'ഇന്ത്യയില്‍ ഒരു വിവേചനവുമില്ല': മുസ്ലിംങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മോദിയുടെ മറുപടി
വാഷിംഗ്ടൺ ഡിസി: ജനാധിപത്യം ഇന്ത്യയുടെ ഡിഎന്‍എയിലുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതി, മതം, ലിഗംഭേദം തുടങ്ങി യാതൊരു തരത്തിലുള്ള വിവേചനവും രാജ്യത്ത് ഇല്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്താനും അഭിപ്രായ സ്വാതന്ത്രം ഉയർത്തിപ്പിടിക്കാനും സർക്കാർ എന്ത് നടപടികള്‍ സ്വീകരിക്കുന്നുവെന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.
'"നിങ്ങൾ പറഞ്ഞതിൽ ഞാൻ അത്ഭുതപ്പെടുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. പ്രസിഡന്റ് ബൈഡന്‍ സൂചിപ്പിച്ചത് പോലെ ഇന്ത്യയുടേയും അമേരിക്കയുടേയും ഡിഎന്‍എയില്‍ ജനാധിപത്യം അലിഞ്ഞു ചേർന്നിട്ടുണ്ട്. ജനാധിപത്യം നമ്മുടെ ആത്മാവിന്റെ ഭാഗവും രക്തത്തില്‍ അലിഞ്ഞ് ചേർന്നതുമാണ്. ഞങ്ങൾ ജനാധിപത്യത്തില്‍ ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്നു. അത് ഞങ്ങളുടെ ഭരണഘടനയിലുമുണ്ട്' മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി നരേന്ദ്ര മോദി പറഞ്ഞു.

'മാനുഷിക മൂല്യങ്ങളും മനുഷ്യാവകാശങ്ങളും ഇല്ലെങ്കിൽ ജനാധിപത്യമില്ല. നമ്മൾ ജനാധിപത്യത്തിൽ ജീവിക്കുമ്പോൾ വിവേചനത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല. എല്ലാവരേയും തുല്യമായിട്ടാണ് പരിഗണിക്കുന്നത്. അതില്‍ ജാതി-മത വിവേചനമില്ല. കൂടാതെ "സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് (എല്ലാവർക്കും വികസനവും എല്ലാവരിൽ നിന്നും വിശ്വാസവും) എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം'- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സുരക്ഷയെ കുറിച്ചും ചർച്ച ചെയ്യണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് മുൻ പ്രസിഡന്റ് ബറാക് ഒബാമ ആവശ്യപ്പെട്ടിരുന്നു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം പരാമർശിച്ചത്. മോദിയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് എനിക്കവസരം ലഭിച്ചാൽ തീർച്ചയായും അക്കാര്യത്തിനാകും ഞാൻ മുൻഗണന നൽകുക. തനത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ തീർച്ചയായും ഇന്ത്യയുടെ ഐക്യം നഷ്ടപ്പെടുമെന്നും ഒബാമ അഭിപ്രായപ്പെട്ടു.
അതിനിടെ, നരേന്ദ്ര മോദി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്ന ചടങ്ങ് മൂന്ന് അംഗങ്ങള്‍ ബഹിഷ്കരിച്ചു. റാഷിദ ത്ലൈബ്, ഇൽഹാൻ ഒമർ, അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് എന്നീ അംഗങ്ങളാണ് ചടങ്ങ് ബഹിഷ്കരിച്ചത്. ന്യൂനപക്ഷ ങ്ങളെ അടിച്ചമർത്തൽ, മനുഷ്യാവകാശലംഘനം, ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ചൂണ്ടികാട്ടിയാണ് പരിപാടി ബഹിഷ്കരിക്കുന്നതെന്ന് റാഷിദ ത്ലൈബും ഇൽഹാൻ ഒമറും നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications