളേയും ഞങ്ങള്‍ അപലപിക്കുന്നുവെന്നും പുടിന്‍ എർദോഗനോടായി പറഞ്ഞു. ആക്രമണത്തെക്കുറിച്ച് എർദോഗനുമായി സംസാരിച്ചതായി നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയും വ്യക്തമാക്കി നാറ്റോ തുർക്കിക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
"ഞങ്ങൾക്ക് ഇതിനെക്കുറിച്ച് എങ്ങനെ തോന്നുന്നുവെന്ന് നിങ്ങൾക്കറിയാം. ഇത്തരത്തിലുള്ള ഏതെങ്കിലും പ്രകടനങ്ങളെ ഞങ്ങൾ അപലപിക്കുന്നു, അവരുടെ പ്രേരണകൾ എന്തുതന്നെയായാലും, "അങ്കാറ ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം പുടിൻ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ എർദോഗനോട് പറഞ്ഞു.
രാജ്യത്തിൻ്റെ പ്രതിരോധ വ്യവസായത്തില്‍ "വിദേശ ആശ്രിതത്വം" കുറയ്ക്കുന്നതിനായി 1973 ലാണ് വ്യവസായ സാങ്കേതിക മന്ത്രാലയത്തിന്റെ കൂടെ സഹായത്തോടുകൂടി തുസാസ് സ്ഥാപിക്കുന്നത്.
തുർക്കിയുടെ ഏറ്റവും വലിയ പ്രതിരോധ കമ്പനികളിലൊന്നാണ് ഇന്ന് തുസാസ്. സായുധ ഡ്രോണുകളും യുദ്ധവിമാനങ്ങളുമാണ് കമ്പനി പ്രധാനമായും നിർമ്മിക്കുന്നത്.












Click it and Unblock the Notifications