ഇറാന്റെ രഹസ്യനീക്കം പുറത്ത്; 5 വര്‍ഷത്തിനിടെ ആദ്യം, സൗദി അറേബ്യയുടെ ലക്ഷ്യം പാളിയേക്കും...
ദുബായ്: എണ്ണ പ്രധാന വരുമാനമായുള്ള രാജ്യമാണ് സൗദി അറേബ്യ. അടുത്ത കാലത്തായി എണ്ണയുടെ വില വന്‍തോതില്‍ കുറഞ്ഞു. ഇത് തിരിച്ചടിയാകുമെന്ന് മനസിലാക്കിയ സൗദി അറേബ്യ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു. വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും സൗദി ഉല്‍പ്പാദനം കുറച്ചു. മറ്റൊരു പ്രധാന എണ്ണ രാജ്യമായ റഷ്യയും സൗദിക്കൊപ്പം നിന്നു.
ഇതിന്റെ ഫലം വിപണിയില്‍ കണ്ടു തുടങ്ങി. എണ്ണവില ഇപ്പോള്‍ ഉയരുകയാണ്. 75ല്‍ നിന്ന് 78 ഡോളറായി. എന്നാല്‍ സൗദിയുടെയും റഷ്യയുടെയും എല്ലാ പദ്ധതികളും പൊളിക്കുന്ന രീതിയിലാണ് ഇറാന്റെ രഹസ്യ നീക്കം. വാള്‍സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാന്‍ വന്‍ തോതില്‍ എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്. അമേരിക്കന്‍ ചാരക്കണ്ണുകള്‍ മറച്ചാണ് ഇറാന്റെ നീക്കം.

അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന അളവിലാണ് ഇറാന്‍ എണ്ണ കയറ്റുമതി ചെയ്യുന്നത്. അമേരിക്കയുടെ ഉപരോധം നിലനില്‍ക്കെയാണ് ഇറാന്റെ നീക്കം. ഇറാനില്‍ നിന്നുള്ള കയറ്റുമതി, ഇറക്കുമതി എന്നിവ നിരീക്ഷിക്കുന്നതിന് അമേരിക്കന്‍ സൈനിക സാന്നിധ്യം മധ്യധരണ്യാഴിയിലുണ്ട്. എന്നാല്‍ ഇവ മറികടന്നാണ് ഇറാന്റെ രഹസ്യ കയറ്റുമതിയെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ലോകത്തെ പ്രധാന എണ്ണ രാജ്യമായ റഷ്യയില്‍ നിന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ എണ്ണയും വാതകവും വാങ്ങിയിരുന്നത്. യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ അമേരിക്ക റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചതോടെ യൂറോപ്പ് റഷ്യയുടെ പ്രകൃതി വിഭവങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിവച്ചു. ഇതോടെ പ്രതിസന്ധി മറികടക്കാന്‍ റഷ്യ വില കുറച്ച് എണ്ണ വില്‍ക്കാന്‍ തുടങ്ങി. ഇന്ത്യയും ചൈനയും വന്‍തോതില്‍ വാങ്ങുന്നുണ്ട്.
ഇതേ തന്ത്രം തന്നെയാണ് ഇറാനും പയറ്റുന്നത് എന്നാണ് വിവരം. ബാരലിന് 30 ഡോളര്‍ വില കുറച്ചാണ് ഇറാന്‍ കയറ്റുമതി ചെയ്യുന്നതത്രെ. ഒരു ദിവസം 16 ലക്ഷം ബാരലാണ് ഇറാന്‍ കയറ്റുമതി ചെയ്യുന്നത്. മെയ്, ജൂണ്‍ മാസങ്ങളില്‍ ഇറാന്‍ ഇത് തുടരുകയാണ്. 2019, 2020 കാലത്ത് ഇറാന്‍ 2.5 ലക്ഷം ബാരല്‍ മാത്രമാണ് കയറ്റുമതി ചെയ്തിരുന്നത് എന്ന് ഓര്‍ക്കണം.
പകുതി വിലയ്ക്ക് ഇറാന്‍ എണ്ണ വില്‍ക്കുന്നു എന്നാണ് വിവരം. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഇറാന്‍ ഇങ്ങനെ ചെയ്യുന്നത്. രാജ്യത്ത് പണപ്പെരുപ്പം വന്‍തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. വരുമാനം കൂടിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല എന്ന അവസ്ഥയിലാണ് ഇറാന്‍. ബജറ്റ് താളം തെറ്റാതിരിക്കാന്‍ പ്രതിവര്‍ഷം 5000 കോടി ഡോളറിന്റെ എണ്ണ കയറ്റുമതി ചെയ്യേണ്ടതുണ്ട്. എന്നാല്‍ പകുതിയേ ഇപ്പോഴുള്ളൂ.
അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ പ്രമുഖ രാജ്യങ്ങളൊന്നും ഇറാന്റെ എണ്ണ വാങ്ങുന്നില്ല. സിറിയ, വെനസ്വേല എന്നീ രാജ്യങ്ങളിലേക്കാണ് ഇറാന്‍ കയറ്റുമതി ചെയ്യുന്നത്. മറ്റു രാജ്യങ്ങളുമായി സാമ്പത്തിക ഇടപാട് നടത്താന്‍ പറ്റാത്തതാണ് വെല്ലുവിളി. ഇറാന്റെ എണ്ണയ്ക്കും ബാങ്കുകള്‍ക്കുമെതിരെ അമേരിക്കയുടെ ഉപരോധം നിലവിലുണ്ട്.
ഇടനിലക്കാര്‍ മുഖേനയാണ് ഇറാന്‍ കയറ്റുമതി ചെയ്യുന്നത്. ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ എണ്ണ വാങ്ങിയാല്‍ മാത്രമേ ഇറാന്റെ വരുമാനം ഉയരൂ. രണ്ടു രാജ്യങ്ങളുമായും ഇറാന്‍ ചര്‍ച്ച നടത്തിയിരുന്നു. സൗദി എണ്ണ ഉല്‍പ്പാദനം കുറച്ച സാഹചര്യത്തില്‍ ഇറാന്‍ കൂടുതല്‍ എണ്ണ വിപണിയിലെത്തിക്കുന്നത് വന്‍കിട രാജ്യങ്ങളുടെ പദ്ധതികള്‍ പൊളിക്കുന്ന നീക്കമാണ്.












Click it and Unblock the Notifications