ട്രംപ് നായകനായ 'കാറ്ററിങ് ട്രക്ക് എസ്കപേഡ്', സിനിമയെ തോൽപ്പിക്കുന്ന രക്ഷപ്പെടൽ ദൗത്യം

എയർഫോഫ്സ് വൺ എന്ന സിനിമ ഹോളിവുഡിലെ പണംവാരി സിനിമകളിൽ ഒന്നാണ്. 97ൽ റിലീസ് ചെയ്ത സിനിമയിൽ ഹാരിസൺ ഫോർഡ് ആയിരുന്നു നായകൻ. അമേരിക്കൻ പ്രസിഡന്റിനെ ആക്രമിക്കാൻ ശത്രുക്കൾ പദ്ധതിയിടുക (മിക്കവാറും റഷ്യക്കാ‌ർ ആകും), ആ നീക്കത്തിൽ നിന്ന് പ്രസിഡന്റിനെ രക്ഷിക്കുക, വൈറ്റ് ഹൗസ് ആക്രമിക്കാനെത്തുന്നവരെ തുരത്തുക ഇതൊക്കെ എല്ലാക്കാലത്തും ഹോളിവുഡിൽ ഹിറ്റായ സിനിമകളാണ്. ഇതിൽ നിന്ന് കുറച്ച് വ്യത്യസ്തമായിരുന്നു എയർഫോഴ്സ് വൺ. അതിൽ രക്ഷകൻ പ്രസിഡന്റ് തന്നെയായിരുന്നു. തന്നെയും കുടുംബത്തേയും ഉദ്യോ​ഗസ്ഥരെയും ഒക്കെ ബന്ദികളാക്കാൻ വന്ന അക്രമികളെ ചെറുത്ത് തോൽപിക്കുന്ന പ്രസിഡന്റ് ജെയിംസ് മാ‌ർഷൽ ആയി ഹാരിസൺ ഫോർ‍ഡ് കയ്യടി വാങ്ങി. നിർമാതാക്കൾ പണവും.

ആ സിനിമയിൽ ഭീകരാക്രമണം വിമാനത്തിൽ ഉണ്ടായെന്ന സൂചന കിട്ടിയ വഴി പ്രസിഡന്റിന്റെ സുരക്ഷാഉദ്യോ​ഗസ്ഥർ അദ്ദേഹത്തെ വിമാനത്തിന്റെ കാർ​ഗോ സെക്ഷനിൽ എത്തിക്കുന്നുണ്ട്. അവിടെ നിന്ന് രക്ഷാപേടകം വഴി പ്രസിഡന്റിന് രക്ഷപ്പെടാൻ കഴിയും. അതായിരുന്നു പദ്ധതി. പേടകംവഴി മാർഷൽ എയർഫോഴ്സ് വൺ വിട്ടെന്ന് കരുതി സുരക്ഷാഉദ്യോ​ഗസ്ഥർ മടങ്ങിക്കഴിയുമ്പോഴാണ് പഴയ സൈനികനായ മാർഷൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നത്. ശത്രുക്കളെ പാഠം പഠിപ്പിക്കുന്നത്. പ്രസിഡന്റ് എന്നാ സുമ്മാവാ എന്ന മട്ടിൽ വൈറ്റ് ഹൗസിൽ തിരിച്ചെത്തുന്നത്.

എന്തിനാണ് ഈ പഴയ സിനിമാക്കഥ പറയുന്നതെന്ന് ചോദിച്ചാൽ കാര്യമുണ്ട്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോ​ഗിക വിമാനമായ എയർഫോഴ്സ് വൺ വീണ്ടുമൊരു രക്ഷാദൗത്യക്കഥയിലെ കേന്ദ്രകഥാപാത്രമായിരിക്കുന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മിക്കവാറും കാറ്ററിങ് ട്രക്ക് എസ്കപേഡ് എന്ന പേരിൽ സിനിമക്ക് സ്കോപ്പുള്ള ദൗത്യം.

