ഒന്നും കാണാതെയല്ല പുടിന്‍ സൗദിയിലേക്കും യുഎഇയിലേക്ക് വന്നത്: ലക്ഷ്യം പലത്, അടി അമേരിക്കയ്ക്ക്
റിയാദ്: ഗള്‍ഫ് മേഖലയിലെ ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ബുധനാഴ്ച അബുദാബിയിലും റിയാദിലും സന്ദർശനം നടത്തിയ പുടിന്‍ അടുത്ത ദിവസം തന്നെ ക്രെംലിനിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിക്കുമായി ചർച്ച നടത്തുകയും ചെയ്തു. 2022 ഫെബ്രുവരിയിൽ റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തിനു ശേഷം പുടിൻ സന്ദർശിച്ച വിദേശ രാജ്യങ്ങള്‍ ചൈനയും ഇറാനും മാത്രമായിരുന്നു.
സൗദിയും റഷ്യയും ചേർന്നാണ് ലോകത്ത് പ്രതിദിനം വിതിരണം ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ അഞ്ചിലൊന്നും നിയന്ത്രിക്കുന്നത്. എണ്ണയുടെ ഉയർന്ന വില ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ്സിനെ ശക്തിപ്പെടുത്തുകയും സൗദി സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ എണ്ണ വിലയിലെ ഇടിവ് ഇരു രാജ്യങ്ങളേയും വലിയ രീതിയില്‍ തന്നെ ബാധിക്കുകയും ചെയ്യും.

റഷ്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ട് കൂടിയാണ് പുടിന്റെ ഗള്‍ഫ് സന്ദർശനങ്ങള്‍. റഷ്യയിലെ പഴയ നിയമങ്ങള്‍ പരിഷ്കരിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ 2036 വരെ അധികാരത്തില്‍ തുടരാനുള്ള സാഹചര്യം പുടിനുണ്ട്. പാശ്ചാത്യ വിലക്കിന്റെ സാഹചര്യത്തില്‍ ലോകത്ത് റഷ്യ ഒപ്പിട്ടിട്ടില്ലെന്ന് സ്വന്തം രാജ്യക്കാർക്ക് മുന്നില്‍ വ്യക്തമാക്കാന്‍ കൂടിയാണ് പുടിന്റെ വിദേശ രാജ്യ സന്ദർശനങ്ങള്‍.
റഷ്യൻ ബിസിനസുകളുടെ പ്രധാന അന്തർദേശീയ കേന്ദ്രമായും പാശ്ചാത്യ ഉപരോധങ്ങൾ മറികടക്കുന്നതിനുള്ള പ്രധാന വഴിയായും യു എ ഇ മാറിയിട്ടുണ്ട്. റഷ്യയും യുഎഇയും തമ്മിലുള്ള ചരക്കുകളുടെ വിറ്റുവരവ് 2022 ൽ 68 ശതമാനമായിട്ടാണ് ഉയർന്നത്. ഈ വർഷവും ഇത് ഗണ്യമായ തോതില്‍ വർധിക്കുമെന്നാണ് പ്രതീക്ഷ.
യു എ ഇയും സൌദിയും ഈ മേഖലയിലെ അമേരിക്കയുടെ പ്രധാന പങ്കാളികൾ കൂടിയാണ് എന്നതാണ് ശ്രദ്ധേയം. ഈ സാഹചര്യത്തില്‍ മേഖലയില്‍ റഷ്യയുടെ സ്വാധീനം വർധിപ്പിക്കുകയെന്നത് പുടിന്റെ ദീർഘകാല സ്വപ്നം കൂടിയാണ്. യു എ ഇ വഴി റഷ്യയുടെ ക്രൂഡ് ഓയിലുകള്‍ യുറോപ്യന്‍ രാജ്യങ്ങളിലേക്ക് വരെ എത്തുകയും ചെയ്യുന്നുണ്ട്. ഇറാനുമായുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുടെ തർക്കങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യവും പുടിനുണ്ട്.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ റഷ്യയും സൗദി അറേബ്യയും ഒപെക് രാഷ്ട്രങ്ങളോട് ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ വെള്ളിയാഴ്ച രാവിലെ ആദ്യ വ്യാപാരത്തിൽ ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ നേട്ടമുണ്ടാക്കുകയും ചെയ്തു. അതേസമയം, ഡിമാൻഡ് കുറയുകയും ആഗോള വിതരണത്തിലെ വർദ്ധനവും കാരണം ക്രൂഡ് ഓയിലിന് ഈ ആഴ്ചയിൽ 5 ശതമാനത്തിലധികം ആകെ നഷ്ടമുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications