ഇന്ത്യക്കൊപ്പം കൈകോര്‍ത്ത് യുഎഇ; മോദിയുടെ സന്ദര്‍ശനത്തില്‍ വമ്പന്‍ പദ്ധതികള്‍, 'യഥാര്‍ത്ഥ സുഹൃത്ത്'
ദുബായ്: യുഎഇയില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി- പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കൂടിക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞത് വമ്പന്‍ തീരുമാനങ്ങള്‍. രാഷ്ട്രപതി ഭവനില്‍ പ്രൗഢഗംഭീരമായ സ്വീകരണമാണ് നരേന്ദ്ര മോദിക്ക് ലഭിച്ചത്. സുപ്രധാനമായ ധാരണാപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പ് വെച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം കറന്‍സികളില്‍ വ്യാപാരം ആരംഭിക്കാന്‍ തങ്ങള്‍ ധാരണയിലെത്തിയതായി മോദിയും യുഎഇ പ്രസിഡന്റും അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാമ്പത്തിക സഹകരണവും പരസ്പര വിശ്വാസവുമാണ് ഇത് കാണിക്കുന്നതെന്ന് മോദി പറഞ്ഞു. 'ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തുന്നതില്‍ വലിയ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ഊര്‍ജവും വികസന കാഴ്ചപ്പാടും പ്രശംസനീയമാണ്. സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ഉള്‍പ്പെടെ ഇന്ത്യ-യുഎഇ ബന്ധങ്ങളുടെ വിവിധ തലങ്ങള്‍ ചര്‍ച്ച ചെയ്തു,' മോദി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചതിന് ശേഷം ഇന്ത്യ-യുഎഇ വ്യാപാരത്തില്‍ 20% വര്‍ധനയുണ്ടായതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അല്‍ നഹ്യാനില്‍ നിന്ന് തനിക്ക് ഒരു സഹോദരന്റെ സ്‌നേഹം ലഭിച്ചുവെന്നും ഇന്ത്യക്കാര്‍ അദ്ദേഹത്തെ ഒരു യഥാര്‍ത്ഥ സുഹൃത്തായി കാണുന്നുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
അതിനിടെ അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ക്കായി പ്രാദേശിക കറന്‍സികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പേയ്മെന്റ്, സന്ദേശമയയ്ക്കല്‍ സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനും ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും യു എ ഇ സെന്‍ട്രല്‍ ബാങ്കും രണ്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കുകയും ചെയ്തു. ഇത് ഇന്ത്യ-യുഎഇ സഹകരണത്തിന്റെ വളരെ പ്രധാനപ്പെട്ട വശമാണെന്ന് മോദി ചൂണ്ടിക്കാട്ടി.
മെച്ചപ്പെട്ട സാമ്പത്തിക സഹകരണത്തിന് വഴിയൊരുക്കുകയും അന്താരാഷ്ട്ര സാമ്പത്തിക ഇടപെടലുകള്‍ ലളിതമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അബുദാബിയില്‍ പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു ശാഖ സ്ഥാപിക്കാനുള്ള പദ്ധതിക്കായി ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രാലയങ്ങളും ഐഐടി ഡല്‍ഹിയും തമ്മില്‍ മറ്റൊരു ധാരണാപത്രവും ഒപ്പുവെച്ചിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനമായ കോപ് 28 ന്റെ നേതൃത്വം ഈ വര്‍ഷം യുഎഇ ഏറ്റെടുക്കുമെന്നും താനും അതില്‍ പങ്കാളിയാകുമെന്നും മോദി പറഞ്ഞി. കോപ് 28 നിയുക്ത പ്രസിഡന്റ് സുല്‍ത്താന്‍ അല്‍ ജാബറുമായി മോദി കൂടിക്കാഴ്ച നടത്തുകയും കാലാവസ്ഥാ സമ്മേളനത്തിന് യുഎഇയുടെ പ്രസിഡന്റ് സ്ഥാനത്തിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തു.












Click it and Unblock the Notifications