ഖത്തറിന്റെ വിമാനം മാറ്റി, ട്രംപിനെ ഫുഡ് ട്രക്കിൽ ഒളിപ്പിച്ചു, തുർക്കി കടത്തിയത് കുഞ്ഞൻ വിമാനത്തിൽ
ഖത്തറിന്റെ വിമാനം മാറ്റി, ട്രംപിനെ ഫുഡ് ട്രക്കിൽ ഒളിപ്പിച്ചു, തുർക്കി കടത്തിയത് കുഞ്ഞൻ വിമാനത്തിൽ

തുർക്കിയിൽ ജൂലൈയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മടങ്ങും വഴി ഇറാന്റെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വൈറ്റ് ഹൗസിന് കിട്ടുന്നു. എയർഫോഴ്സ് വൺ വിമാനത്തിന് നേരെ മിസൈൽ ആക്രമണത്തിനാണ് സാധ്യതയെന്നായിരുന്നു റിപ്പോർട്ടുകൾ.

ട്രംപിന് പോകണം. സുരക്ഷാഭീഷണി കാര്യമായിട്ടെടുക്കുകയും വേണം. എന്താണ് വേണ്ടതെന്ന് തിരക്കിട്ട ആലോചനകൾക്ക് ശേഷം പ്രസിഡന്റിന്റെ സുരക്ഷാ ഉദ്യോ​ഗസ്ഥരും വൈറ്റ് ഹൗസും ഒക്കെ ഒരു പദ്ധതി ആസൂത്രണം ചെയ്തു. ഇതുവരെ അമേരിക്കയുടെ ചരിത്രത്തിൽ നടക്കാത്ത ഒന്ന്.

Donald Trump

ഉച്ചകോടി കഴിഞ്ഞ് പതിവ് കൈവീശലും കുശലം പറയലും ഒക്കെ കഴിഞ്ഞ് വിമാനത്തിൽ കയറിയ ട്രംപ് മറുവശത്ത് കൂടി കാറ്ററിങ് ട്രക്കിലേക്ക് ഇറങ്ങിയതും പിന്നീട് ഒരു ചെറിയ യുദ്ധവിമാനത്തിൽ പറന്നതും എങ്ങനെയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു കഴിഞ്ഞു. ഈ വിവരം ട്രംപ് സ്ഥിരീകരിക്കുകയും ചെയ്തു. രഹസ്യാന്വേഷണ വിഭാ​ഗത്തിന്റെയും സൈന്യത്തിന്റെയും നിർദേശപ്രകാരമാണ് കാര്യങ്ങൾ ചെയ്തതെന്നും പൊതുജനം അറിയാതെ പോകുന്ന നിരവധി ഭീഷണികൾ നേരിടേണ്ടി വരാറുണ്ടെന്നും ട്രംപ് പറയുന്നു.

പക്ഷേ എയർഫോഴ്സ് വൺ എന്ന സിനിമാക്കഥ പറഞ്ഞ് ഈ റിപ്പോർട്ട് വീണ്ടും പരാമർശിച്ചതിന് കാരണം സുരക്ഷാഭീഷണി നേരിട്ട പശ്ചാത്തലം മാത്രമല്ല. സിനിമയിൽ നായകനായ പ്രസിഡന്റ് ഒപ്പമുള്ളവരെ രക്ഷിക്കാനാണ് പരിശ്രമിച്ചത്. ട്രംപിന്റെ കാര്യം അങ്ങനെയല്ല. പ്രസിഡന്റ് മാത്രമേ കാറ്ററിങ് ട്രക്കിലേക്ക് നൂണ്ടിറങ്ങി വേറെ വിമാനത്തിൽ കയറിയുള്ളു. വൈറ്റ് ഹൗസ് ഉദ്യോ​ഗസ്ഥരും നിരവധി മാധ്യമപ്രവർത്തകരും എയർഫോഴ്സ് വൺ വിമാനത്തിൽ തന്നെയാണ് യാത്ര ചെയ്തത്. കയറിയ സമയത്ത് എല്ലാ ജനാലകളും അടച്ചിടണമെന്ന് പറഞ്ഞത് സുരക്ഷാഭീഷണി കൊണ്ടാണെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ടെൻഷൻ അടിച്ചാകണം അവരിൽ പലരും യാത്ര ചെയ്തത്, ട്രംപ് വിമാനം മാറിക്കയറിയത് അവരാരും അറിഞ്ഞിരുന്നില്ല. ട്രംപിന്റെ ജീവൻ രക്ഷിക്കാനുള്ള കരുക്കളായി മാറിയിട്ടായിരുന്നു ആ യാത്ര എന്നും. എന്തായായും ഇറാൻ ആക്രമണം നടത്താത്തത് കൊണ്ട് ഏതായാലും അവരുടെ ജീവൻ പോയില്ല

