ഇത് ക്രിമിനൽ നടപടി; വെനസ്വേലയിലെ യുഎസ് ആക്രമണത്തെ അപലപിച്ച് ലോകനേതാക്കൾ
വെനസ്വേലയിൽ അമേരിക്ക നടത്തിയ വൻ സൈനികാക്രമണത്തെ അപലപിച്ച് ആഗോള നേതാക്കൾ. യുഎസ് നീക്കം അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുമെന്നും മേഖലയുടെ സ്ഥിരതയെ തകർക്കുമെന്നും പല രാജ്യങ്ങളും മുന്നറിയിപ്പ് നൽകി.
'വെനസ്വേല ആക്രമിക്കപ്പെട്ടു, ലോകം സമാധാനം, നിയമം, മനുഷ്യജീവന്റെ സംരക്ഷണം എന്നിവയ്ക്ക് മുൻഗണന നൽകണം', കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആഹ്വാനം ചെയ്തു. യുഎസ് നടപടിയെ 'ക്രിമിനൽ ആക്രമണം' എന്നാണ് ക്യൂബ വിശേഷിപ്പിച്ചത്. വാഷിങ്ടണ്‍ തീവ്രവാദം നടത്തുകയാണെന്നും ക്യൂബ കുറ്റപ്പെടുത്തി. യുഎസ് നടപടി വെനസ്വേലയുടെ പരമാധികാര ലംഘനമാണെന്നാണ് ഇറാൻ വിമർശനം. റഷ്യയും ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി.

ഏകപക്ഷീയ നീക്കങ്ങൾ സ്ഥിരത തകർക്കുമെന്ന് റഷ്യൻ ഡെപ്യൂട്ടി സ്പീക്കർ കോൺസ്റ്റാന്റിൻ കോസാച്ചേവ് ടെലിഗ്രാമിൽ കുറിച്ചു. ഏകപക്ഷീയമായ നടപടികളല്ല, അന്താരാഷ്ട്ര നിയമങ്ങളാണ് ആഗോള ക്രമത്തെ നയിക്കേണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സംഭവത്തിന് ശേഷം ഒരു മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥനിൽ നിന്നുള്ള ആദ്യത്തെ ഔദ്യോഗിക പ്രതികരണമായിരുന്നു കൊസാച്ചേവിന്റെ പ്രസ്താവന. പിരിമുറുക്കം ലഘൂകരിക്കാനും രാഷ്ട്രീയ പരിഹാരത്തിന് മദ്ധ്യസ്ഥത വഹിക്കാനും സ്പെയിൻ സന്നദ്ധത പ്രകടിപ്പിച്ചു.
യു എസ് നടത്തിയത് 'വളരെ ഗുരുതരമായ സൈനിക ആക്രമണമാണ് വെനിസ്വേല പ്രതികരിച്ചു. ദേശീയ പരമാധികാരം യു എസ് ലംഘിച്ചതായും വെനിസ്വേല കുറ്റപ്പെടുത്തി. പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും കൂട്ടായ സൈനിക നടപടികളിലൂടെ പിടികൂടി രാജ്യത്തുനിന്ന് നീക്കിയെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടത്. മഡുറോയെ അമേരിക്കൻ സൈന്യത്തിന്റെ ഡെൽറ്റ ഫോഴ്‌സിന്റെ ഒരു പ്രത്യേക വിഭാഗം തടവിലാക്കിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ അവകാശവാദം ആദ്യം വെനസ്വേല തള്ളിയിരുന്നു. അതേസമയം മഡുറോയേയും ഭാര്യ സിലിയ ഫ്‌ലോറസിന്റെയും വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് വെനസ്വേല വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു. മഡുറോ ജീവനോടെയുണ്ടോ എന്നതിനു തെളിവ് നൽകണമെന്ന് വെനസ്വേല സർക്കാർ യുഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുലർച്ചെയോടെയാണ് വെനസ്വേലയിൽ യുഎസ് ആക്രമണം നടത്തിയത്. കാരക്കാസ്, മിറാൻഡ, അരാഗ്വ, ലാ ഗ്വെയ്ര എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. ഇതിന് പിന്നാലെയാണ് മറുഡോയയേയും ഭാര്യയേയും കാണാതായത്. ലഹരിമരുന്നു കടത്തും ആയുധ ഇടപാടും അടക്കമുള്ള ക്രിമിനൽ കുറ്റങ്ങൾ ചുമത്തി മഡുറോയെ യുഎസിൽ വിചാരണ ചെയ്തേക്കുമെന്നാണ് റിപബ്ലിക്കൻ സെനറ്റർമാരെ ഉദ്ധരിച്ച് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.












Click it and Unblock the Notifications