ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള പ്രായം 16; പുതിയ പരിഷ്‌കാരവുമായി ഈ രാജ്യം
ടോക്കിയോ: ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പ്രായപരിധി 16 ആക്കി ഉയര്‍ത്തി ജപ്പാന്‍. പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടത്. മനുഷ്യാവകാശ സംഘടനകള്‍ പരിഷ്‌കാരത്തെ സ്വാഗതം ചെയ്യുകയും രാജ്യത്തിന്റെ നീതിനിര്‍വഹണത്തില്‍ വലിയൊരു കുതിച്ചുചാട്ടമാണിതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
നേരത്തെ ജപ്പാനില്‍ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പ്രായപരിധി 13 ആയിരുന്നു. 16 വയസിന് താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കുമെന്നും ജപ്പാന്‍ പാര്‍ലമെന്റ് വ്യക്തമാക്കി. പ്രായപൂര്‍ത്തിയായവര്‍ കൊച്ചുകുട്ടികള്‍ക്കെതിരെ നടത്തുന്ന ലൈംഗികാതിക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന സന്ദേശം സമൂഹത്തിന് നല്‍കാന്‍ ഈ പരിഷ്‌കരണം സഹായിക്കുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.

അതേസമയം പുതിയ നിയമമനുസരിച്ച്, രണ്ട് പങ്കാളികളും 13 വയസിന് മുകളിലാണെങ്കില്‍ പ്രായവ്യത്യാസം അഞ്ച് വയസില്‍ കൂടാത്ത കൗമാരക്കാരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കും. 1907 മുതല്‍ ജപ്പാനില്‍ 13 വയസാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം. ഒരു നൂറ്റാണ്ടിലേറെയായി മനുഷ്യാവകാശ സംഘടനകള്‍ ഈ നിയമം പരിഷ്‌കരിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്.
ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പ്രായപരിധി പല രാജ്യങ്ങളിലും വ്യത്യസ്തമാണ്. ബ്രിട്ടനില്‍ 16 ഉം ജര്‍മ്മനിയിലും ചൈനയിലും 14 ഉം ആണ് പ്രായപരിധി. ഇന്ത്യയില്‍ ഇത് 18 ആണ്. അതേസമയം ഇന്ത്യയില്‍ ഇത് 16 ആയി പുനര്‍നിശ്ചയിക്കാന്‍ നീക്കം നടക്കുന്നതായാണ് വിവരം. ജപ്പാന്‍ അവസാനമായി ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ക്രിമിനല്‍ കോഡ് പരിഷ്‌കരിച്ചത് 2017-ലാണ്.
പാര്‍ലമെന്റ് പാസാക്കിയ ബില്ലില്‍ ബലാത്സംഗ പ്രോസിക്യൂഷന്‍ നടത്താവുന്ന ഉദാഹരണങ്ങളുടെ പട്ടികയും നല്‍കിയിട്ടുണ്ട്. ഇരകള്‍ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയിലായിരിക്കുക, ഭീഷണിക്ക് വിധേയമാകുക, കുറ്റവാളികള്‍ അവരുടെ സാമൂഹിക പദവി മുതലെടുക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ നിയമപ്രകാരം, 16 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികാവശ്യങ്ങള്‍ക്കായി വശീകരിക്കുകയോ പണം നല്‍കുകയോ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും 3 ലക്ഷം രൂപ പിഴയും ലഭിക്കും.
അതേസമയം സ്വകാര്യതാ ലംഘനം ആദ്യമായി ക്രിമിനല്‍ കുറ്റമാക്കുന്ന പരിഷ്‌കാരവും ഇന്ന് പാര്‍ലമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യായമായ കാരണമില്ലാതെ സ്വകാര്യ ശരീരഭാഗങ്ങള്‍, ഉള്‍വസ്ത്രങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍ പകര്‍ത്തിയതിന് കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവോ 18 ലക്ഷം രൂപ വരെ പിഴയോ ലഭിക്കും. പുതിയ പരിഷ്‌കാരത്തെ ജപ്പാന്‍ ജനത സ്വാഗതം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications