മുങ്ങിനടക്കുന്ന ബിജുവിനെ സഹായിച്ചാൽ വലിയവില നൽകേണ്ടിവരുമെന്ന് ഇസ്രായേലിലെ മലയാളികൾക്ക് മുന്നറിയിപ്പ്
ബിജു കുര്യനെ സഹായിക്കുന്നവർക്ക് മുന്നറിയിപ്പുമായി എംബസി. ഇസ്രായേലിലെ മലയാളികൾക്ക് ആണ് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്.

ജറുസലം: കൃഷി വകുപ്പ് ഇസ്രയേലിലേക്ക് അയച്ച കർഷക സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യനെ സഹായിക്കുന്നവർക്ക് മുന്നറിയിപ്പുമായി എംബസി. ഇസ്രായേലിലെ മലയാളികൾക്ക് ആണ് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. കാർഷിക പഠനത്തിനെത്തി മുങ്ങിയ ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കിൽ അവസാനിപ്പിക്കണം എന്ന് എംബസി നിർദേശം നൽകി. ഇയാൾ ഇപ്പോൾ കീഴടങ്ങി തിരിച്ചുപോകാൻ തയാറായാൽ വലിയ കുഴപ്പുണ്ടാകില്ലെന്നാണ് എംബസി വ്യക്തമാക്കുന്നത്.
അല്ലെങ്കിൽ ബിജു കുര്യനും സഹായിക്കുന്നവരും വലിയ വില നൽകേണ്ടി വരുമെന്നും ബിജു കുര്യന് ഇസ്രായേലിൽ നല്ല ഭാവി ഉണ്ടാവില്ലെന്നും എംബസി മുന്നറിയിപ്പ് നൽകി.
വീസ റദ്ദാക്കി ബിജു കുര്യനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. ഈ കത്തിന് പിന്നാലെയാണ് ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടത്. വീസ കാലാവധി മേയിൽ അവസാനിക്കും ഈയൊരു സാഹചര്യത്തിൽ ഉടൻ നാട്ടിലേക്ക് വന്നാൽ ഇസ്രായേൽ നിയമനടപടികൾ നേരിടേണ്ടി വരില്ല. വീസ് കാലാവധി കഴിഞ്ഞും തുടരാനാണ് തീരുമാനമെങ്കിൽ വലിയ അപകടമുണ്ടാക്കും. ബിജുവിനെ സംരക്ഷിക്കുന്നവരും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും എംബസി പറയുന്നു.
ആധുനിക കൃഷിരീതി പഠിക്കാൻ കേരളത്തിൽ നിന്നുള്ള കർഷക സംഘത്തോടൊപ്പം ഇസ്രയേലിലേക്ക് എത്തിയ കണ്ണൂർ ഇരിട്ടി പേരട്ട കെപി മുക്കിലെ കോച്ചേരിൽ ബിജുവിനെ ഫെബ്രുവരി 17ന് രാത്രി ആയിരുന്നു കാണാതായത്.
കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് ഉടൻതന്നെ ഇന്ത്യൻ എംബസിയെ വിവരം അറിയിക്കുകയും ഇസ്രായേൽ അധികൃതർ ബിജുവിനെ അന്വേഷിച്ചു തുടങ്ങി. ഇയാളെ കാണാതായതാണ് എന്നാണ് കരുതിയതെങ്കിലും പിന്നീട് ഇയാൾ മുങ്ങിയതാണെന്ന് അറിഞ്ഞു.
ഇയാൾ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. ഭാര്യയ്ക്ക് വാട്സാപ്പിൽ സന്ദേശം അയച്ചു. താൻ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞു. ഇതിനു പിന്നാലെ, ബിജുവിനെ ഫോണിൽ കിട്ടാതായെന്ന് സഹോദരൻ ബെന്നി പറഞ്ഞു. എന്തിനാണ് ബിജു കുര്യൻ നാട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നതിന്റെ കാരണം വ്യക്തമല്ല. നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചതെന്നും വിശദമായ പരിശോധനക്ക് ശേഷമാണ് സംഘത്തിലേക്ക് കർഷകരെ തെരഞ്ഞെടുത്തതെന്നും പി.പ്രസാദ് പറഞ്ഞു.
വളരെ ആസൂത്രിതമായാണ് ഇയാൾ മുങ്ങിയതെന്നും മന്ത്രി പറഞ്ഞിരുന്നു. ബിജുവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബിജു ഒഴികെയുള്ള സംഘം 20ന് പുലർച്ചെ നെടുമ്പാശേരിയിൽ മടങ്ങിയെത്തി.












Click it and Unblock the Notifications