ഖത്തറില്‍ കാത്തിരിക്കുന്നു കൂറ്റന്‍ കപ്പല്‍!! ഒരു രാത്രിക്ക് 350 ഡോളര്‍... അമ്പരപ്പിക്കും സൗകര്യങ്ങള്‍
ദോഹ: മഹാ അത്ഭുതങ്ങളുടെ നാടായി മാറുകയാണ് ഖത്തര്‍. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങളോട് അനുബന്ധിച്ച് അമ്പരപ്പിക്കുന്ന സൗകര്യങ്ങളാണ് ഖത്തര്‍ ഒരുക്കുന്നത്. അതിലൊന്നാണ് എടുത്തുപറയേണ്ട കൂറ്റന്‍ ആഡംബര കപ്പല്‍. എംഎസ്‌സി യൂറോപ്പ എന്നാണ് ഈ കപ്പലിന്റെ പേര്. കെട്ടിലും മട്ടിലും പണം വാരി വിതറിയിട്ടുണ്ടെന്ന് ഒറ്റനോട്ടത്തില്‍ പറയാന്‍ സാധിക്കും.
ഖത്തറിലെത്തുന്നവര്‍ ഇപ്പോള്‍ യൂറോപ്പ കപ്പലില്‍ ഒന്ന് കയാറാന്‍ സാധിക്കുമോ എന്നാണ് എല്ലാവരും ആരായുന്നത്. ഏറ്റവും കുറഞ്ഞത് ഒരാള്‍ക്ക് ഒരു രാത്രിക്ക് 350 ഡോളര്‍ വേണം. വിശദാംശങ്ങള്‍ ഇങ്ങനെ...

സാധാരണ മുറികളിലെ വാടകയാണ് രാത്രിയ്ക്ക് 350 ഡോളര്‍ എന്നത്. ആഡംബര മുറികള്‍ക്ക് ആയിരത്തിലധികം ഡോളര്‍ ചെലവ് വരും. ദോഹ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പല്‍ പശ്ചിമേഷയില്‍ ചുറ്റിയടിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ പങ്കാളിത്തതോടെയാണ് എംഎസ്‌സി ഗ്രൂപ്പ് കപ്പല്‍ ദോഹയിലെത്തിയതിന്റെ ആഘോഷം കെങ്കേമമാക്കിയത്.

ഇന്നുള്ളതില്‍ വച്ച് ഏറ്റവും അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയ കപ്പലാണ് എംഎസ്‌സി യൂറോപ്പ എന്ന് കമ്പനി പറയുന്നു. സാധാരണ ഇത്തരം കപ്പലുകള്‍ പഴി കേള്‍ക്കുന്നത് പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കും എന്ന പേരിലാണ്. എന്നാല്‍ യൂറോപ്പയുടെ കാര്യത്തില്‍ അതുണ്ടാകില്ല. കാരണം പരിസ്ഥിതി ആഘാതം ഏറ്റവും കുറഞ്ഞ നിലയിലാണ് ഇതിന്റെ പ്രവര്‍ത്തനം.

പ്രകൃതി വാതക ഇന്ധനം ഉപയോഗിച്ചാണ് യൂറോപ്പയുടെ യാത്ര. മാത്രമല്ല, കടല്‍ ജലം ശുദ്ധീകരിച്ചാണ് വെള്ളം ഉപയോഗിക്കുന്നത്. ഉപയോഗ ശേഷമുള്ള മലിന ജലം ശുദ്ധീകരിച്ച ശേഷം കടലില്‍ ഒഴുക്കുകയും ചെയ്യുന്നു. 333 മീറ്റര്‍ നീളമുള്ള കപ്പലില്‍ 2626 കാബിനുകള്‍ ഒരുക്കിയിട്ടുണ്ട്. 47 മീറ്റര്‍ വീതിയില്‍ 22 നിലകളാണ് കപ്പലിനുള്ളത്. ഉദ്ഘാടന സീസണില്‍ ഏഴ് ദിവസത്തെ പശ്ചിമേഷ്യന്‍ പര്യടനമാണ് യൂറോപ്പ ലക്ഷ്യമിട്ടിരിക്കുന്നത്.

ദുബായ്, അബുദാബി, ദമ്മാം, ദോഹ എന്നിവിടങ്ങളിലേക്കാണ് ആദ്യ സീസണിലെ കപ്പലിന്റെ യാത്ര. ഡിസംബര്‍ 20ന് ദോഹയില്‍ നിന്ന് ദുബായിലേക്കായിരിക്കും യാത്രയുടെ തുടക്കം. ദുബായില്‍ നിന്ന് മധ്യധരണ്യാഴിയിലൂടെ ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ പ്രമുഖ തീരങ്ങളിലേക്കും യാത്ര തിരിക്കും. 33 റസ്റ്ററന്റുകളാണ് കപ്പലിലുള്ളത്. ആറ് നീന്തല്‍കുളങ്ങളും.

നിലവില്‍ ലോകകപ്പിന്റെ ആദ്യ ദിനങ്ങളില്‍ കപ്പലിലെ മുറികളെല്ലാം ബുക്ക് ചെയ്തിട്ടുണ്ട്. നോക്കൗണ്ട് ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ മുറികള്‍ ഒഴിവ് വരുമെന്നാണ് കരുതുന്നത്. അതേസമയം, മറ്റൊരു കപ്പല്‍ കൂടി ദോഹയില്‍ എത്തിയിരിക്കുകയാണ്. എംഎസ്‌സി പൊയേസ്യ എന്ന കപ്പലാണ് എത്തിയിട്ടുള്ളത്. ഫുട്‌ബോള്‍ ആരാധകര്‍ക്കുള്ള താമസത്തിന് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനാണിത്.

മൂന്ന് നീന്തല്‍ കുളം, ഒരു സിനിമാ ഹാള്‍, ആരോഗ്യ കേന്ദ്രം, ജിംനേഷ്യം, ടെന്നിസ്, ബാസ്‌ക്കറ്റ് ബാള്‍ കോര്‍ട്ടുകള്‍ എന്നിവയും പോയേസ്യ കപ്പലിലുണ്ട്. ദോഹയിലെ ഗ്രാന്റ് സ്‌റ്റേഷനിലാണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. സൂഖ് വാഖിഫില്‍ നിന്നും ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയത്തില്‍ നിന്നും വിനോദ സഞ്ചാരികള്‍ക്ക് വേഗത്തില്‍ എത്താന്‍ പാകത്തിലുള്ള ദൂരത്തിലാണ് പൊയേസ്യ കപ്പലുള്ളത്.

ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം അവിസ്മരണീയമാക്കാനുള്ള എല്ലാ ഒരുക്കവും ഖത്തര്‍ ഭരണകൂടം നടത്തിയിട്ടുണ്ട്. എട്ട് സ്‌റ്റേഡിയങ്ങളിലായി നടക്കുന്ന മല്‍സരങ്ങള്‍ വീക്ഷിക്കാന്‍ 15 ലക്ഷത്തോളം പേര്‍ ഒരു മാസത്തിനിടെ രാജ്യത്തെത്തുമെന്ന് കരുതുന്നു. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് മല്‍സരങ്ങള്‍. ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മല്‍സരം.












Click it and Unblock the Notifications