ചരിത്രപരമായ തീരുമാനം; മിസ് യൂണിവേഴ്സ് മത്സരത്തിലെ ഉയർന്ന പ്രായപരിധി ഒഴിവാക്കി
വിശ്വസുന്ദരി മത്സരത്തിൽ ചരിത്രപരമായ മാറ്റം. മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ ഇനി മുതൽ ഉയർന്ന പ്രായപരിധിയില്ല. 18 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരു സ്ത്രീക്കും ഇനി മത്സരത്തിൽ പങ്കെടുക്കാം. ന്യൂയോർക്ക് ഫാഷൻ വീക്കിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
71-ാ മത് മിസ് യൂണിവേഴ്സ് കിരീടം നേടിയ അമേരിക്കയുടെ ആർ ബോണി ഗബ്രിയേലാണ് തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ, 18 നും 28 നും ഇടയിൽ പ്രായമുള്ള മത്സരാർത്ഥികൾക്ക് മാത്രമേ മിസ് യൂണിവേഴ്സ്, മിസ് യു എസ് എ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. 1952-ൽ ആരംഭിച്ചത് മുതൽ മിസ് യൂണിവേഴ്സ് മത്സരത്തിന് പ്രായപരിധിയുണ്ട്. ഈ പ്രായപരിധിയാണ് പുതിയ മാറ്റത്തോടെ ഇല്ലാതാവുന്നത്.

തായ്‌ലൻഡിലെ പ്രമുഖ മാധ്യമ വ്യവസായിയും ട്രാൻസ്‌ജെൻഡറുകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന ആനി ജക്രാജുതാതിപ് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഈ വലിയ മാറ്റം . കഴിഞ്ഞ വർഷം 20 മില്ല്യൺ ഡോളറിന് ആയിരുന്നു ആനി ജക്രാജുതാതിപ് ഓർഗനൈസേഷൻ വാങ്ങിയത്.
ഒരു സ്ത്രീക്ക് മത്സരിക്കാനും കഴിവ് തെളിയിക്കാനും പ്രായം ഒരു തടസം അല്ലെന്നും എല്ലാവരേയും ഉൾക്കൊള്ളുകയാണ് ചെയ്യേണ്ടതെന്നും ഗബ്രിയേല ന്യൂയോർക്ക് ഫാഷൻ വീക്കിൽ പറഞ്ഞു. നിലവിൽ മിസ് യൂണിവേഴ്സ് കിരീടം നേടിയ ഏറ്റവും പ്രായം കൂടിയ വനിതയാണ് ആർ ബോണി ഗബ്രിയേല. 2022 ൽ വിജയി ആയ ഗബ്രിയേലയ്ക്ക് ഇപ്പോൾ 29 വയസ്സാണ്.
അന്ന് ന്യൂ ഓർലിയാൻസിൽ നടന്ന മത്സരത്തിലെ ചോദ്യോത്തര റൗണ്ടിനിടെ സംഘടനയുടെ നിയമങ്ങളിൽ എന്ത് മാറ്റങ്ങൾ വരുത്തും എന്ന് ചോദിച്ചപ്പോൾ പ്രായപരിധി ഉയർത്താൻ ശ്രമിക്കും എന്നായിരുന്നു ബോണി ഗബ്രിയേല നൽകിയ ഉത്തരം.












Click it and Unblock the Notifications