മാധ്യമപ്രവർത്തകരെയും സ്വന്തം ഉദ്യോ​ഗസ്ഥരെയും ഇറാന്റെ ഭീഷണിക്ക് മുമ്പിൽ വലിച്ചെറിഞ്ഞിട്ടുള്ള സുരക്ഷാനടപടിയുടെ ശരി തെറ്റുകളാണ് ഒരു ചർച്ച. മറ്റൊന്ന് ഇറാന്റെ നാവികസേന തീർന്നു, ആയുധങ്ങൾ തീർന്നു, സൈനികശേഷി നഷ്ടമായി എന്നൊക്കെ ഇടക്കിടെ ട്രംപ് പറയുന്നതിൽ വല്ല കാര്യവുമുണ്ടോ എന്ന ചോദ്യമാണ് രണ്ടാമത്തെ ചർച്ച. തോളിൽ വെച്ച് തൊടുക്കാവുന്ന മിസൈൽ ഉപയോ​ഗിച്ച് ട്രംപിനെ ആക്രമിക്കാനായിരുന്നത്രേ പദ്ധതി. അപ്പോൾ അത്ര വലിയ ക്ലിനിക്കൽ കൃത്യത ഉള്ള മിസൈലുകൾ ഇറാന് ഉണ്ടോ? ഒന്ന് വിചാരിച്ചാൽ ലോകത്തെ ഏറ്റവും വലിയ സായുധശക്തിയുടെ പ്രസിഡന്റിനെ വിമാനത്തിൽ നിന്ന് ഒളിച്ചുകടക്കാൻ നിർബന്ധിതനാക്കുന്ന മിടുക്കുണ്ടോ ഇറാന് , അതാണ് ചോദ്യം.

കാറ്ററിങ് ട്രക്ക് ഒളിച്ചുമാറൽ വാർത്ത പുറത്തുവന്നപ്പോൾ അമേരിക്കൻ സുരക്ഷാസേനയുടെ മികവല്ല മറിച്ച് അമേരിക്കയും ട്രംപ് ഭരണകൂടവും നേരിടുന്ന ഒട്ടേറെ പ്രതിസന്ധികളാണ് വെളിച്ചത്തായത്. എന്തിനായിരുന്നു ഇറാന് എതിരായ യുദ്ധം എന്ന് ആദ്യം മുതൽക്ക് തന്നെ സംശയിക്കുന്ന ശരാശരി അമേരിക്കക്കാരനെ സംബന്ധിച്ചിടത്തോളം ഒപ്പമുള്ളവരെ അപകടത്തിന് വിട്ടുകൊടുത്ത് മുങ്ങിയ നേതാവ് ആണ് ട്രംപ്.

താൻ കയറുന്ന വിമാനം ഏതാണോ അതാണ് ശത്രുക്കളുടെ ലക്ഷ്യമാവുക എന്ന ട്രംപിന്റെ വിശദീകരണം .ആ വിമർശനം മാറ്റാൻ പോന്ന ഒന്നല്ല. മാത്രമല്ല, ഇറാന്റെ ശേഷി, യുദ്ധം എന്ന് തീരും എന്നതിലെ അനിശ്ചിതാവസ്ഥ , കുറഞ്ഞുവരുന്ന ആയുധശേഖരം, വിലക്കയറ്റം, മാനസിക സമ്മർദമേറുന്ന സൈനികർ അങ്ങനെ അങ്ങനെ ട്രംപിന്റെ മുന്നിലെ ചോദ്യങ്ങൾ ഒന്നുംരണ്ടുമല്ല.

Airforce One സിനിമയിലെ ജെയിംസ് മാർഷൽ പോലെ നായകൻ ആയില്ലെങ്കിലും Absolute power എന്ന സിനിമയിലെ അലൻ റിച്ച്മണ്ടിനെ പോലെയോ Wag the Dog എന്ന സിനിമയിലെ പേരില്ലാ പ്രസിഡന്റിനെ പോലെയോ ഉള്ള വില്ലനാണോ ട്രംപ് എന്ന് നാട്ടുകാർക്ക് തോന്നില്ലേ. ആ ചോദ്യത്തിന്റെ ഉത്തരമാണ് Catering Truck Escapade സിനിമയുടെ ബോക്സ് ഓഫീസ് റിസൾട്ടിൽ വ്യക്തമാവുക. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+