തോമസ് മാത്യു ക്രൂക്സ് സ്കൂളിൽ കണക്കിൽ മിടുക്കൻ, രേഖകളിൽ റിപ്പബ്ലിക്കൻ; വെടിവെക്കാനുണ്ടായ കാരണം തേടി എഫ്ബിഐ
വാഷിങ്ടൺ; മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വെടിവെച്ച ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സ്കൂളിൽ കണക്കിൽ മിടുക്കനായ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയ വിദ്യാർത്ഥിയാണ് ക്രൂക്സ് എന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2022-ൽ ബെഥേൽ പാർക്ക് ഹൈസ്‌കൂളിൽ നിന്ന് ക്രൂക്സ് ബിരുദം നേടിയത്. ദേശീയ മാത് ആൻ്റ് സയൻസ് ഇനിഷ്യേറ്റീവിൽ നിന്ന് 500 ഡോളർ സ്റ്റാർ അവാർഡും ഇയാൾക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാന വോട്ടർ രേഖകൾ പ്രകാരം റിപ്പബ്ലിക്കൻ എന്നാണ് ഇയാൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബട്‌ലറിൽ ഷൂട്ടിംഗ് നടന്ന സ്ഥലത്ത് നിന്ന് ഒരു മണിക്കൂർ അകലെയാണ് ക്രൂക്ക്‌സ് താമസിച്ചിരുന്നതെന്നും യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ അറിയിച്ചു.

2021 ലെ ഫെഡറൽ ഇലക്ഷൻ കമ്മീഷൻ ഫയലിംഗനുസരിച്ച്, ഇടതുപക്ഷ ചായ്‌വുള്ള, ഡെമോക്രാറ്റിക് രാഷ്ട്രീയക്കാർക്കായി പണം സ്വരൂപിക്കുന്ന ഒരു പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയായ ആക്ട് ബ്ലീവിന് 15 ഡോളർ ഇയാൾ സംഭവാന നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഡെമോക്രാറ്റുകളെ വോട്ടിനായി അണിനിരത്തുന്ന ദേശീയ ഗ്രൂപ്പായ പ്രോഗ്രസീവ് ടേൺഔട്ട് പ്രോജക്റ്റിന് വേണ്ടിയാണ് ഈ സംഭാവന നീക്കിവെച്ചിരുന്നത്. ആക്രമ സംഭവത്തിന് ശേഷം സംഘടയുമായി മാധ്യമങ്ങൾ ബന്ധപ്പെട്ടെങ്കിലും ഇത് സംബന്ധിച്ച് അവർ പ്രതികരിക്കാൻ തയ്യാറായില്ല.
ക്രൂക്സിനെ തിരിച്ചറിയാനുള്ള യാതൊരു രേഖകളും വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ക്രൂക്സിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുകയാണെന്ന് എഫ്ബിഐ പ്രത്യേക ഏജൻ്റ് ഇൻ ചാർജ് കെവിൻ റോജെക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
AR-15 സെമി ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ചാണ് തോമസ് മാത്യു ക്രൂക്സ് ട്രംപിന് നേരെ നിറയൊഴിച്ചത്. റെലി നടന്ന സ്ഥലത്തിന് നിന്ന് 200 മീറ്റർ ദൂരെയുള്ള ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിലായിരുന്നു ഇയാൾ ഉണ്ടായിരുന്നത്. നിരവധി തവണ ഇയാൾ വെടിയുതിർത്തതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. ഇതിലൊന്നാണ് ട്രംപിന്റെ വലതു ചെവിയുടെ മുകൾ ഭാഗത്ത് കൊണ്ടത്. തലനാരിഴ വ്യത്യസത്തിലാണ് ട്രംപ് രക്ഷപ്പെട്ടത്. തോമസ് മാത്യു ക്രൂക്സിനെ ഉടൻ സീക്രട്ട് സർവീസ് സംഘം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. മുറിവേറ്റ ട്രംപിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ട്രംപ് ആരോഗ്യവാനാണെന്നും ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.












Click it and Unblock the Notifications