ടിം വാൾസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി; പ്രഖ്യാപനവുമായി കമല ഹാരിസ്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ടിം വാൾസിനെ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത് കമല ഹാരിസ്. നിലവിലെ മിനസോട്ട ഗവർണറാണ് അദ്ദേഹം. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഡെമോക്രാറ്റിക് ഗവര്‍ണേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷൻ കൂടിയാണ് വാൾസ്.
നെബ്രാസ്കയിൽ ജനിച്ച 60 കാരനായ വാൾസ് യു എസ് ആർമി നാഷണൽ ഗാർഡിൽ 24 സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാസ്റ്റർ സർജന്റായാണ് അദ്ദേഹം വിരമിച്ചത്. ഭൂമിശാസ്ത്ര അധ്യാപകനായ വാൾസ് മിനസോട്ടയിലെ ഒരു സ്കൂളിൻ്റെ ഫുട്ബോൾ ടീമിനേയും പരിശീലിപ്പിച്ചിട്ടുണ്ട്, 1999-ൽ, സ്കൂളിൻ്റെ ആദ്യത്തെ സ്വവർഗ്ഗാനുരാഗികളുടെ സഖ്യ ചാപ്റ്ററിൻ്റെ ഫാക്കൽറ്റി ഉപദേശകൻ കൂടിയായിരുന്നു വാൾസ്.

2006 ലാണ് അദ്ദേഹം ആദ്യമായി ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2018 ലാണ് ആദ്യമായി മിനിസോട്ടയിൽ നിന്നും ഗവർണറായി തിരഞ്ഞെടുക്കപ്പെടുന്നത്. 2022 ൽ വീണ്ടും വിജയം നേടി. റിപ്പബ്ലിക്കൻമാർക്ക് വലിയ സ്വാധീനമുള്ള ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വാൾസിന് ഗ്രാമീണ ജനതയ്ക്കിടയിൽ ശക്തമായ പിന്തുണയുണ്ടെന്നാണ് സർവ്വേകൾ ചൂണ്ടിക്കാട്ടുന്നത്.
ബൈഡന് വേണ്ടി നേരത്തേ ശക്തമായി നിലകൊണ്ടിരുന്ന നേതാവ് കൂടിയായിരുന്നു വാൾസ്. പിന്നീട് അദ്ദേഹം കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ അവർക്ക് പൂർണപിന്തുണ നൽകുകയാണെന്ന് വാൾസ് വ്യക്തമാക്കുകയായിരുന്നു. റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ നോമിനി ഡൊണാൾഡ് ട്രംപിനെയും അദ്ദേഹത്തിൻ്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ജെ ഡി വാൻസിനെയും നേരത്തേ വാൾസ് രൂക്ഷമായ ഭാഷയിൽ വിർശിച്ചിട്ടുണ്ട്. 'വിചിത്രമായ' സ്വഭാവം ഉള്ളവർ എന്നായിരുന്നു അദ്ദേഹം ഇരുവരേയും വിശേഷിപ്പിച്ചത്.
അതേസമയം ടിം വാൾസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതോടെ ഇനി അമേരിക്കൻ തിരഞ്ഞെടുപ്പ് പോരാട്ടം പൊടിപാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അടുത്ത ദിവസങ്ങളിൽ കമലയ്ക്കൊപ്പം വാൾസും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങും. കമലയ്ക്ക് ശക്തമായ പിന്തുണ നൽകാൻ കഴിയുന്ന വ്യക്തി കൂടിയാണ് വാൾസ് എന്നാണ് രാഷ്ട്രീയ നീരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. തുടക്കം മുതൽ കമല ഹാരിസിനെതിരെ ട്രംപ് ഉയർത്തുന്ന ആരോപണം അവർ കടുത്ത ലിബറലാണെന്നതാണ്. ടിം വാൾസിന് ഈ വാദത്തെ ഒരു പരിധി വരെ പ്രതിരോധിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല കമല ഹാരീസ് ദേശീയ തലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ പ്രാദേശിക തലത്തിൽ ശക്തമായ ഇടപെടൽ നടത്താൻ വാൾസിന് സാധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications