ഇംഗ്ലീഷ് സംസാരിക്കുന്നില്ല, ഇവരെ നാടുകടത്തണം; ഇന്ത്യക്കാര്‍ക്കു നേരെ ബ്രിട്ടീഷ് സ്ത്രീയുടെ അധിക്ഷേപം
ലണ്ടന്‍: ഇംഗ്ലീഷ് ഭാഷയുടെ പേരില്‍ യുകെയില്‍ ഇന്ത്യന്‍ ജീവനക്കാര്‍ക്ക് നേരെ ബ്രിട്ടീഷ് സ്ത്രീയുടെ അധിക്ഷേപം. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലെ ജീവനക്കാര്‍ക്കാണ് അധിക്ഷേപം നേരിടേണ്ടി വന്നത്. ഇംഗ്ലീഷ് സംസാരിക്കാത്തതിന്റെ പേരിലായിരുന്നു പരിഹാസം.
ജീവനക്കാരെ അധിക്ഷേപിച്ചതിന് പിന്നാലെ ബ്രിട്ടീഷ് സ്ത്രീ എക്‌സിലിട്ട പോസ്റ്റും വ്യാപക പ്രതിഷേധത്തിന് കാരണമായി. ഇംഗ്ലീഷ് സംസാരിക്കാത്ത ഇന്ത്യന്‍ / ഏഷ്യന്‍ ജീവനക്കാര്‍ ഹീത്രു വിമാനത്താവളത്തില്‍ ജോലി ചെയ്യുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ബ്രിട്ടീഷ് സ്ത്രീ ചോദിച്ചത്.

ഹീത്രൂവില്‍ വന്നിറങ്ങിയ ശേഷം വിമാനത്താവളത്തിലെ ജീവനക്കാരില്‍ ഭൂരിപക്ഷവും ഇന്ത്യന്‍ അല്ലെങ്കില്‍ ഏഷ്യന്‍ വംശജരാണെന്നത് താന്‍ പ്രത്യേകം ശ്രദ്ധിച്ചുവെന്ന് ലൂസി വൈറ്റ് എക്‌സില്‍ കുറിച്ചു. അവര്‍ ഇംഗ്ലീഷ് സംസാരിക്കുന്നില്ലെന്നും ലൂസി കുറ്റപ്പെടുത്തി.
ഇംഗ്ലീഷ് സംസാരിക്കാന്‍ താന്‍ അവരോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ വംശീയവാദിയാണെന്ന് ജീവനക്കാര്‍ മറുപടി നല്‍കിയതായി ലൂസി ആരോപിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കണം എന്ന് താന്‍ പറയുന്നത് ശരിയാണെന്ന് അവര്‍ക്ക് അറിയാമെന്നും എന്നാല്‍ അവര്‍ ജാതിക്കാര്‍ഡ് ഇറക്കുകയാണെന്നും ബ്രിട്ടീഷ് സ്ത്രീ എക്‌സില്‍ കുറിച്ചു.
ഇംഗ്ലീഷ് സംസാരിക്കാത്തവരെയെല്ലാം നാടുകടത്തണമെന്നു പറഞ്ഞാണ് ബ്രിട്ടീഷ് സ്ത്രീ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇത്തരം തൊഴിലാളികള്‍ യുകെയുടെ തലസ്ഥാനത്തു തന്നെയുള്ളത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിക്കുന്നുണ്ട്.
ബ്രിട്ടീഷ് സ്ത്രീയുടെ വംശീയമായ അധിക്ഷേപത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യക്കാരെ അധിക്ഷേപിക്കുന്ന പോസ്റ്റ് ഇതിനകം സമൂഹ മാധ്യമത്തില്‍ വൈറല്‍ ആയിട്ടുണ്ട്. ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളെ നേരിടുന്ന വംശീയ വിവേചനം സംബന്ധിച്ച ചൂടേറിയ ചര്‍ച്ചകള്‍ക്കും ഈ പോസ്റ്റ് വഴിതെളിച്ചിട്ടുണ്ട്.
ചിലര്‍ ബ്രിട്ടീഷ് സ്ത്രീയെ അനുകൂലിച്ച് പ്രതികരിക്കുന്നുണ്ട്. 'ഞാന്‍ അവസാനമായി ഹീത്രൂവിലൂടെ പോയപ്പോള്‍, ഒരു ഇംഗ്ലീഷുകാരനെ കണ്ടുമുട്ടാന്‍ രണ്ട് മണിക്കൂറിലധികം സമയമെടുത്തുവെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. വിമാനത്താവളത്തിലെ ജീവനക്കാര്‍ എല്ലാവരും ദക്ഷിണേഷ്യക്കാരോ ആഫ്രിക്കക്കാരോ ആയിരുന്നു. ഊബര്‍ ഡ്രൈവര്‍ റൊമാനിയന്‍ ആയിരുന്നു - ഇതായിരുന്നു ഒരു എക്‌സ് ഉപയോക്താവിന്റെ പ്രതികരണം.
അതേസമയം മറ്റൊരു ഉപയോക്താവ് ബ്രിട്ടീഷ് സ്ത്രീയെ ചോദ്യം ചെയ്യുന്നുണ്ട്. 'നിങ്ങള്‍ വംശീയവാദിയാണെന്ന് ജീവനക്കാര്‍ ഇംഗ്ലീഷില്‍ പറഞ്ഞോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. യുകെയില്‍ സമീപകാലത്തായി ഇന്ത്യക്കാരെ അധിക്ഷേപിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications