'വിശ്രമിക്കാന്‍ സമയമായില്ല പോരാടാന്‍ ഇനിയുമുണ്ട്' ; യുക്രൈന്‍ ദേശീയ സുരക്ഷ ഉദ്യോഗസ്ഥന്‍
കീവ്: സമാധാന ചര്‍ച്ചകളിലെ ഉടമ്പടികള്‍ പ്രകാരം കീവില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങുകയാണ്. ഇത് വ്യക്തമാക്കുന്ന സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. റഷ്യന്‍ പിന്‍വാങ്ങല്‍ പതുക്കെയും എന്നാല്‍ കാണാന്‍ കഴിയുന്നതുമാണെന്നുമായിരുന്നു യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ ആദ്യപ്രതികരണം. ഇതിനിടെയാണ് പ്രതികരണവുമായി യുക്രൈന്‍ ദേശിയ സുരക്ഷ സെക്രട്ടറി രംഗത്തുവന്നത്. ആഘോഷങ്ങള്‍ക്ക് സമയമായിട്ടില്ല എന്ന്
യുക്രൈന്‍ ദേശീയ സുരക്ഷാ, പ്രതിരോധ കൗണ്‍സില്‍ സെക്രട്ടറി ഒലെക്‌സി ഡാനിലോവ് പറഞ്ഞു.
യുക്രൈനിനെ നശിപ്പിക്കുക എന്നതില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പിന്നോട്ട് പോയിട്ടില്ലെന്ന് എല്ലാവരും മനസിലാക്കണം. താല്‍ക്കാലികമായി നടക്കുന്ന ഈ പിന്‍മാറ്റത്തില്‍ ആരും അതിരു കടന്ന് സന്തോഷിക്കാറായിട്ടില്ല. റഷ്യന്‍ സേനയെ വീണ്ടും ശക്തമാക്കി തിരിച്ചടിക്കാനാകും റഷ്യ ശ്രമിക്കുക.

അവരുടെ തിരിച്ചുവരവിന് വലിയ വില നല്‍കേണ്ടിവരും. റീഫോര്‍മാറ്റ് ചെയ്യാന്‍ അവര്‍ ശ്രമിക്കും. അവര്‍ക്ക് വിജയമാണ് വേണ്ടത്. 9 മെയ് എന്ന ദിവസത്തിനായാണ് അവര്‍ കാത്തിരിക്കുന്നത്. നമുക്ക് ഒരുപാട് പോരാട്ടങ്ങള്‍ മുന്നിലുണ്ടെന്നും അതിനാല്‍ തന്നെ താന്‍ ആരോടും വിശ്രമിക്കാന്‍ പറയില്ലെന്നും ഇത് ആഘോഷങ്ങള്‍ക്ക് പറ്റിയ സമയമില്ലെന്നും അദ്ദേഹം പറയുന്നു.

അതേ സമയം മരിയുപോളിലെ തുറമുഖ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ രക്ഷിക്കാനുള്ള റെഡ്‌ക്രോസിന്റെ ശ്രമങ്ങള്‍ തുടരുകയാണ്. പ്രദേശം റഷ്യന്‍ സൈന്യത്താല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. യുക്രൈനിന്റെ തെക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ക്കായി റഷ്യന്‍ സൈന്യം വീണ്ടും സംഘടിക്കുന്ന സാഹചര്യത്തിലാണ് നടപടി. റഷ്യന്‍ യുക്രൈന്‍ യുദ്ധം ഒരു ഒരു മാസം പിന്നിട്ടപ്പോള്‍ റഷ്യന്‍ ആക്രമണം തുടരുകയാണ്. റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യ നാളുകളില്‍ തന്നെ മരിയുപോള്‍ റഷ്യന്‍ സൈന്യം വളഞ്ഞിരുന്നു. റഷ്യ ലക്ഷ്യം വെച്ച യുക്രൈന്റെ പ്രധാന നഗരങ്ങളില്‍ ഒന്നായിരുന്നു മരിയുപോള്‍. ഇവിടെ പതിനായിരിക്കണക്കിന് പേരാണ് വെള്ളവും ഭക്ഷണവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നത്.വെള്ളിയാഴ്ച 54 ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങളും നഗരത്തിന് പുറത്തേക്ക് എത്തിക്കാന്‍ മരിയുപോളിലേക്ക് അയച്ചിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് അവര്‍ പിന്‍വാങ്ങുകയായിരുന്നു. ഇന്ന് വീണ്ടും ശ്രമം തുടരുമെന്നാണ് റെഡ് ക്രോസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുക്രൈനില്‍ സൈനിക നീക്കം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യന്‍ സൈന്യം ഡോണ്‍ബാസ് മേഖലയിലേക്കും വടക്കു കിഴക്കന്‍ യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഹര്‍കിവിന്റെ മേഖലകളിലേക്കും നീങ്ങിയതായി യുക്രൈനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി ഇതിനകം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications