അന്തിമ കരാറിലേക്ക് കൂടുതൽ അടുത്ത് യുഎസും ഇറാനും, തീരുമാനം വൈകാതെ ഉണ്ടായേക്കുമെന്ന് ഡൊണാൾഡ് ട്രംപ്
നിലവിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനും ടെഹ്‌റാൻ (ഇറാൻ) ആണവായുധം നിർമ്മിക്കുന്നത് തടയുന്നതിനുമുള്ള കരാർ അന്തിമമാക്കാൻ അമേരിക്കയിൽ നിന്നും ഇറാനിൽ നിന്നുമുള്ള ചർച്ചക്കാർ കൂടുതൽ അടുത്ത് എത്തുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
നിർദ്ദിഷ്ട കരാർ ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം കൃത്യമായ രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. കൂടാതെ യുഎസിന്റെ ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റുന്ന ഒരു കരാറിന് മാത്രമേ താൻ അംഗീകാരം നൽകുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. "ഞങ്ങൾ ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്ന ഒരു കരാറിൽ മാത്രമേ ഞാൻ ഒപ്പിടുകയുള്ളൂ,".
റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും പുതിയ നിർദ്ദേശത്തിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള നടപടികൾ, വിദേശ ബാങ്കുകളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ചില ഇറാന്റെ ആസ്തികൾ വിട്ടുകൊടുക്കൽ, ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ തുടരൽ എന്നിവ ഉൾപ്പെടുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ട്രംപ് വിസമ്മതിച്ചു. "ഓരോ ദിവസം കഴിയുന്തോറും കാര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടു വരികയാണ്," ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം നയതന്ത്ര ചർച്ചകളിൽ പെട്ടെന്ന് എന്തെങ്കിലും വഴിത്തിരിവുണ്ടായില്ലെങ്കിൽ പുതിയ ആക്രമണങ്ങൾക്കുള്ള സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യാൻ ട്രംപ് സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ തകർപ്പൻ മറുപടി നൽകുമെന്ന് ടെഹ്‌റാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാന്റെ ഊർജ്ജ മേഖല, അടുത്തിടെ അവർ പുനർനിർമ്മിച്ച മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, കഴിഞ്ഞ വർഷത്തെ ആക്രമണത്തെ അതിജീവിച്ച് ഭൂമിക്കടിയിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന ഇറാന്റെ ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം എന്നിവ തകർക്കുക എന്നതായിരിക്കും പുതിയ സൈനിക നടപടിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇറാനെ പൂർണ്ണമായും കീഴടക്കുന്ന തരത്തിലുള്ള ഒരു അന്തിമ തീരുമാനപരമായ വലിയ സൈനിക നീക്കത്തിനുള്ള സാധ്യത ട്രംപ് ഉന്നയിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അതിനിടെ യുഎസുമായുള്ള വെടിനിർത്തൽ കാലയളവിൽ ഇറാൻ സൈനിക ശേഷി പൂർണ്ണമായും പുനർനിർമ്മിച്ചുവെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് ശനിയാഴ്ച പ്രസ്താവിച്ചു. ഫെബ്രുവരി 28ലെ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് കാര്യമായ നഷ്ടം നേരിട്ട ഇറാൻ, സൈനിക ശക്തി വീണ്ടെടുക്കുന്നതായുള്ള യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾക്കിടെയാണ് ഈ സുപ്രധാന വെളിപ്പെടുത്തൽ.
സേനയുടെ ശേഷി വെടിനിർത്തലിൽ വർദ്ധിപ്പിച്ചെന്നും, യുഎസ് വിഡ്ഢിത്തപരമായി യുദ്ധം പുനരാരംഭിച്ചാൽ പ്രത്യാഘാതങ്ങൾ ആദ്യത്തേതിനേക്കാൾ കഠിനമായിരിക്കുമെന്നും ഖാലിബാഫ് മുന്നറിയിപ്പ് നൽകി. "ട്രംപ് വീണ്ടുമൊരു മണ്ടത്തരം കാണിച്ച് യുദ്ധം പുനരാരംഭിച്ചാൽ, അമേരിക്കയ്ക്ക് ഇത് തീർച്ചയായും യുദ്ധത്തിന്റെ ആദ്യ ദിവസത്തേക്കാൾ കടുത്തതും കയ്പേറിയതുമായിരിക്കും," അദ്ദേഹം വ്യക്തമാക്കി.














Click it and Unblock the Notifications