ഇറാന്‍ അടങ്ങിയിരിക്കില്ല, പ്രതികാരം വീട്ടും: ലക്ഷ്യം യുഎസ്, ഇസ്രായേല്‍ കേന്ദ്രങ്ങള്‍; മുന്നറിയിപ്പ്
ന്യൂയോർക്ക്: സിറിയയിലെ ഇറാനിയന്‍ എംബസിക്ക് നേര ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉള്‍പ്പെടേയുള്ളവരായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തില്‍ അതിശക്തമായ വിമർശനങ്ങള്‍ നടത്തിയ ഇറാന്‍ പ്രത്യാക്രമണത്തിന് തയ്യാറെടുക്കുന്നുവന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച് അമേരിക്ക ഇപ്പോള്‍ അതീവ ജാഗ്രതയും പുറപ്പെടുവിച്ചിരിക്കുകയാണ്.
അടുത്ത ആഴ്‌ചയ്‌ക്കുള്ളിൽ ഇസ്രായേല്‍ അല്ലെങ്കിൽ അമേരിക്കൻ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഇറാൻ "സുപ്രധാന" ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ സി എന്‍ എന്‍ റിപ്പോർട്ട് ചെയ്യുന്നത്. സിറിയയിലെ ഇറാനിയൻ എംബസിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മറുപടി നല്‍കുമെന്ന സൂചന ശക്തമാണെന്നും അദ്ദേഹം പറയുന്നു.

ഇറാൻ്റെ ഭാഗത്ത് നിന്നുള്ളു ആക്രമണം "അനിവാര്യമാണ്" എന്നാണ് മുതിർന്ന യുഎസ് ഉദ്യോഗസ്ഥരും ഇസ്രായേലും കരുതുന്നത്. ഇറാൻ എപ്പോൾ അല്ലെങ്കിൽ എങ്ങനെ തിരിച്ചടിക്കുമെന്ന് രണ്ട് സർക്കാരുകൾക്കും അറിയില്ലായെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർക്കുന്നു. ആക്രമണത്തിനായി ഇറാന്‍ തിരഞ്ഞെടുക്കുക പ്രധാനമായും സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളായിരിക്കും തിരഞ്ഞെടുക്കുകയെന്നും സൂചനയുണ്ട്.
ഇറാൻ്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രതികാര നടപടികളുണ്ടായാല്‍ അതിനോട് എങ്ങനെ പ്രതികരിക്കാമെന്നതിനെക്കുറിച്ചുള്ള സാധ്യതകള്‍ ബൈഡൻ ഭരണകൂടം പരിഗണിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും, ഇറാന്‍ ഡ്രോണുകളോ ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലുകളോ ഉപയോഗിച്ച് ആക്രമണം നടത്താമെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതിനിടെ തൻ്റെ രാജ്യവും ഇസ്രായേലും തമ്മിലുള്ള പോരാട്ടത്തിൽ ഇടപെടരുതെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ ഒരു ഉന്നത സഹായി അമേരിക്കയോട് സന്ദേശത്തിലൂടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ചയായിരുന്നു സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിന് എതിരായ ഇസ്രായേല്‍ ആക്രമണം. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഇറാനിയൻ ജനറൽമാരും അഞ്ച് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഗാസയിലും ലെബനനുമായുള്ള അതിർത്തിയിലും ഇസ്രായേലിനെതിരെ പോരാടുന്ന തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന ഇറാനിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരെ ഇസ്രായേൽ ലക്ഷ്യമിടുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു ഈ ആക്രമണം.
ഇറാൻ്റെ റെവല്യൂഷണറി ഗാർഡിൻ്റെ റിപ്പോർട്ട് അനുസരിച്ച് 2016 വരെ ലെബനനിലും സിറിയയിലും എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിനെ നയിച്ച ജനറൽ മുഹമ്മദ് റെസ സഹേദിയാണ് സിറിയയിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. സഹേദിയുടെ ഡെപ്യൂട്ടി ജനറൽ മുഹമ്മദ് ഹാദി ഹജ്രിയാഹിമിയും മറ്റ് അഞ്ച് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications