ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ പ്രയോഗിച്ചത് ഈ തന്ത്രം; അതിനുള്ള ശക്തി എനിക്കുണ്ടെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ പലപ്പോഴായി തള്ളിക്കളഞ്ഞ അവകാശവാദമാണ് ട്രംപ് ആവര്‍ത്തിക്കുന്നത്. താരിഫ് ചുമത്തിയതിന്റെയും വ്യാപാര നയങ്ങളുടെയും ഫലമായാണ് സംഘര്‍ഷം അവസാനിച്ചതെന്നും കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ട്രംപ് പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിച്ചത് ട്രംപിന്റെ ഇടപെടല്‍ മൂലമാണെന്ന അവകാശവാദം ഇന്ത്യയില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് ബിജെപിക്ക് എതിരേയുള്ള ആയുധമായി ഉപയോഗിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മൂന്നാം കക്ഷി ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും പാകിസ്ഥാന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് സംഘര്‍ഷം അവസാനിച്ചതെന്നും ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു. ഇരു രാജ്യങ്ങളുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തമ്മിലുള്ള ചര്‍ച്ചകളിലൂടെയാണ് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ലോക നേതാവും ഇന്ത്യയോട് ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇന്ത്യയുടെ തീരുമാനത്തില്‍ അമേരിക്ക ഒരു പങ്കും വഹിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിലും വ്യക്തമാക്കി. എന്നാല്‍ ആഗോള തലത്തില്‍ സമാധാന ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് താനാണെന്നും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് തനിക്ക് അര്‍ഹതയുണ്ടെന്നുമാണ് ട്രംപിന്റെ വാദം.
ഞങ്ങള്‍ സമാധാനപാലകരാണെന്നും വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആയുധമാക്കിയത് താരിഫ് നയങ്ങളാണെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ വാക്കുകള്‍: ഞങ്ങള്‍ സമ്പന്ന രാജ്യവും ലോക ശക്തിയുമാണ്. ഞാന്‍ കാരണം ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. അത് സാധിച്ചത് വ്യാപാര നയങ്ങളിലൂടെയും താരിഫുകളിലൂടെയുമാണ്. എനിക്ക് താരിഫുകള്‍ ചുമത്താനുള്ള ശക്തി ഇല്ലായിരുന്നുവെങ്കില്‍ ആ ഏഴ് യുദ്ധങ്ങളില്‍ നാലെണ്ണം ഇപ്പോഴും തുടരുമായിരുന്നു.
ഉദാഹരണത്തിന് ഇന്ത്യയുടെയും പാകിസ്ഥാന്റെയും കാര്യമെടുത്താല്‍ അവര്‍ യുദ്ധം തുടരാന്‍ തയ്യാറായിരുന്നു. അവര്‍ ഏഴ് വിമാനങ്ങള്‍ വെടിവച്ചു. പക്ഷേ ഞങ്ങളുടെ ഇടപെടല്‍ ഫലപ്രദമായിരുന്നു. തീരുവകള്‍ കാരണം സമാധാനമുണ്ടായി എന്നു മാത്രമല്ല, ഞങ്ങള്‍ നൂറുകണക്കിന് കോടിക്കണക്കിന് ഡോളര്‍ സമ്പാദിക്കുകയും ചെയ്തു.
ഇന്ത്യ-പാക് സംഘര്‍ഷം കൂടാതെ അര്‍മേനിയയും അസര്‍ബൈജാനും, കൊസോവോയും സെര്‍ബിയയും ഇസ്രായേല്‍, ഇറാന്‍, ഈജിപ്റ്റ്, എത്യോപ്യ, റുവാണ്ട, കോംഗോ എന്നിവ ഉള്‍പ്പെടുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചതിലും തന്റെ നിര്‍ണായക ഇടപെടലുണ്ടെന്ന് ട്രംപ് പറയുന്നു. 60 ശതമാനം സംഘര്‍ഷങ്ങളും അവസാനിച്ചത് ഞങ്ങളുടെ വ്യാപാര നയങ്ങള്‍ മൂലമാണ് - ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിച്ചതിന്റെ ക്രെഡിറ്റ് ട്രംപ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ഇതാദ്യമല്ല. ആഴ്ചകള്‍ക്ക് മുമ്പ്, അമേരിക്കയില്‍ നടന്ന ഒരു അത്താഴ വിരുന്നിലും ട്രംപ് സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹതപ്പെട്ട സ്ഥാനാര്‍ത്ഥിയായി സ്വയം ഉയര്‍ത്തിക്കാട്ടിയത് ഇന്ത്യ-പാക് സംഘര്‍ഷം ചൂണ്ടിക്കാട്ടിയായിരുന്നു.
ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ നിരപരാധികളായ ജനങ്ങള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ-പാക് സംഘര്‍ഷം ആരംഭിക്കുന്നത്. 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദികളാണ് ആക്രമണം നടത്തിയത്. മെയ് ഏഴിനാണ് പാകിസ്ഥാനിലെ പ്രധാന ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചുകൊണ്ട് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയത്.












Click it and Unblock the Notifications