പന്നിയുടെ ഹൃദയം സ്വീകരിച്ചയാൾ മരിച്ചു; മരിച്ചത് ഹൃദയം സ്വീകരിച്ച് രണ്ട് മാസത്തിന് ശേഷം
ന്യൂയോർക്ക്; ലോകത്ത് ആദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ചയാൾ മരിച്ചു. ഡേവിഡ് ബെനറ്റർ എന്ന് 57 കാരനാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ചതും രണ്ട് മാസത്തിന് ശേഷം മരണപ്പെട്ടതും. യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സെന്റർ എന്ന ആശുപത്രിയിലാണ് ഇദ്ദേഹത്തിന്റെ ശസ്ത്രക്രിയ നടത്തിയത്. ഈ ആശുപത്രി തന്നെയാണ് ഡേവിഡ് മരണപ്പെട്ട വാർത്ത പുറത്ത് വിട്ടത്. മാർച്ച് എട്ടിനാണ് ഡേവിഡ് മരിച്ചത്. മരണകാരണം ഡോക്ടർമാർ വ്യക്തമാക്കിയിട്ടില്ല.
ജനുവരി ഒൻപതിനാണ് ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വൈദ്യശാസ്ത്രലോകത്തെ വഴിത്തിരിവായ ശസ്ത്രക്രിയ നടന്നത്. തുടർന്ന് സുഖം പ്രാപിച്ചെങ്കിലും കുറച്ചു നാളുകളായി ഡേവിഡിന്റെ ആരോ ഗ്യനില വഷളായി തുടരുകയായിരുന്നു. അവസാന മണിക്കൂറിൽ ഡേവിഡ് തന്റെ കുടുംബവുമായി സംസാരിച്ചിരുന്നു എന്നും ആശുപത്രി പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. ഡേവിഡിന് ചികിത്സ നൽകിയ ബാർട്ട്‌ലി പി ഗ്രിഫിത്ത് എന്ന ഡോക്ടറും അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി, "മിസ്റ്റർ ബെന്നറ്റിന്റെ വിയോഗത്തിൽ ഞങ്ങൾ തകർന്നിരിക്കുന്നു. അവസാനം വരെ പോരാടിയ ധീരനും കുലീനനുമായ രോഗിയാണെന്ന് അദ്ദേഹം തെളിയിച്ചു," പ്രസ്താവനയിൽ പറയുന്നു.

2021 ഒക്ടോബർ മുതൽ ഡേവിഡ് കിടപ്പിലായിരുന്നു. എക്‌സ്‌ട്രാകോർപോറിയൽ മെംബ്രൺ ഓക്‌സിജൻ' (ഇസിഎംഒ) എന്നറിയപ്പെടുന്ന ഹാർട്ട്-ലംഗ് ബൈപാസ് സിസ്റ്റത്തെ ആശ്രയിച്ചായിരുന്നു ഇദ്ദേഹം ജീവൻ നിലനിർത്തിയിരുന്നത്. പിന്നീട് പരമ്പരാഗത ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഒഴിവാക്കിയതിനാൽ, അദ്ദേഹം പന്നിയുടെ ഹൃദയം സ്വീകരിക്കാൻ തയ്യാറാകുകയായിരുന്നു. ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള സമ്മതം നൽകുന്നതിന് മുമ്പായി ബെന്നറ്റിനെ ചികിത്സയുടെ അപകടങ്ങളെക്കുറിച്ച് പൂർണ്ണമായി അറിയിച്ചിരുന്നു. അതിന് ശേഷമാണ് ശസ്ത്രക്രിയക്ക് അനുമതി നൽകിയത്. മാറ്റിവെച്ച പന്നിയുടെ ഹൃദയം ആഴ്ചകളോളം പ്രശംസനീയമാംവിധം പ്രവർത്തിച്ചു. തിരസ്കരണത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെ കാണിച്ചിരുന്നില്ല.
അതേസമയം ആശുപത്രിക്ക് നന്ദി അറിയിച്ച് ബെന്നറ്റിന്റെ മകൻ ഡേവിഡ് ബെന്നറ്റ് ജൂനിയർ രം ഗത്ത് വന്നു. "ഈ ചരിത്രപരമായ പരിശ്രമത്തിലേക്ക് കടന്നുപോയ ഓരോ നൂതന നിമിഷത്തിനും, ഓരോ സ്വപ്നത്തിനും, ഉറക്കമില്ലാത്ത ഓരോ രാത്രിക്കും ഞങ്ങൾ നന്ദിയുള്ളവരാണ്." തന്റെ പിതാവിന്റെ ശസ്ത്രക്രിയയിൽ നിന്ന് പഠിച്ച പാഠങ്ങൾ ഭാവിയിലെ രോഗികളെ സഹായിക്കുമെന്നും എല്ലാ വർഷവും നിരവധി ജീവൻ അപഹരിക്കുന്ന അവയവ ദൗർലഭ്യത്തിന് ഒരു ദിവസം വിരാമമിടുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
ഇതുകൂടാതെ ആശുപത്രിയിലെ കാർഡിയാക് സെനോട്രാൻസ്‌പ്ലാന്റേഷൻ പ്രോഗ്രാമിന്റെ സർജറി പ്രൊഫസറും സയന്റിഫിക് ഡയറക്ടറുമായ മുഹമ്മദ് എം. മൊഹിയുദ്ദീൻ പറഞ്ഞു, "ഈ ശസ്ത്രക്രിയയിലൂടെ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയത്തിന് മനുഷ്യശരീരത്തിൽ നന്നായി പ്രവർത്തിക്കാൻ കഴിയുമെന്ന് മനസിലാക്കാൻ സാധിച്ചു. പ്രതിരോധ സംവിധാനം ഉയർത്താൻ സാധിച്ചില്ല" പ്രസ്താവനയിൽ പറയുന്നു. ഇതിൽ നിന്ന് ഒരുപാട് പഠിക്കാൻ സാധിച്ചെന്നും ഭാവിയിൽ കൂടുതൽ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഗവേഷണം തുടരാൻ ആഗ്രഹിക്കുന്നുവെന്നും മൊഹിയുദ്ദീൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications